Flash News

സ്വാഭാവികമായി വളര്‍ന്ന 'പേരേലം' ഇടുക്കിയില്‍



ടി എസ് നിസാമുദ്ദീന്‍

നെടുങ്കണ്ടം: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ മാത്രം കാണുന്ന പ്രത്യേകയിനം ഏലച്ചെടി 'പേരേലം' ഇടുക്കി ജില്ലയില്‍ സ്വാഭാവികമായി വളര്‍ന്നു. ഇടുക്കി നെടുങ്കണ്ടം കല്ലാര്‍ രണ്ടാംനമ്പര്‍ ബ്ലോക്കില്‍ റമദാന്‍ഖാന്റെ ഏലത്തോട്ടത്തിലാണ് പേരേലം വളരുന്നത്. മൂന്നേക്കര്‍ പുരയിടത്തിലെ ഏലത്തോട്ടത്തില്‍ ഒറ്റമൂട് പേരേലം എങ്ങിനെയുണ്ടായി എന്നു ചോദിച്ചാല്‍ റമദാന്‍ ഖാന്‍ പറയും, പടച്ചവന്‍ കൊണ്ടുവന്നത്. സ്വാഭാവികമായി വളര്‍ന്നുവന്ന പേരേലം ശ്രദ്ധയില്‍പ്പെട്ടത് പ്രത്യേകതരം മണമുണ്ടായതോടെയാണ്. തുടര്‍ന്ന് ഈ ചെടിക്ക് കൂടുതല്‍ പരിചരണവും ശ്രദ്ധയും നല്‍കി പരിപാലിച്ചു. പിന്നീടാണ് ഇത് ലാര്‍ജ് കാര്‍ഡമം എന്ന പേരേലമാണെന്നു മനസ്സിലായത്. മൂന്നുവര്‍ഷം പ്രായമായ പേരേലം കായ്ഫലമിട്ടു തുടങ്ങി. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ സിക്കിം, അരുണാചല്‍ പ്രദേശ്, നാഗാലാന്‍ഡ്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലും ഹിമാലയന്‍ താഴ്‌വരകളിലുമാണ് അബാമം കുഞ്ചി എന്ന ശാസ്ത്രനാമത്തിലുള്ള പേരേലം വ്യാപകമായി കൃഷി ചെയ്യുന്നത്. 5000 മെട്രിക് ടണ്‍ ആണ് പ്രതിവര്‍ഷം ഈ സംസ്ഥാനങ്ങളിലെ ഉല്‍പാദനം. ഇതിന്റെ 81 ശതമാനവും സിക്കിമില്‍ നിന്നാണ്. മറ്റ് ഏലക്കായകളെ അപേക്ഷിച്ച് മൂന്നു ശതമാനംവരെ എസന്‍ഷ്യല്‍ ഓയില്‍ ഈ ഇനത്തില്‍ കൂടുതലായി ലഭിക്കും. ഇതും കായയുടെ വലിപ്പക്കൂടുതലും മൂലം പേരേലക്കായ്ക്ക് വന്‍തുകയാണ് ലഭിക്കുക. 1500 രൂപയാണ് കുറഞ്ഞവില. ബമ്പിള്‍ ബീ എന്ന മലയനീച്ച പരാഗണം നടത്തിയാലേ പേരേലം കായ്ക്കൂ. കഴിഞ്ഞവര്‍ഷം കായ്ഫലമുണ്ടായെങ്കിലും പ്രാണികളും മറ്റും അവ തിന്നുനശിപ്പിച്ചു. ഇത്തവണ കായ്ഫലമുണ്ടായപ്പോഴേ റമദാന്‍ഖാന്‍ സ്‌പൈസസ് ബോര്‍ഡ് മുന്‍ ഡെപ്യൂട്ടി ഡയറക്്ടര്‍ അബ്്ദുല്‍ ജബ്ബാര്‍, സുഹൃത്ത് 13ാം ബ്ലോക്കിലെ പ്രസാദ് എന്നിവരോട് ചെടിയെക്കുറിച്ചു പറഞ്ഞു. തുടര്‍ന്ന് മൈലാടുംപാറ ഇന്ത്യന്‍ കാര്‍ഡമം റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് (ഐസിആര്‍ഐ) അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. ഐസിആര്‍ഐ പതോളജി മേധാവി ഡോ. എ കെ വിജയന്‍, ക്രോപ്പ് സയന്റിസ്റ്റ് ഡോ. ഭട്ട്, അഗ്രോണമിസ്റ്റ് ഡോ. നൂല്‍വി, എന്‍ഡമോളജിസ്റ്റ് ഡോ. അന്‍സാര്‍ അലി എന്നിവര്‍ തോട്ടം സന്ദര്‍ശിക്കുകയും ചെടി പേരേലമാണെന്നു സ്ഥിരീകരിക്കുകയുമായിരുന്നു. വ്യാവസായികാടിസ്ഥാനത്തില്‍ പേരേലം ഇടുക്കിയില്‍ കൃഷി ചെയ്യാനാവുമോ എന്നത് പഠിക്കേണ്ടതുണ്ട്. പരാഗണം നടത്തേണ്ട മലയനീച്ചയുടെ കുറവ് കൃഷിയെ പ്രതികൂലമായി ബാധിക്കും. ഐസിആര്‍ഐ പേരേലത്തിന്റെ ടിഷ്യൂകള്‍ച്ചര്‍ ചെടികള്‍ വച്ചുപിടിപ്പിച്ചു പരീക്ഷണം നടത്തിവരുന്നുണ്ട്. പ്രത്യേക രീതിയില്‍ ഇതിന്റെ കായ ഉണക്കിയെടുക്കേണ്ടതിനാല്‍ അതിനുള്ള യന്ത്രസാമഗ്രികള്‍ നിര്‍മിക്കാന്‍ ഒരുങ്ങുകയാണ് ഐസിആര്‍ഐ. പേരലത്തില്‍ കായ്ഫലമുണ്ടായത് ഏറെ പ്രതീക്ഷയാണ് ഇടുക്കി ജില്ലയിലെ കര്‍ഷകര്‍ക്ക് നല്‍കുന്നത്. പേരേലക്കായ മരുന്നു നിര്‍മാണത്തിന് ഉപയോഗിക്കുന്നു എന്നതിനാല്‍ വില കുറയില്ല എന്നതും ആശാവഹമാണ്. 25 വര്‍ഷമായി ഏലക്കൃഷി നടത്തിവരുന്ന റമദാന്‍ ഖാന്‍ പ്രവാസി കൂടിയാണ്.
Next Story

RELATED STORIES

Share it