ernakulam local

സ്‌കൂളുകളില്‍ ആയിരം മണിക്കൂര്‍ അധ്യയനം നിര്‍ബന്ധം

കാക്കനാട്: ഇന്നാരംഭിക്കുന്ന വിദ്യാഭ്യാസ വര്‍ഷത്തില്‍ ആയിരം മണിക്കൂര്‍ അധ്യയനം നിര്‍ബന്ധമായും നടപ്പാക്കുന്നതിന് നടപടി സ്വീകരിച്ചതായി വിദ്യാഭ്യാസ ഉപഡയറക്ടര്‍ എം കെ ഷൈന്‍മോന്‍ അറിയിച്ചു. വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമാണിത്. ആയിരംമണിക്കൂര്‍ അധ്യയനം എന്നത് അവകാശ നിയമത്തിലെ പ്രധാന നിര്‍ദേശമാണ്.
പുതിയ വിദ്യാഭ്യാസ വര്‍ഷം 22,156 വിദ്യാര്‍ഥികള്‍ ഒന്നാംക്ലാസില്‍ എത്തും. കഴിഞ്ഞവര്‍ഷം 21,366 കുട്ടികളാണ് ഉണ്ടായിരുന്നത്. ആറാമത്തെ പ്രവര്‍ത്തിദിവസത്തെ ഹാജര്‍ എടുത്താണ് കൃത്യമായ കണക്കു തയ്യാറാക്കുക. ജില്ലയില്‍ 70 ശതമാനം പാഠപുസ്തകങ്ങളും വിതരണം ചെയ്തു. ബാക്കിയുള്ളവ 15നകം നല്‍കുമെന്നും ഉപഡയറക്ടര്‍ പറഞ്ഞു. ഇത്തവണ ഒമ്പത്, പത്ത് ക്ലാസുകളിലെ പാഠപുസ്തകങ്ങള്‍ക്കാണ് മാറ്റം.
കഴിഞ്ഞ മൂന്നുവര്‍ഷംകൊണ്ട് ഒന്നുമുതല്‍ 10 വരെയുള്ള ക്ലാസുകളിലെ പാഠപുസ്തകങ്ങളുടെ പരിഷ്‌കരണം പൂര്‍ത്തിയായി. സ്‌കൂളിലെത്തുന്ന എല്ലാ ക്ലാസുകളിലെയും കുട്ടികള്‍ക്ക് ശുചിത്വ മിഷന്റെ വകയായി വര്‍ണാഭമായ കടലാസ് നല്‍കും. പുസ്തകം പൊതിയാനാണിത്. ശുചിത്വ സന്ദേശം രേഖപ്പെടുത്തിയിട്ടുള്ള കടലാസില്‍ പേരും മറ്റു വിവരങ്ങളും രേഖപ്പെടുത്താനും സ്ഥലമുണ്ട്. അധ്യാപകരുടെ സ്ഥലംമാറ്റം പൂര്‍ത്തിയായി. ഓണ്‍ലൈനായാണ് ഇത് ചെയ്തത്. ആരോഗ്യവകുപ്പ് അധികൃതര്‍ സ്‌കൂളുകളിലെത്തി അടുക്കള, ടോയ്‌ലറ്റ് എന്നിവയുടെ ശുചിത്വം പരിശോധിച്ച് നടപടിയെടുത്തു. സര്‍ക്കാര്‍ സ്‌കൂളുകളില്‍ എട്ടാംക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് യൂനിഫോം സൗജന്യമായി നല്‍കുന്ന പദ്ധതിപ്രകാരമുള്ള പണം വിതരണം ചെയ്തു.
രണ്ടു ജോടിക്ക് 400 രൂപയാണ് കൊടുക്കുക. എയ്ഡഡ് സ്‌കൂളുകളിലെ വിദ്യാര്‍ഥികളുടെ യൂനിഫോമിനുള്ള തുക സര്‍ക്കാര്‍ അനുവദിച്ചിട്ടില്ല.
സ്‌കൂളുകളിലെ പാചകക്കാര്‍ക്ക് കളമശ്ശേരിയിലെ ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ പ്രത്യേക പരിശീലനം നല്‍കിയിട്ടുണ്ട്. ഉച്ചഭക്ഷണം ഇന്നുമുതല്‍തന്നെ വിതരണം ചെയ്യും.
വിദ്യാര്‍ഥികളില്ല; എല്‍പി സ്‌കൂള്‍ അടച്ചുപൂട്ടി
കാലടി: മലയാറ്റൂര്‍ സെന്റ്. ജോസഫ് എല്‍പി സ്‌കൂള്‍ വിദ്യാര്‍ഥികളില്ലാത്തതിനാല്‍ സര്‍ക്കാര്‍ അടച്ചുപൂട്ടി.
60 വര്‍ഷത്തിലധികം പഴക്കംചെന്ന സ്‌കൂളാണിത്. ആറ് അധ്യാപകരും ഇരുന്നൂറില്‍പരം വിദ്യാര്‍ഥികളുമുണ്ടായിരുന്ന സ്‌കൂളായിരുന്നു. മലയാറ്റൂര്‍ പള്ളിയുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിച്ചിരുന്ന പള്ളിക്കൂടം വിദ്യാര്‍ഥികളെ ആകര്‍ഷിക്കാനുള്ള ഒരു പദ്ധതിയും ആവിഷ്‌കരിച്ചിരുന്നില്ല. നാളുകള്‍ കഴിയുന്തോറും കുട്ടികള്‍ കുറഞ്ഞുവരികയായിരുന്നു.
ഒരു വര്‍ഷമായി പൂട്ടുവീഴുന്ന ദിവസം എണ്ണിക്കഴിഞ്ഞ വിദ്യാലയം ഒടുവില്‍ പൂട്ടപ്പെട്ടു. എയ്ഡഡ് സ്‌കൂളായതിനാല്‍ മാനേജ്‌മെന്റ് വേണ്ടത്ര ശ്രദ്ധ ചെലുത്തിയിരുന്നില്ലെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. സംസ്ഥാനത്ത് സര്‍ക്കാര്‍ സ്‌കൂളുകള്‍ അടച്ചുപൂട്ടുന്നതിനെതിരേ വലിയ കോലാഹലങ്ങള്‍ നടക്കുമ്പോഴാണ് ഈ സ്‌കൂളിന് ആരുമറിയാതെ താഴ് വീഴുന്നത്.
സ്‌കൂള്‍ ഇരിക്കുന്ന സ്ഥലം ലക്ഷ്യമിട്ട് ഭൂമാഫിയ ഇറങ്ങിത്തിരിച്ചിട്ടുണ്ടെന്നും വില്‍പനയാണ് ഈ നീക്കത്തിനു പിന്നിലെന്നും നാട്ടുകാര്‍ ആരോപിച്ചു.
Next Story

RELATED STORIES

Share it