Kollam Local

സ്‌കൂള്‍ കുട്ടികള്‍ക്ക് അപകട ഭീഷണി ഉയര്‍ത്തി വന്‍മരം

കരുനാഗപ്പള്ളി:ദേശീയപാതയില്‍ പള്ളിമുക്കിന് സമീപം ഗവ. മുസ്്‌ലിം എല്‍ പി സ്‌കൂളിന് മുന്‍വശം നില്‍ക്കുന്ന വന്‍മരം വിദ്യാര്‍ഥികള്‍ക്കും യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും അപകട ഭീഷണി ഉയര്‍ത്തുന്നു. ബന്ധപ്പെട്ട അധികാരികളെ നിരവധി തവണ വിവരം അറിയിച്ചിട്ടും കണ്ടില്ലെന്ന് നടിക്കുന്നതിനെതിരേ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. എല്‍ പി സ്‌കൂളിലെ നൂറോളം കുട്ടികള്‍ ഈ മരത്തിന് മുന്നില്‍ ആണ് കളിക്കുന്നത്.
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് സ്‌കൂള്‍ കുട്ടികള്‍ ക്ലാസിലേക്ക് കയറുന്ന സമയത്ത് മരത്തിന്റെ ഒരു ശിഖരം ഒടിഞ്ഞ് താഴേക്ക് വീണിരുന്നു. കഷ്ടിച്ചാണ് കുട്ടികള്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. കൂറ്റന്‍ മരങ്ങളുടെ വശങ്ങള്‍ ദ്രവിച്ച് പൊള്ളയായി ഏത് നിമിഷവും നിലം പൊത്താവുന്ന അവസ്ഥയിലാണ്. സ്ഥലം കൗണ്‍സിലറും നഗരസഭ ചെയര്‍പേഴ്‌സനും ഉള്‍പ്പെട്ട സംഘം ഉന്നത അധികാരികള്‍ക്ക് പരാതി സമര്‍പ്പിച്ചിട്ടും യാതൊരു നടപടിയും ഇതുവരെ അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്ന് രക്ഷകാര്‍ത്തക്കളും അധ്യാപകരും നാട്ടുകാരും പറഞ്ഞു. കന്നേറ്റി മുതല്‍ കൃഷ്ണപുരം വരെ ദേശിയപാതയോരത്ത് ഇരു വശങ്ങളിലും നില്‍കുന്ന അപകട അവസ്ഥയിലായ വൃക്ഷങ്ങള്‍ മുറിച്ച് മാറ്റുന്നതിലേക്കായി അധികൃതര്‍ നമ്പര്‍ പതിച്ച് പോകുന്നതല്ലാതെ വേണ്ട നടപടി സ്വീകരിക്കാന്‍ തയ്യാറാകുന്നില്ല എന്ന ആക്ഷേപവും നിലനില്‍ക്കുന്നു. ഏകദേശം 320 ഓളം വൃക്ഷങ്ങള്‍ അപകടവസ്ഥായിലാണ്. ഏതാനം ദിവസങ്ങള്‍ക്ക് മുമ്പ് സമീപപ്രദേശമായ പുതിയകാവ് ജങ്ഷനു സമീപം കൂറ്റന്‍ അക്വേഷ്യ മരം കടപുഴകി ദേശീയ പാതയിലേക്ക് വീഴുകയും ഒരു മണിക്കൂറോളം ഗാതഗതതടസ്സം ഉണ്ടാവുകയും ചെയ്തിരുന്നു. ഇതിനു സമീപം രണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് അക്വേഷ്യ മരം ബൈക്ക് യാത്രക്കാരന്റെ തലയിലേക്ക് കടപുഴകി വീഴുകയും പുത്തന്‍തെരുവ് സ്വദേശിയായ യുവാവ് തല്‍ക്ഷണം മരണപ്പെടുകയും ചെയ്തിരുന്നു. ദേശീയപാതയോരത്ത് അപകട ഭീഷണി ഉയര്‍ത്തി നില്‍ക്കുന്ന മരങ്ങള്‍ അടിയന്തരമായി മുറിച്ച് മാറ്റുന്നതിന് അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it