സ്‌കൂളുകളിലും കോളജുകളിലും തന്റെ കവിതകള്‍ പഠിപ്പിക്കരുത്: ബാലചന്ദ്രന്‍ ചുള്ളിക്കാട്

കൊച്ചി: സ്‌കൂളുകളിലും കോളജുകളിലും തന്റെ കവിതകള്‍ പഠിപ്പിക്കരുതെന്ന് ബാലചന്ദ്രന്‍ ചുള്ളിക്കാട്. പാഠ്യപദ്ധതികളില്‍ നിന്നു തന്റെ കവിതകള്‍ ഒഴിവാക്കണമെന്നും തന്റെ കവിതകളില്‍ ഗവേഷണം നടത്താന്‍ അനുവദിക്കരുതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. വിദ്യാര്‍ഥികള്‍ ആദ്യം അക്ഷരം പഠിക്കട്ടെ, എന്നിട്ടാവാം കവിതകള്‍ പഠിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഭാഷയും സാഹിത്യവും പഠിപ്പിക്കാന്‍ യോഗ്യതയില്ലാത്തവര്‍ അധ്യാപകരാവുന്ന സാഹചര്യത്തിലാണ് ഈ ആവശ്യം ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതു നിയമപരമായി വിലക്കാന്‍ കഴിയില്ല. അതിനാല്‍ ഗതികെട്ട ഒരു കവിയുടെ യാചനയായി കേരള ജനതയും അധികാരികളും ഇതിനെ കണക്കാക്കണമെന്നും ബാലചന്ദ്രന്‍ ചുള്ളിക്കാട് പറഞ്ഞു. ഇന്നോളം ആരില്‍ നിന്നും കവിതയുടെ പേരില്‍ ഒരു ബഹുമതിയും സ്വീകരിക്കാത്ത ഒരാളുടെ ഹൃദയംകൊണ്ടുള്ള അപേക്ഷയാണ്. ഇതു സ്വീകരിക്കണം.
കഴിഞ്ഞ ദിവസം ഒരു പരിപാടിക്കിടെ എംഎ രണ്ടാംവര്‍ഷ വിദ്യാര്‍ഥിനി എഴുതിയ കവിത ചൊല്ലേണ്ടതായി വന്നു. ആ കവിത തന്നെ ഞെട്ടിച്ചു. ആനന്ദം എന്ന പദത്തില്‍ ചന്തയുടെ 'ന്ത'യും സാന്നിധ്യത്തിന് 'ത'യും ആണ് ഉപയോഗിച്ചത്. ഈ കുട്ടി ഒന്നാംക്ലാസ് മുതല്‍ തുടര്‍ന്നുവന്ന തെറ്റുകള്‍ തിരുത്താന്‍ മെനക്കെടാത്ത അധ്യാപകരാണ് ഇതിന് ഉത്തരവാദി. നാളെ ഏതെങ്കിലും സ്ഥാപനത്തില്‍ ഈ തെറ്റെഴുതുന്ന വിദ്യാര്‍ഥിനിയും അധ്യാപികയാവും. തെറ്റുകള്‍ തുടരും.
അക്ഷരത്തെറ്റും വ്യാകരണത്തെറ്റും ആശയത്തെറ്റും പരിശോധിക്കാതെ വാരിക്കോരി മാര്‍ക്ക് കൊടുത്ത് വിദ്യാര്‍ഥികളെ വിജയിപ്പിക്കുന്ന, ഉന്നത ബിരുദങ്ങള്‍ നല്‍കുന്ന സാഹചര്യമാണു നിലവിലുള്ളത്. ഇങ്ങനെയുള്ളവര്‍ക്ക് മലയാള ഭാഷയും സാഹിത്യവും പഠിപ്പിക്കാന്‍ യോഗ്യതയുണ്ടാവില്ല. ഇതു വിദ്യാര്‍ഥികളെയും ബാധിക്കുന്നു. കാണാതെ പഠിക്കുന്ന ശീലം ഇല്ലാതായതോടെ ഭാഷാപഠനം തകര്‍ന്നു. ഭാഷ പഠിക്കുന്നതിലൂടെയാണ് ചിന്താശേഷി ലഭിക്കുന്നത്. അതിലൂടെ യുക്തിയും വികസിക്കും. ചിന്താശേഷിയില്ലാത്ത തലമുറയെ സൃഷ്ടിക്കേണ്ടത് കോര്‍പറേറ്റുകളുടെ അജണ്ടയാണ്. യോഗ്യരല്ലാത്തവര്‍ അധ്യാപകരാവുമ്പോള്‍ നശിക്കുന്നത് ഒരു തലമുറയല്ല, പല തലമുറകളാണെന്നും ബാലചന്ദ്രന്‍ ചുള്ളിക്കാട് പറഞ്ഞു.
Next Story

RELATED STORIES

Share it