സ്‌കൂളുകള്‍ പൂട്ടാതിരിക്കാന്‍ ചട്ടം ഭേദഗതി ചെയ്യുമെന്നു വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകള്‍ പൂട്ടാതിരിക്കാന്‍ കേരള വിദ്യാഭ്യാസ ചട്ടത്തില്‍ (കെഇആര്‍) ഭേദഗതി വരുത്തുമെന്നു വിദ്യാഭ്യാസമന്ത്രി പ്രഫ. സി രവീന്ദ്രനാഥ്. കോഴിക്കോട് മലാപ്പറമ്പ് എയുപി സ്‌കൂള്‍ അടച്ചുപൂട്ടാന്‍ ഹൈക്കോടതിയും സുപ്രിംകോടതിയും ഉത്തരവിട്ട പശ്ചാത്തലത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം.
പൊതുവിദ്യാലയങ്ങളുടെ കാര്യത്തില്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗുണകരമാവുന്ന നിയമനിര്‍മാണം നടത്തും. കോടതിയുടെ പരിഗണനയിലില്ലാത്ത ഒരു സ്‌കൂളും പൂട്ടാന്‍ അനുവദിക്കില്ല. സ്‌കൂളുകള്‍ നിലനിര്‍ത്താന്‍ പ്രത്യേക മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കുന്നതു സംബന്ധിച്ച നിര്‍ദേശം പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു. അതേസമയം, അടച്ചുപൂട്ടാനൊരുങ്ങുന്ന മലാപ്പറമ്പ് എയുപി സ്‌കൂള്‍ ഏറ്റെടുക്കുന്നതു സംബന്ധിച്ചു സര്‍ക്കാര്‍ ആലോചന തുടങ്ങി. വിദ്യാഭ്യാസമന്ത്രി രവീന്ദ്രനാഥ് മുഖ്യമന്ത്രി പിണറായി വിജയനുമായും ധനമന്ത്രി തോമസ് ഐസക്കുമായും കൂടിക്കാഴ്ച നടത്തി. എന്തു തുടര്‍നടപടി സ്വീകരിക്കണമെന്ന് ആലോചിക്കാന്‍ ഉന്നത ഉദ്യോഗസ്ഥരുമായും വിദ്യാഭ്യാസമന്ത്രി ചര്‍ച്ച നടത്തി. മലാപ്പറമ്പ് സ്‌കൂള്‍ ഏറ്റെടുക്കുന്ന കാര്യം പരിശോധിച്ചുവരികയാണെന്നു ചര്‍ച്ചകള്‍ക്കുശേഷം അദ്ദേഹം പറഞ്ഞു.
മലാപ്പറമ്പ് എയുപി സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്നതു സംബന്ധിച്ച് ഇന്നുചേരുന്ന മന്ത്രിസഭായോഗം തീരുമാനമെടുക്കും. സര്‍ക്കാര്‍ നിലപാട് അഡ്വക്കറ്റ് ജനറല്‍ ഇന്ന് ഹൈക്കോടതിയെ അറിയിക്കും.
സ്‌കൂള്‍ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടാവുന്ന സാമ്പത്തികബാധ്യതയെക്കുറിച്ചു കോഴിക്കോട് ജില്ലാ കലക്ടര്‍ സര്‍ക്കാരിന് റിപോര്‍ട്ട് നല്‍കി. കണ്ണായ സ്ഥലത്തെ സ്‌കൂള്‍ ഏറ്റെടുക്കുമ്പോള്‍ മാനേജര്‍ക്ക് പൊന്നുംവില നല്‍കേണ്ടിവരുമെന്നാണു കലക്ടറുടെ റിപോര്‍ട്ട്.
Next Story

RELATED STORIES

Share it