സ്ത്രീസുരക്ഷയ്ക്ക് നിര്‍ഭയ ഫണ്ടില്‍ നിന്ന് 2,919 കോടി

ന്യൂഡല്‍ഹി: സ്ത്രീസുരക്ഷയ്ക്ക് പ്രത്യേക പരിഗണന നല്‍കി സുരക്ഷാ നഗരങ്ങള്‍ സൃഷ്ടിക്കാന്‍ നിര്‍ഭയ ഫണ്ടില്‍ നിന്ന് 2919 കോടി രൂപ അനുവദിക്കും. ഇതുസംബന്ധിച്ച തീരുമാനത്തിന് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കി. പൊതുഇടങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങളില്‍ വളരെ പെട്ടെന്ന് ഇടപെടാന്‍ കഴിയുന്ന ദ്രുതകര്‍മസേന അടക്കം രൂപീകരിക്കുന്നതിനാണ് തുക വകയിരുത്തിയിട്ടുള്ളത്. ഡല്‍ഹി, മുംബൈ, ചെന്നൈ, അഹ്മദാബാദ്, കൊല്‍ക്കത്ത, ബംഗളൂരു, ൈഹദരാബാദ്, ലഖ്‌നോ നഗരങ്ങളിലെ തദ്ദേശഭരണ സ്ഥാപനങ്ങളുമായും പോലിസുമായും ചേര്‍ന്നായിരിക്കും പദ്ധതി നടപ്പാക്കുക.
സ്ത്രീസുരക്ഷാ പദ്ധതിയുടെ കീഴില്‍ ഡല്‍ഹിയില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതിക്കുമാത്രം 663 കോടി രൂപയാണ് ചെലവു കണക്കാക്കുന്നത്. റോഡുകള്‍, മെട്രോ സ്റ്റേഷനുകള്‍, സ്‌കൂള്‍, പൊതുഇടങ്ങള്‍ എന്നിവിടങ്ങളില്‍ അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്ന വിധത്തിലാണു പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. വീഡിയോ നിരീക്ഷണം, മുഖം തിരിച്ചറിയാവുന്ന രീതിയിലുള്ള സംവിധാനങ്ങള്‍, ജിപിഎസ് ട്രാക്കിങ് സംവിധാനങ്ങള്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു.
252 കോടി രൂപ ചെലവില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന മുംബൈ പദ്ധതിക്കും ഇതിനോടകം അംഗീകാരം ലഭിച്ചിട്ടുണ്ട്. മുംബൈ ചേരികളിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി നടപ്പാക്കുന്ന പോലിസ് ദീദി പദ്ധതിയും ഉള്‍പ്പെടുത്തിയാണ് സ്ത്രീസുരക്ഷാ നഗരം നടപ്പാക്കുന്നത്. നഗരത്തില്‍ കുറ്റകൃത്യങ്ങള്‍ കൂടിയ ഇടങ്ങളില്‍ സ്ത്രീസുരക്ഷാ ഇടങ്ങള്‍ സൃഷ്ടിക്കുക, വീഡിയോ നിരീക്ഷണം, ദ്രുതകര്‍മസേനാ രൂപീകരണം എന്നിവയ്ക്കാണ് മുംബൈയില്‍ മുന്‍ഗണന നല്‍കുന്നത്. പദ്ധതിയുടെ ഭാഗമായി ദക്ഷിണേന്ത്യന്‍ നഗരമായ ചെന്നൈക്ക് 425 കോടി രൂപ ലഭിക്കും. ഈയിനത്തില്‍ അഹ്മദാബാദിന് 253 കോടിയും കൊല്‍ക്കത്തയ്ക്ക് 181.32 കോടിയും വകയിരുത്തിയിട്ടുണ്ട്. 667 കോടി ചെലവു വരുന്ന പദ്ധതികളാണ് ബംഗളൂരു സ്ത്രീസുരക്ഷാ പദ്ധതികള്‍ക്കായി ആവശ്യപ്പെട്ടിട്ടുള്ളത്. 2013-17 വരെയുള്ള കണക്കുകള്‍ പ്രകാരം 3,100 കോടി രൂപയാണ് നിര്‍ഭയ ഫണ്ട് പ്രകാരം സ്വരൂപിച്ചിട്ടുള്ളത്.
Next Story

RELATED STORIES

Share it