സ്വപ്‌നപദ്ധതിക്ക് തുടക്കം

തിരുവനന്തപുരം: കാല്‍നൂറ്റാണ്ടിലേറെയായി കേരളം കാത്തിരുന്ന സ്വപ്‌നപദ്ധതി യാഥാര്‍ഥ്യത്തിലേക്ക്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖപദ്ധതിയുടെ നിര്‍മാണോദ്ഘാടനവും തറക്കല്ലിടല്‍ ചടങ്ങും മുല്ലൂരില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിച്ചു.
നഷ്ടപ്പെട്ട വര്‍ഷങ്ങളെക്കുറിച്ച് ഓര്‍മിച്ച് ദുഃഖിക്കാതെ എത്രയും വേഗം പദ്ധതി പൂര്‍ത്തിയാക്കാന്‍ എല്ലാവരും ഒരുമിച്ചുനില്‍ക്കണമെന്ന മുഖ്യമന്ത്രിയുടെ വാക്കുകളെ കരഘോഷത്തോടെയാണ് ജനങ്ങള്‍ സ്വീകരിച്ചത്. ആയിരം ദിവസത്തിനുള്ളില്‍ ആദ്യ ചരക്കുകപ്പല്‍ വിഴിഞ്ഞം തീരത്ത് അടുപ്പിക്കുമെന്ന് അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി ഉറപ്പു നല്‍കി.
വിഴിഞ്ഞം തുറമുഖത്തിന് കബോട്ടാഷ് നിയമത്തില്‍ ഇളവു നല്‍കുമെന്നും 15 ദിവസത്തിനുള്ളില്‍ ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിക്കുമെന്നും കേന്ദ്ര ഷിപ്പിങ് മന്ത്രി നിതിന്‍ ഗഡ്കരി പ്രഖ്യാപിച്ചു. രാജ്യത്തെ ഒരു തുറമുഖത്തു നിന്ന് മറ്റൊരു തുറമുഖത്തേക്ക് ചരക്ക് ഗതാഗതം നടത്തുന്നതില്‍ വിദേശ കപ്പലുകളെ വിലക്കുന്നതാണ് കബോട്ടാഷ് നിയമം. സംസ്ഥാന തുറമുഖ മന്ത്രി കെ ബാബു അധ്യക്ഷത വഹിച്ചു. വിഴിഞ്ഞത്തിനടുത്ത് മുക്കോല ജങ്ഷനില്‍ പ്രത്യേകം സജ്ജീകരിച്ച വേദിയിലാണ് ശിലാസ്ഥാപന ചടങ്ങുകള്‍ നടന്നത്.
അതേസമയം, ഉദ്ഘാടനച്ചടങ്ങ് പ്രതിപക്ഷം ബഹിഷ്‌കരിച്ചു. പ്രതിപക്ഷ നേതാവിനെയും ജനപ്രതിനിധികളെയും ചടങ്ങിലേക്കു ക്ഷണിച്ചിരുന്നെങ്കിലും എല്‍ഡിഎഫിന്റെ നിര്‍ദേശപ്രകാരം ആരും പങ്കെടുത്തില്ല. ആരോപണവിധേയരായ മുഖ്യമന്ത്രിയും എക്‌സൈസ് മന്ത്രിയും പങ്കെടുക്കുന്ന ചടങ്ങായതിനാലാണ് വിട്ടുനില്‍ക്കുന്നതെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്.
വിഴിഞ്ഞം പദ്ധതിക്കു വേണ്ടി നാലര വര്‍ഷം കഷ്ടപ്പെട്ടതിനാലാണ് പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് അവഗണിച്ചും ചടങ്ങിന് അധ്യക്ഷത വഹിക്കാനെത്തിയതെന്ന് തുറമുഖ മന്ത്രി കെ ബാബു പറഞ്ഞു.
