ernakulam local

സ്‌കൂള്‍ കെട്ടിടം രൂപം മാറ്റിയെടുത്ത ദേവാലയത്തിന്റെ കൂദാശ തിങ്കളാഴ്ച



കോതമംഗലം: കെട്ടിട നിര്‍മാണ ചരിത്രത്തില്‍ ആദ്യമായി സ്‌കൂള്‍ കെട്ടിടം പള്ളിയായി രൂപപ്പെടുത്തിയത് ശ്രദ്ധേയമാവുന്നു. കഴിഞ്ഞ 36 വര്‍ഷമായി സ്‌കൂള്‍ കെട്ടിടമായി പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന വിമലഗിരി പബ്ലിക് സ്‌കൂളിന്റെ ഒരു ഭാഗമാണ് ഇപ്പോള്‍ പള്ളിയായി രൂപപ്പെടുത്തിയിട്ടുള്ളത്. സ്‌കൂളിന്റെ സമീപത്ത് ഇടവക പളളി നിര്‍മിക്കുവാന്‍ വിശ്വാസികളും ഇടവക വികാരിയും തീരുമാനമെടുത്തിരുന്നു. പള്ളിയുടെ നിര്‍മാണത്തിനും ഇതിനാവശ്യമായ ഭൂമിക്കുമായി ഭീമമായ തുക വേണ്ടി വരുന്നതിനാല്‍ തീരുമാനം മാറ്റിവയ്ക്കുകയും ചെയ്തു. എന്നാല്‍ ഇടവകക്കാര്‍ക്ക് ഒരു ദേവാലയം വേണമെന്ന തിരിച്ചറിവ് വികാരിയെ മറ്റൊരു തീരുമാനത്തിന് പ്രേരണ നല്‍കി. ഇതേ തുടര്‍ന്ന് പഴയ കെട്ടിടങ്ങള്‍ ഉയര്‍ത്തി ബലപ്പെടുത്തി പുതിയ കെട്ടിടമാക്കി രൂപപ്പെടുത്തുന്ന കൊച്ചി കടവന്ത്രയിലെ സ്വകാര്യകമ്പനിയെ സമീപിക്കുകയായിരുന്നു. വികാരി നടത്തിയ കൂടിക്കാഴ്ചയെ തുടര്‍ന്ന് കമ്പനി ഉടമ ജോസ് ഫ്രാന്‍സിസ് പുതിയ കെട്ടിടം നിര്‍മിക്കുന്നതിന്റെ മൂന്നിലെന്ന് ചെലവില്‍ നിലവിലുള്ള കെട്ടിടം പള്ളിയായി രൂപപ്പെടുത്തി നല്‍കാമെന്ന് അറിയിച്ചു. നിലവിലുണ്ടായിരുന്ന കെട്ടിത്തിന്റെ മുകളിലെ നിലയിലെ സ്‌കൂള്‍ ഓഫിസിന്റെ പ്രവര്‍ത്തനം നിര്‍ത്തി കൊണ്ടാണ് പള്ളിയുടെ നിര്‍മാണം ആരംഭിക്കുന്നത്. 14 മാസം കൊണ്ട് മനോഹരമായ തരത്തില്‍ പള്ളിയുടെ നിര്‍മാണം പൂര്‍ത്തീകരിക്കുവാന്‍ കമ്പനിക്ക് കഴിഞ്ഞു. രാജ്യത്ത് ആദ്യമായാണ് ഒരു സ്‌കൂള്‍ കെട്ടിടം രൂപമാറ്റം വരുത്തി ദേവാലയമാക്കുന്നത്. ആദ്യ ഘട്ടത്തില്‍ സ്‌കൂളിന്റെ ഇരുനില കെട്ടിടം നാലര അടി ഉയര്‍ത്തുകയെന്ന ശ്രമകരമായ ജോലിയാണ് ചെയ്തത്. പിന്നീട്ട് കെട്ടിടത്തിന്റെ അടിത്തറ ബലപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് സ്‌കൂള്‍ കെട്ടിടത്തിന്റെ താഴെത്തെ നിലയില്‍ ദേവാലയത്തിന് ആവശ്യമായ ഹാള്‍ രൂപപ്പെടുത്തുകയായിരുന്നു. നിലവിലുണ്ടായിരുന്ന കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലെ ഭാരം വഹിച്ചിരുന്ന പില്ലര്‍ മാറ്റിയതിന് പകരമായി വശങ്ങളിലുള്ള ഭിത്തിയില്‍ പുതിയതായി നാല് വലിയ പില്ലറുകളും രണ്ട് വലിയ ഭീമുകളും നിര്‍മിക്കുകയും മുകളിലെത്തെ നിലയുടെ ഭാരം അതില്‍ ഉറപ്പിക്കുകയും ചെയ്തു കൊണ്ടായിരുന്നു ദേവാലയത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചത്. കരിങ്കല്‍ ഉള്‍പ്പെടെയുള്ള കല്ലുകള്‍ കൊണ്ട് കൊത്തി വച്ച നിലയിലാണ് ദേവാലയത്തിന്റെ അകവും പുറവും സിമന്റു കൊണ്ട് അതി മനോഹരമായി പൂര്‍ത്തീകരിച്ചിരിക്കുന്നത്. നിര്‍മാണം പൂര്‍ത്തിയായ ദേവാലയത്തിന്റെ കൂദാശ തിങ്കളാഴ്ച മൂവാറ്റുപുഴ ബിഷപ്പ് റവ. ഡോ. അബ്രാഹം മാര്‍ ജൂലിയസ് നിര്‍വഹിക്കുമെന്ന് പള്ളി നിര്‍മാണത്തിന് നേതൃത്വം നല്‍കിയ ഫാദര്‍ ജോയി മാങ്കുളം അറിയിച്ചു.
Next Story

RELATED STORIES

Share it