സ്ഥാനമാറ്റം: സെന്‍കുമാറിന്റെ ഹരജി 24ലേക്ക് മാറ്റി

കൊച്ചി: സംസ്ഥാന ഡിജിപി സ്ഥാനത്തുനിന്നു മാറ്റിയതിനെതിരേ സെന്‍കുമാര്‍ കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലില്‍ നല്‍കിയ ഹരജി പരിഗണിക്കുന്നത് ഈ മാസം 24ലേക്കു മാറ്റി. നിയമപ്രശ്‌നങ്ങളുള്ളതിനാ ല്‍ മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സമയം അനുവദിക്കണമെന്ന സര്‍ക്കാര്‍ വാദം കണക്കിലെടുത്താണു ഹരജി മാറ്റിയത്.
സംസ്ഥാന സര്‍ക്കാരിനുവേണ്ടി സര്‍വീസ് കേസുകളില്‍ പ്രാഗല്‍ഭ്യമുള്ള അഡ്വക്കറ്റ് ജനറല്‍ സി പി സുധാകരപ്രസാദ് നേരിട്ടെത്തിയാണു നാലാഴ്ച സമയം ചോദിച്ചത്. എന്നാല്‍ കൂടുതല്‍ സമയം അനുവദിക്കുന്നതിനെ സെന്‍കുമാറിന്റെ അഭിഭാഷകന്‍ എതിര്‍ത്തു. തുടര്‍ന്നാണ് ജസ്റ്റിസ് എന്‍ കെ ബാലകൃഷ്ണന്‍ അടങ്ങിയ ട്രൈബ്യൂണല്‍ ബെഞ്ച് 24ന് കേസ് പരിഗണിക്കാന്‍ മാറ്റിയത്.
24നു സര്‍ക്കാര്‍ മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും ട്രൈബ്യൂണല്‍ ഉത്തരവിട്ടു. കേരള പോലിസ് ചട്ടത്തിന്റെയും അഖിലേന്ത്യാ സര്‍വീസ് ചട്ടത്തിന്റെയും ലംഘനമാണു തന്റെ സ്ഥാനമാറ്റത്തിലൂടെ നടന്നതെന്നു ചൂണ്ടിക്കാട്ടിയാണ് സെന്‍കുമാര്‍ പരാതി നല്‍കിയത്. സീനിയോറിറ്റി മറികടന്ന് ലോക്‌നാഥ് ബെഹ്‌റയെ പോലിസ് മേധാവിയായി നിയമിച്ച നടപടി കേരള പോലിസ് ആക്റ്റിന്റെ ലംഘനമാണ്. കേരള പോലിസ് ആക്റ്റിന്റെ 97(2) ഇ വകുപ്പുപ്രകാരമാണു സ്ഥാനമാറ്റമെന്നു സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നുണ്ട്. പൊതുജനങ്ങള്‍ക്കിടയില്‍ അതൃപ്തി ഉളവാക്കുന്ന പ്രവൃത്തിയുണ്ടായാ ല്‍ ഉദ്യോഗസ്ഥരെ നീക്കംചെയ്യാന്‍ അധികാരം നല്‍കുന്ന വകുപ്പാണിത്. എന്നാല്‍ ഈ പ്രവൃത്തി എന്താണെന്ന് ഉത്തരവില്‍ പറഞ്ഞിട്ടില്ല. ഇക്കാര്യത്തില്‍ പൊതുജന താല്‍പ്പര്യം മാനിച്ചില്ല. പ്രകാശ് സിങ് കേസിലെ സുപ്രിംകോടതി നിര്‍ദേശം അനുസരിച്ച് ഡിജിപി തസ്തികയിലുള്ള വ്യക്തിയെ മാറ്റണമെങ്കില്‍ ചുരുങ്ങിയത് രണ്ടു വര്‍ഷത്തെയെങ്കിലും തുടര്‍ച്ചയായി സേവനമുണ്ടാവണമെന്നാണ്. എന്നാല്‍ 2015ല്‍ നിയമിതനായ തന്നെ സുപ്രിംകോടതി മാര്‍ഗനിര്‍ദേശം മറികടന്നാണ് രാഷ്ട്രീയ താല്‍പര്യത്തിനു വേണ്ടി മാറ്റിയിരിക്കുന്നതെന്നും ഹരജിയില്‍ പറയുന്നു.
Next Story

RELATED STORIES

Share it