palakkad local

സ്ഥലപരിമിതിയില്‍ വീര്‍പ്പുമുട്ടി മിനി സിവില്‍ സ്റ്റേഷന്‍

പട്ടാമ്പി: വാഹനങ്ങളുമായി വിവിധ ആവശ്യങ്ങള്‍ക്കായി പട്ടാമ്പി മിനി സിവില്‍ സ്റ്റേഷനിലെത്തുന്നവര്‍ വലയുന്നു. മിനിസിവില്‍ സ്റ്റേഷന്‍ വളപ്പ് നിറഞ്ഞുകിടക്കുന്ന തുരുമ്പെടുത്ത മണല്‍കടത്ത് വാഹനങ്ങളുടെ ആധിക്യം കാരണം വാഹനങ്ങളുമായെത്തുന്നവരാണ് വലയുന്നത്. കാലോ തലയോ ശരീരത്തിലെ മറ്റ് ഭാഗങ്ങളിലെവിടെയെങ്കിലും തുരുമ്പിച്ച ഇരുമ്പ് തട്ടിയാല്‍ ആരോഗ്യത്തിന് തന്നെ ഭീഷണിയാവുകയും ചെയ്യും. വില്ലേജ് ഓഫിസിനടുത്തുള്ള ഗേറ്റിലൂടെ പ്രവേശിച്ചാല്‍ വാഹനങ്ങള്‍ നിറഞ്ഞുകിടക്കുന്ന കാഴ്ചയാണ്.
ലേലത്തിലൂടെ കുറേ വണ്ടികള്‍ കഴിഞ്ഞദിവസം നീക്കിയെങ്കിലും ഇനിയും വാഹനങ്ങള്‍ ഇവിടെ കിടപ്പുണ്ട്. താലൂക്ക് വികസനസമിതികളിലും ഇക്കാര്യം തുടര്‍ച്ചയായി ചര്‍ച്ചയാവാറുണ്ട്. മഴയ്ക്കുമുമ്പ് വാഹനങ്ങള്‍ മുഴുവനായും നീക്കം ചെയ്തില്ലെങ്കില്‍ വെള്ളം കെട്ടിക്കിടന്ന് ഡെങ്കിപ്പനിയടക്കമുള്ള പകര്‍ച്ചവ്യാധികള്‍ക്ക് സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. താഴത്തെ നിലയിലും മറ്റ് രണ്ട് നിലകളിലുമായി 15 ഓഫിസുകള്‍ മിനി സിവില്‍ സ്‌റ്റേഷനില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വിവിധ ആവശ്യങ്ങള്‍ക്കായി നിരവധിപേര്‍ ഇവിടെ വരുന്നുണ്ട്. രജിസ്ട്രാര്‍ ഓഫിസുകള്‍ക്ക് മുന്നിലും മറ്റും മണിക്കൂറുകള്‍ കാത്തുനില്‍ക്കേണ്ടിവരും. എന്നാല്‍, ഇവിടെയിരിക്കുന്നവര്‍ക്കായി ഒരു ഫാന്‍പോലും സ്ഥാപിച്ചിട്ടില്ല.
വേനല്‍ക്കാലത്ത് ചൂട് കുടുമ്പോള്‍ ഇവിടെയിരിക്കുന്നത് ഏറെ ബുദ്ധിമുട്ടാണെന്ന് നാട്ടുകാര്‍ പറയുന്നു. താഴത്തെ നിലയില്‍ ഇരുവശത്തുമായി രണ്ട് ശൗചാലയമാണുള്ളത്. എന്നാല്‍, ഇത് മുഴുവന്‍സമയവും അടഞ്ഞുകിടക്കയാണ്. വെള്ളത്തിന്റെ കുറവും സ്‌റ്റേഷനിലുണ്ട്. അഴുക്കുചാല്‍ സംവിധാനവും കാര്യക്ഷമമാക്കേണ്ടതുണ്ട്. വ്യവസായവകുപ്പ്, ലേബര്‍ ഓഫിസ് തുടങ്ങിയ ഓഫീസുകള്‍ ഇനിയും താലൂക്കില്‍ വരാനുണ്ട്. അതിനുള്ള സ്ഥലപരിമിതിയും മിനി സിവില്‍ സ്‌റ്റേഷനിലുണ്ട്.
Next Story

RELATED STORIES

Share it