kannur local

സ്വകാര്യ ബസ് പണിമുടക്കില്‍ ജനം വലഞ്ഞു



കണ്ണൂര്‍:  തൊഴില്‍ ആനൂകൂല്യങ്ങള്‍ ആവശ്യപ്പെട്ട്് സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ സ്വകാര്യ ബസ് തൊഴിലാളികള്‍ ആരംഭിച്ച അനിശ്ചിതകാല പണിമുടക്ക് ജനത്തെ വലച്ചു. ജില്ലയില്‍ സര്‍വീസ് നടത്തുന്ന 2200ഓളം സ്വകാര്യ ബസുകളില്‍ ഒന്നുംതന്നെ ഇന്നലെ നിരത്തിലിറങ്ങിയില്ല. ഇതുകാരണം വിവിധ സ്ഥലങ്ങളിലേക്കെത്തേണ്ട യാത്രക്കാര്‍ കെഎസ്ആര്‍ടിസി ബസുകളെയും സമാന്തര വാഹനങ്ങളെയുമാണ് ആശ്രയിച്ചത്. ചെറുപട്ടണങ്ങളില്‍ നിന്നെല്ലാം നഗരത്തിലേക്ക് സമാന്തര സര്‍വീസുകള്‍ ഉണ്ടായിരുന്നെങ്കിലും തോന്നിയ വിലയാണ് ഈടാക്കിയത്. പല ബസ് സ്റ്റോപ്പുകളിലും വാഹനം കാത്ത് മണിക്കൂറുകളോളം യാത്രക്കാര്‍ കാത്തിരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം വൈകീട്ട് ചര്‍ച്ച നടന്നതിനാല്‍ പണിമുടക്ക് പിന്‍വലിച്ചിട്ടുണ്ടാവുമെന്ന ധാരണയിലായിരുന്നു പലരും. രാവിലെ തന്നെ ബസ് സ്റ്റോപ്പുകളിലെത്തിയപ്പോഴാണ് ബസ് പണിമുടക്ക് അറിഞ്ഞത്. സ്വകാര്യ ബസ്സുകളില്ലാത്തത് പ്രത്യേകിച്ച്് മലയോര മേഖലയിലെ യാത്രക്കാരെയാണ് കൂടുതല്‍ വലച്ചത്. ഈ ഭാഗങ്ങളില്‍ കെഎസ്ആര്‍ടിസി ബസ്സുകള്‍ കുറവായതിനാല്‍ സ്വകാര്യബസുകളെയാണ് യാത്രയ്ക്കായി ആശ്രയിക്കുന്നത്. പനിയും മറ്റു പകര്‍ച്ച വ്യാധികളും നേരിടുന്ന മലയോരമേഖലയുള്ളവരെ ദുരിതത്തിലാഴ്ത്തി. എന്നാല്‍ സര്‍ക്കാര്‍, സര്‍ക്കാരേതര സ്ഥാപനങ്ങളെ സമരം കാര്യമായി ബാധിച്ചില്ല. 2016-17 വര്‍ഷത്തെ കസ്റ്റമറി ബോണസ് വിതരണം ചെയ്യുക, 2016 ഒക്ടോബര്‍, 2017 ഏപ്രിലെ രണ്ടു ഗഡു ഡിഎ വര്‍ധന അനുവദിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് അനിശ്ചിതകാല പണിമുടക്ക് തുടങ്ങിയത്. കഴിഞ്ഞ ദിവസം എഡിഎമ്മിന്റെയും കലക്ടറുടെയും നേതൃത്വത്തില്‍ ചര്‍ച്ച നടത്തിയെങ്കിലും പരിഹാരമായില്ല. ഇന്ന് ഉച്ചയ്ക്ക് 2.30നു ജില്ലാ ലേബര്‍ ഓഫിസറുടെ നേതൃത്വത്തില്‍ ചര്‍ച്ച നടക്കുമെന്ന് സിഐടിയു നേതാവ് കെ ജയരാജ് പറഞ്ഞു. എന്നാല്‍, ചര്‍ച്ചയെ കുറിച്ച് അറിയില്ലെന്ന് ജില്ലാ കലക്്ടറും എഡിഎമ്മും അറിയിച്ചു.
Next Story

RELATED STORIES

Share it