thrissur local

സ്ഥിരംസമിതി സ്ഥാനമാനങ്ങള്‍ രാജിവയ്ക്കാന്‍ ഒരുക്കമല്ല; കൗണ്‍സിലര്‍

കുന്നംകുളം: കെ പി സി സി നിര്‍ദ്ദേശം അനുസരിച്ച് പാര്‍ട്ടിയിലേക്ക് തിരിച്ച് വരാന്‍ സ്ഥിരം സമിതി സ്ഥാനമാനങ്ങള്‍ രാജിവെക്കില്ലെന്ന് വിമത കൗണ്‍സിലര്‍മാര്‍ കുന്നംകുളത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രണ്ട് വര്‍ഷമായി തങ്ങളുടെ സസ്പന്‍ഷന്‍ പിന്‍വലിക്കുന്നത് സംബന്ധിച്ച് ചര്‍ച്ച നടക്കുകയായിരുന്നു.
നിലവിലുള്ള സ്ഥാനമാനങ്ങള്‍ രാജിവെക്കാതെ മറ്റു ചില ഉപാധികള്‍ മുന്‍നിര്‍ത്തി നടപടി പിന്‍വലിക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നതാണ്. കെ പി സി സിയുടെ തീരുമാനത്തിനെതിരെ അഖിലേന്ത്യ കോണ്‍ഗ്രസ് കമ്മറ്റിക്ക് പരാതി നല്‍കുമെന്നും കൗണ്‍സിലര്‍മാര്‍ പറഞ്ഞു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം പാര്‍ലിമന്ററി പാര്‍ട്ടി കമ്മിറ്റി കൂടുകയോ നേതാവിനെ തിരഞ്ഞെടുക്കുകയോ ചെയ്തില്ല. പാര്‍ലിമന്ററി പാര്‍ട്ടി നേതാവിനെ തിരഞ്ഞെടുക്കാന്‍ ജില്ലാ കോണ്‍്രഗസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ 12 ല്‍ 10 പേരും ഷാജി ആലിക്കലിന്റെ പേര് നിര്‍ദ്ദേശിച്ചിരുന്നതാണ്. എന്നാല്‍ അത് അംഗീകരിക്കാതിരിക്കുന്നതിനായാണ് കമ്മിറ്റി കൂടാതിരുന്നത്.
സ്ഥിരം സമിതി തിരഞ്ഞെടുപ്പില്‍ ആര്‍ക്ക് വോട്ടു ചെയ്യണമെന്നോ നിലപാടോ മണ്ഡലം കമ്മറ്റി നല്‍കിയിരുന്നില്ല. സ്ഥിരം സമിതി തിരഞ്ഞെടുപ്പില്‍ 37 അംഗങ്ങളും കമ്മറ്റിയില്‍ ഉള്‍പ്പെടണമെന്നതിനാല്‍ ബി ജെ പിയോടൊപ്പം കൂട്ടുകൂടി എന്ന് പറയുന്നത് ന്യായമല്ല. കുന്നംകുളത്തെ ഡി സി സി നേതാക്കള്‍ സി പി എമ്മിനൊപ്പം ചേര്‍ന്ന് പ്രധാന സ്ഥിരം സമതികള്‍ സി പി എമ്മിന് നല്‍കാമെന്ന് രഹസ്യ ധാരണ ഉണ്ടാക്കിയിരുന്നു. ഇത് തകര്‍ന്നതാണ് പരാതിക്ക് കാരണം.
നിലവില്‍ പൊതുമരാമത്ത്, ആരോഗ്യം, വിദ്യാഭ്യാസ കമ്മിറ്റികള്‍ തങ്ങളുടെ രാജിയോടെ സി പിഎമ്മിന് ലഭിക്കും. ഇതിന് വേണ്ടിയാണ് തങ്ങളോട് രാജി ആവശ്യപ്പെടുന്നതെന്നും കൗണ്‍സിലര്‍മാര്‍ ആരോപിച്ചു. പാര്‍ട്ടി നല്‍കിയ സമയം മാര്‍ച്ച് 30 ആണ്. ഏപ്രില്‍ രണ്ടിന് പുറത്താക്കുമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതിന് മുന്‍പായി എ ഐ സി സി കൃത്യമായ ഇടപെടല്‍ നടത്തുമെന്ന് വിശ്വാസമുണ്ടെന്നും ഇവര്‍ പറഞ്ഞു.
സ്ഥിരംസമിതി തിരഞ്ഞെടുപ്പില്‍ ബി ജെ പിയുമായി കൂട്ടു കൂടിയെന്നാരോപണത്തെതുടര്‍ന്ന് സസ്‌പെന്‍ഷനിലായ ആറ് കൗണ്‍സിലര്‍മാരോടും തല്‍സ്ഥാനങ്ങള്‍ രാജിവെക്കണമെന്ന് കെ പി സി സി നിര്‍ദ്ദേശിച്ചിരുന്നു.
അല്ലാത്തപക്ഷം പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുമെന്ന അന്ത്യശാസന സംബന്ധിച്ച് പ്രതികരിക്കാനായാണ് വിമത കൗണ്‍സിലര്‍മാര്‍ വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്തത്. സ്ഥിരം സമതി അധക്ഷരായ ഷാജി ആലിക്കല്‍, സുമാ ഗംഗാധരന്‍, മിഷ സെബാസ്റ്റ്യന്‍, കൗണ്‍സിലര്‍മാരായ നിഷ ജയേഷ്, ആനന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it