വിഴിഞ്ഞം പദ്ധതിക്കു വേണ്ടി ത്യാഗം സഹിച്ച പ്രദേശത്തെ ജനങ്ങളെ ഓര്‍ത്തെങ്കിലും തുറമുഖത്തിനു വേണ്ടി ഒന്നിച്ചുനില്‍ക്കണമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. കിടപ്പാടവും തൊഴിലും നഷ്ടപ്പെട്ടവരുടെ ത്യാഗത്തിനു മുന്നില്‍ മറ്റുള്ളവര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഒന്നുമല്ല. 25 വര്‍ഷത്തെ കാത്തിരിപ്പിനു ശേഷമാണ് പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. ഇനിയും കാത്തിരിക്കാന്‍ വയ്യ. നമ്മുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നു പ്രവര്‍ത്തിക്കാമെന്ന് ഗൗതം അദാനി ഉറപ്പു നല്‍കിയിട്ടുണ്ട്. വിഴിഞ്ഞത്തിനു കബോട്ടാഷ് ഇളവ് പ്രഖ്യാപിച്ച കേന്ദ്ര ഷിപ്പിങ് മന്ത്രി നിതിന്‍ ഗഡ്കരിക്ക് കേരളത്തിലെ ജനങ്ങളുടെ പേരില്‍ നന്ദി പറയുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ ഉള്‍നാടന്‍ ജലഗതാഗതസൗകര്യം മെച്ചപ്പെടുത്താന്‍ പദ്ധതി തയ്യാറാക്കുമെന്നും 66 ബൈപാസുകളുടെ നിര്‍മാണത്തിനു സഹായം നല്‍കുമെന്നും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ചടങ്ങില്‍ അറിയിച്ചു. കേരളത്തില്‍ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള ബുദ്ധിമുട്ട് ദേശീയപാതാ നിര്‍മാണം അടക്കമുള്ള പദ്ധതികള്‍ക്ക് തടസ്സമാവുന്നു. സംസ്ഥാന സര്‍ക്കാര്‍ ഇതിനു പരിഹാരം കണ്ടെത്തണം. കേരളം അടക്കമുള്ള സംസ്ഥാനങ്ങളുടെ വികസനത്തില്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. തിരഞ്ഞെടുപ്പില്‍ മാത്രമാണ് മത്സരമെന്നും വികസനത്തിനായി എല്ലാവരും ഒന്നിക്കണമെന്നും അദ്ദേഹം പറഞ്ഞു.
തുറമുഖത്തിന്റെ ഡ്രഡ്ജിങ് പ്രവര്‍ത്തനങ്ങള്‍ നാളെ തുടങ്ങുമെന്ന് ഗൗതം അദാനി വ്യക്തമാക്കി. സംസ്ഥാനത്തിന്റെ ആരോഗ്യ-വിദ്യാഭ്യാസരംഗത്ത് 35 കോടിയുടെ നിക്ഷേപം നടത്തും. ലോകത്തെ പ്രധാന തുറമുഖങ്ങളിലൊന്നായി വിഴിഞ്ഞത്തെ മാറ്റും. പത്തു വര്‍ഷത്തിനകം തുറമുഖത്തിന്റെ കാര്യക്ഷമത മൂന്നിരട്ടിയാക്കും.
വിഴിഞ്ഞം തുറമുഖം മൂലം പ്രദേശത്തെ ജനങ്ങള്‍ക്കോ കേരളത്തിനോ ബുദ്ധിമുട്ടുണ്ടാകില്ല. പുതിയ ഫിഷിങ് ഹാര്‍ബര്‍ വരുന്നതോടെ മത്സ്യബന്ധന തൊഴിലാളികളുടെ സൗകര്യം മെച്ചപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
സ്പീക്കര്‍ എന്‍ ശക്തന്‍, മന്ത്രിമാരായ വി എസ് ശിവകുമാര്‍, പി ജെ ജോസഫ്, ഇബ്രാഹീംകുഞ്ഞ്, കെ പി മോഹനന്‍, ശശി തരൂര്‍ എംപി, ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവി, എംഎല്‍എമാരായ എ ടി ജോര്‍ജ്, കെ എസ് ശബരീനാഥന്‍, വര്‍ക്കല കഹാര്‍, എം എ വാഹിദ്, ആസൂത്രണ കമ്മീഷന്‍ ചെയര്‍മാന്‍ കെ എം ചന്ദ്രശേഖരന്‍, അംഗം ജി വിജയരാഘവന്‍, ജോര്‍ജ് മേഴ്‌സിയര്‍, കലക്ടര്‍ ബിജു പ്രഭാകര്‍, തുറമുഖ സെക്രട്ടറി ജയിംസ് വര്‍ഗീസ്, മാനേജിങ് ഡയറക്ടര്‍ സുരേഷ് ബാബു, ട്രിഡ ചെയര്‍മാന്‍ പി കെ വേണുഗോപാല്‍ എന്നിവരും മറ്റു ജനപ്രതിനിധികളും അദാനി ഗ്രൂപ്പിലെ ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it