ernakulam local

സ്വകാര്യബസ് പണിമുടക്ക് ; കാലടി മേഖലയില്‍ യാത്ര ദുസ്സഹം



കാലടി: നാല് ദിവസമായി തുടരുന്ന സ്വകാര്യ ബസ്സ് സമരം മൂലം മേഖലയില്‍ യാത്രാക്ലേശം രൂക്ഷമായി. കൂലിവര്‍ധനവ് ആവശ്യപ്പെട്ട് ജീവനക്കാര്‍ കാലടി, അങ്കമാലി, അത്താണി, കൊരട്ടി മേഖലയിലാണ് ബസ് പണിമുടക്ക്. കാലടി മേഖലയില്‍ അയ്യമ്പുഴ, മലയാറ്റൂര്‍, കാഞ്ഞൂര്‍, ശ്രീമൂലനഗരം എന്നീ പഞ്ചായത്തുകളില്‍ സ്വകാര്യബസ്സുകളെ ആശ്രയിച്ച് മാത്രമാണ് യാത്ര. നൂറുകണക്കിന് യാത്രക്കാര്‍ മറ്റ് സ്വകാര്യ വാഹനങ്ങളിലും നടന്നും ഫെറി കടന്നുമാണ് ജോലിസ്ഥലങ്ങളിലും മറ്റും എത്തുന്നത്. പെരുമ്പാവൂര്‍ക്ക് കാലടി പാലത്തിന് അപ്പുറം താന്നിപ്പുഴയില്‍നിന്നും ചിലപ്പോഴൊക്കെ ചില സ്വകാര്യബസ്സുകള്‍ സര്‍വീസ് നടത്തുന്നുണ്ട്.  അതിനായി ശങ്കരാപാലം നടന്നുകയറണമെന്നതാണ് പ്രശ്‌നം. ഇതിനിടെ സമരം ശക്തമാകുമെന്ന മുന്നറിയിപ്പാണ് ജീവനക്കാരുടെ സംഘടനകള്‍ നല്‍കുന്നത്. എന്നാല്‍ അങ്കമാലി എംഎല്‍എ സമരമവസാനിപ്പിക്കുവാന്‍ ഒരു ശ്രമവും നടത്തുന്നില്ലെന്ന ശക്തമായ ആക്ഷേപം നിലനില്‍ക്കുകയാണ്. മുന്‍കാലങ്ങളില്‍ ഇത്തരം സമരങ്ങള്‍ ഉണ്ടാകുമ്പോള്‍ അനുരഞ്ജനചര്‍ച്ചകളും മറ്റുമായി എംഎല്‍എമാരാണ് വരാറുള്ളതെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. സ്‌കൂള്‍ തുറക്കാറായ സമയത്ത് നടത്തുന്ന സമരം വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും ഒരുപോലെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുന്നു. അടിയന്തിരമായി സമരമവസാനിപ്പിക്കാനുള്ള നടപടിയുണ്ടാകണമെന്ന് പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it