Flash News

സ്വാശ്രയ മെഡിക്കല്‍ പ്രവേശനം : നാലു കോളജുകളുടെ ഫീസ് ഘടന നിശ്ചയിച്ചു



തിരുവനന്തപുരം: ക്രിസ്ത്യന്‍ മാനേജ്‌മെന്റിന് കീഴിലെ നാലു സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ എംബിബിഎസ് പ്രവേശനത്തിനുള്ള ഫീസ് ഘടന ജസ്റ്റിസ് ആര്‍ രാജേന്ദ്രബാബു കമ്മിറ്റി നിശ്ചയിച്ചു. 4,85,000 രൂപയാണു നിശ്ചയിച്ചിരിക്കുന്ന ഫീസ്. നിലവിലെ ഫീസില്‍ നിന്ന് 15,000 രൂപയുടെ കുറവാണിത്. അമല, ജൂബിലി, കോലഞ്ചേരി, പുഷ്പഗിരി എന്നീ സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ ഫീസാണ് നിശ്ചയിച്ചത്. അടുത്ത വര്‍ഷം 5,60,000 രൂപയായും ഫീസ് നിര്‍ണയിച്ചു. എന്‍ആര്‍ഐ സീറ്റുകളില്‍ ഈ വര്‍ഷം 18 ലക്ഷം രൂപയും അടുത്തവര്‍ഷം 20 ലക്ഷം രൂപയുമാണ് ഫീസ്. എന്നാല്‍ അഞ്ചുലക്ഷം രൂപ നിരക്കിലാണ് ഈ വര്‍ഷം സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ എംബിബിഎസ് പ്രവേശനം നടത്തിയത്. ഇതില്‍ നിന്നു 15,000 രൂപ കുറച്ചാണ് ഇപ്പോള്‍ ഫീസ് നിജപ്പെടുത്തിയിരിക്കുന്നത്. ആകെ 22 സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ നേരത്തെ മുക്കം കെഎംസിടി കോളജിന്റെ ഫീസ് മാത്രമാണു കമ്മിറ്റി നിശ്ചയിച്ചത്. കോളജിന്റെ വാര്‍ഷിക ഫീസ് 4.80 ലക്ഷം രൂപയായി നിജപ്പെടുത്തി ജസ്റ്റിസ് രാജേന്ദ്രബാബു കമ്മിറ്റി ഉത്തരവിട്ടിരുന്നു. ഓരോ കോളജിന്റെയും സൗകര്യവും മുതല്‍മുടക്കും വ്യത്യസ്തമായതിനാല്‍ വെവ്വേറെ ഫീസ് വേണമെന്നു മാനേജ്‌മെന്റുകള്‍ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് ഫീസ് നിര്‍ണയ സമിതി ഓരോ കോളജിന്റെയും വരവുചെലവ് കണക്ക് പരിശോധിച്ച് അന്തിമ വാര്‍ഷിക ഫീസ് നിര്‍ണയിച്ചു വരികയാണ്. സംസ്ഥാനത്ത് ഇതുവരെ അഞ്ചു സ്വാശ്രയ മെഡിക്കല്‍ കോളജുകളുടെ ഫീസ് നിരക്കാണ് കമ്മിറ്റി നിശ്ചയിച്ചത്. ബാക്കി കോളജുകളുടെ ഫീസ് ഘടന ഈ മാസം 15നകം പൂര്‍ത്തിയാക്കുമെന്നു ജസ്റ്റിസ് ആര്‍ രാജേന്ദ്രബാബു വ്യക്തമാക്കി. അതേസമയം, സ്വാശ്രയ മെഡിക്കല്‍ കോഴ്‌സിനുള്ള അന്തിമ ഫീസ് 90 ദിവസത്തിനകം നിശ്ചയിക്കണമെന്ന നിയമം ലംഘിച്ച് സര്‍ക്കാര്‍ മറ്റൊരു പ്രതിസന്ധി കൂടി സൃഷ്ടിച്ചിരിക്കുകയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഗുരുതരമായ വീഴ്ചയാണു സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വരുത്തിയിരിക്കുന്നത്. സ്വാശ്രയ പ്രവേശനത്തിന്റെ കാര്യത്തില്‍ തുടക്കം മുതല്‍ സര്‍ക്കാര്‍ കാണിക്കുന്ന പിടിപ്പുകേട് ഇപ്പോഴും തുടരുകയാണെന്നും ചെന്നിത്തല പറഞ്ഞു.
Next Story

RELATED STORIES

Share it