Flash News

സ്‌കൂളുകളില്‍ ഈ വര്‍ഷം മുതല്‍ യോഗ : വിദ്യാഭ്യാസമന്ത്രി



തിരുവനന്തപുരം: സംസ്ഥാനത്തെ തിരഞ്ഞെടുത്ത സ്‌കൂളുകളില്‍ ഈവര്‍ഷം മുതല്‍ യോഗ ശാസ്ത്രീയമായി അഭ്യസിപ്പിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പ്രഫ. സി രവീന്ദ്രനാഥ്.  ഏതെങ്കിലും മതവിശ്വാസത്തിന്റെയോ ആചാരത്തിന്റെയോ ഭാഗമല്ല യോഗാഭ്യാസമെന്നും മന്ത്രി പറഞ്ഞു. ഡല്‍ഹിയില്‍ നടക്കുന്ന ദേശീയ യോഗ ഒളിംപ്യാഡില്‍ പങ്കെടുക്കുന്ന കേരള ടീമംഗങ്ങള്‍ക്ക് എസ്‌സിഇആര്‍ടി സംഘടിപ്പിച്ച സ്വീകരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗ ഒളിംപ്യാഡില്‍ ഇതാദ്യമായാണ് കേരളത്തില്‍ നിന്ന് മല്‍സരാര്‍ഥികള്‍ പങ്കെടുക്കുന്നത്. വിവിധ ജില്ലകളില്‍ നിന്നു പങ്കെടുക്കുന്ന 16 കുട്ടികള്‍ക്കും നാലു പരിശീലകര്‍ക്കുമാണു സ്വീകരണം നല്‍കിയത്.  പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ വി മോഹന്‍കുമാര്‍ അധ്യക്ഷത വഹിച്ചു.   കേരള സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി പി ദാസന്‍ സ്‌പോര്‍ട്‌സ് കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. എസ്‌സിഇആര്‍ടി ഡയറക്ടര്‍ ഡോ. ജെ പ്രസാദ്, അഡ്വ. ജി ബാലചന്ദ്രന്‍, ജെ. എസ് ഗോപന്‍, എസ്‌സിഇആര്‍ടി കരിക്കുലം വിഭാഗം ഹെഡ് ഡോ. എസ് രവീന്ദ്രന്‍ നായര്‍, റിസര്‍ച്ച് ഓഫിസര്‍ ഡോ. പി ടി അജീഷ് സംബന്ധിച്ചു.
Next Story

RELATED STORIES

Share it