wayanad local

സ്വാഭാവിക വനവല്‍ക്കണം : ജില്ലയിലെ തേക്കു തോട്ടങ്ങള്‍ മുറിച്ചുമാറ്റണമെന്ന് ആവശ്യം



കാട്ടിക്കുളം: മണ്ണിലെയും അന്തരീക്ഷത്തിലെയും ജലം വലിച്ചെടുത്ത് വരള്‍ച്ചയ്ക്കും കഠിന ചൂടിനും വന്യജീവികളുടെ ആവാസ വ്യവസ്ഥ തകരാനും ഇടയാക്കുന്ന ജില്ലയിലെ തേക്ക് തോട്ടങ്ങള്‍ മുറിച്ചുനീക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് വയനാട് വന്യമൃഗശല്യ പ്രതിരോധ ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു. യൂക്കാലി, അക്കേഷ്യ മരങ്ങള്‍ മുറിച്ച് സ്വഭാവിക വനം വച്ചുപിടിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണ്. തേക്ക് തോട്ടങ്ങള്‍ ഇതില്‍ കൂടുതല്‍ അപകടകാരിയാണ്. വയനാട് വനമേഖലയുടെ 45 ശതമാനം തേക്ക് തോട്ടങ്ങളാണെന്ന്് മിസോറം ഫോറസ്റ്റ് റിസര്‍ച്ച് യൂനിവേഴ്‌സിറ്റിയുടെ 2011ലെ പഠനറിപോര്‍ട്ടില്‍ വളരെ വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്. പഠനറിപോര്‍ട്ടിന്റെ കോപ്പി ഉള്‍പ്പെടുത്തി 2017 ആഗസ്തില്‍ എംഎല്‍എമാരായ ഒ ആര്‍ കേളു, സി ആര്‍ ശശീന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി, വനംമന്ത്രി എന്നിവര്‍ക്ക് നേരില്‍ കണ്ട് നിവേദനം കൊടുത്തിരുന്നു. വന്യജീവി ശല്യം പൂര്‍ണമായി പരിഹരിക്കാന്‍ തേക്ക് തോട്ടങ്ങള്‍ കൂടി മുറിച്ചുമാറ്റി സ്വഭാവിക വനവല്‍ക്കരണം നടത്തണം. ഓരോ വര്‍ഷവും വയനാട്ടില്‍ ചൂട് കൂടിവരികയാണ്. വന്യമൃഗശല്യവും വര്‍ധിക്കുന്നു. ഈ വര്‍ഷം 39 ഡിഗ്രി വരെ ചൂട് തിരുനെല്ലി പഞ്ചായത്തില്‍ അനുഭവപ്പെട്ടതിനു കാരണം വരള്‍ച്ചയ്ക്ക് ആക്കം കൂട്ടുന്ന മരങ്ങളുടെ സാന്നിധ്യമാണ്. ജില്ലയിലെ ആകെ തേക്ക്‌തോട്ടത്തിന്റെ വിസ്തൃതിയുടെ പകുതിയും തിരുനെല്ലി പഞ്ചായത്തിലാണ്. വനംവകുപ്പിന്റെ കണക്കില്‍ 221 ചതുരശ്ര കിലോമീറ്റര്‍ പഞ്ചായത്ത് വിസ്തൃതിയില്‍ 162 ചതുരശ്ര കിലോമീറ്റര്‍ തോല്‍പ്പെട്ടി വന്യജീവി സങ്കേതവും നോര്‍ത്ത് വയനാട് ഡിവിഷന്റെ ബേഗൂര്‍ റേഞ്ചുമാണ്. ഇതില്‍ 65 ശതമാനം തേക്ക് തോട്ടങ്ങളാണ്. ഇവിടെയാണ് കഴിഞ്ഞ 30 വര്‍ഷത്തിനിപ്പുറം 79 ആളുകള്‍ വന്യജീവികളാല്‍ കൊല്ലപ്പെട്ടത്. സര്‍ക്കാര്‍ തീരുമാനം വൈല്‍ഡ് ലൈഫ് ഡിവിഷനില്‍ നടപ്പാക്കണമെങ്കില്‍ 1996ലെ സുപ്രിംകോടതി സ്‌റ്റേ നീക്കണം. അതിനുള്ള നടപടി സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാവണമെന്നും യോഗം ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it