thiruvananthapuram local

സ്മാര്‍ട്ട് സിറ്റിപദ്ധതിപ്രദേശങ്ങളായി മൂന്ന് മേഖലകളെ തിരഞ്ഞെടുത്തു



തിരുവനന്തപുരം: അനന്തപുരിയെ സ്മാര്‍ട്ടാക്കാന്‍ നഗരവാസികള്‍ തിരഞ്ഞെടുത്തത് നഗരഹൃദയ മേഖലയും കഴക്കൂട്ടം-കോവളം ബൈപാസ് മേഖലയും മെഡിക്കല്‍ കോളജ് ജനറല്‍ ആശുപത്രി മേഖലയും. ഇലക്ട്രോണിക് വോട്ടിങ് യന്ത്രം, ബാലറ്റ്‌പേപ്പര്‍ എന്നിവ വഴിയും ഓണ്‍ലൈനിലൂടെയും നടത്തിയ വോട്ടെടുപ്പിലാണ് ജനഹിതം വ്യക്തമാക്കിയത്. തൈക്കാട്, വലിയശാല, ചാല, തമ്പാനൂര്‍, ഫോര്‍ട്ട്, പാളയം വഴുതക്കാട് എന്നിവ ഉള്‍പ്പെടുന്നതാണ് നഗരഹൃദയ മേഖല. ബൈപ്പാസ് ഹെറിറ്റേജ് സെന്‍ട്രല്‍ കോറിഡോര്‍ മേഖലയില്‍ വെള്ളാര്‍, തിരുവല്ലം, പുത്തന്‍പള്ളി, ബീമാപള്ളി ഈസ്റ്റ്, ബീമാപള്ളി, മുട്ടത്തറ, ശ്രീവരാഹം, പെരുന്താന്നി, ചാക്ക, കരിക്കകം, കടകംപള്ളി, കുളത്തൂര്‍, ആറ്റിപ്ര, പൗണ്ടുകടവ്, പള്ളിത്തുറ, കഴക്കൂട്ടം, ഹാര്‍ബര്‍, അമ്പലത്തറ, മാണിക്യവിളാകം, വള്ളക്കടവ് എന്നിവയും മെഡിക്കല്‍ കോളജ്, ജനറല്‍ ഹോസ്പിറ്റല്‍ മേഖലയില്‍ ഉള്‍പ്പെടുന്ന മെഡിക്കല്‍ കോളജ്, പട്ടം, കണ്ണമ്മൂല, പേട്ട, വഞ്ചിയൂര്‍ എന്നീ വാര്‍ഡുകളിലാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. നഗര വികസനം, നഗര നവീകരണം, ഹരിത വികസനം എന്നീ പദ്ധതികളാണ് ഈ വാര്‍ഡുകളില്‍ നടപ്പാക്കുക. സ്ഥലലഭ്യത പോലുള്ള കടമ്പകളെ അതിജീവിച്ച് ഏതൊക്കെ പദ്ധതികള്‍ നടപ്പാക്കണമെന്ന് തീരുമാനിക്കാന്‍ നഗരസഭ സാങ്കേതിക സമിതി രണ്ടുദിവസത്തിനകം ചേരും. മാര്‍ച്ച് 20 ഓടെ കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കാനുള്ള സ്മാര്‍ട്ട്‌സിറ്റി രൂപരേഖ തയാറാവുമെന്ന് മേയര്‍ വി കെ പ്രശാന്ത് അറിയിച്ചു. വൈകിട്ട് ആറുവരെയുള്ള വോട്ടുകള്‍ പരിഗണിച്ചാണ് നഗരഹൃദയ മേഖലയും കഴക്കൂട്ടം കോവളം ബൈപാസ് മേഖലയും മെഡിക്കല്‍ കോളജ് ജനറല്‍ ആശുപത്രി മേഖലയും തിരഞ്ഞെടുത്തത്. വോട്ടെടുപ്പില്‍ ആകെ 1,09,092 പേരാണ് പങ്കെടുത്തത്. നൂറു വാര്‍ഡുകളെ ഏഴ് മേഖലകളായി തിരിച്ചാണ് വോട്ടെടുപ്പില്‍ ഉള്‍ക്കൊള്ളിച്ചത്. മേയര്‍ വി കെ പ്രശാന്ത് പ്രതിനിധീകരിക്കുന്ന കഴക്കൂട്ടം മേഖല വോട്ടെടുപ്പില്‍ നാലാം സ്ഥാനത്തായി. കുറഞ്ഞത് 500 കോടിയുടെ വികസനം പദ്ധതികള്‍ പ്രതീക്ഷിക്കുന്ന സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി നാല് വികസന മാതൃകകളാണ് നടപ്പാക്കുന്നത്. ഇതില്‍ പാന്‍സിറ്റി ഡെവലപ്‌മെന്റ് പദ്ധതി കോര്‍പറേഷന്‍ പരിധിയിലെ നൂറുവാര്‍ഡുകളിലും നടപ്പാക്കും.
Next Story

RELATED STORIES

Share it