Districts

സോളാര്‍ വിഷയം മുഖ്യമന്ത്രിയുമായി സംസാരിച്ചിട്ടില്ല

കൊച്ചി: സോളാര്‍ വിഷയവുമായി ബന്ധപ്പെട്ട ഒരു പ്രശ്‌നങ്ങളെക്കുറിച്ചും താന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി സംസാരിച്ചിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ സോളാര്‍ ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന ജസ്റ്റിസ് ജി ശിവരാജന്‍ കമ്മീഷന്‍ മുമ്പാകെ മൊഴി നല്‍കി. ഗുരുതരമായ സ്വഭാവദൂഷ്യം ആരോപിക്കപ്പെടുന്ന പാര്‍ട്ടി അംഗത്തിനെതിരേ കേസുണ്ടെങ്കില്‍ കോടതിവിധി വരും മുമ്പുതന്നെ സംഘടനാതലത്തില്‍ അന്വേഷണം നടത്തി— നടപടി സ്വീകരിക്കുമെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.
സോളാര്‍ വിഷയത്തില്‍ എ പി അബ്ദുല്ലക്കുട്ടി എംഎല്‍എയ്‌ക്കെതിരേ തനിക്ക് ഒരാളും പരാതി നല്‍കിയിട്ടില്ല. സോളാര്‍ വിവാദവുമായി ബന്ധപ്പെട്ട് ഓള്‍ ഇന്ത്യ കോണ്‍ഗ്രസ് കമ്മിറ്റി അംഗം ഷാനിമോള്‍ ഉസ്മാനോ മുന്‍ കേന്ദ്രമന്ത്രി കെ സി വേണുഗോപാലോ പരാതി നല്‍കിയിട്ടില്ല. ടീം സോളാര്‍ കമ്പനിക്കെതിരേ പരാതി നല്‍കിയ ശ്രീധരന്‍നായര്‍ കോണ്‍ഗ്രസ്സുകാരനാണെന്ന വിവരവും തനിക്കറിയില്ല. നിയമസഭാ വെബ്‌സൈറ്റില്‍ കൊടുത്തിട്ടുള്ള നടപടിക്രമരേഖകള്‍ ആധികാരികമാണ്. സോളാര്‍ വിഷയത്തിലെ സത്യമെന്തായാലും അതു വിജയിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും വി എം സുധീരന്‍ പറഞ്ഞു. കക്ഷിയായ ഓള്‍ ഇന്ത്യാ ലോയേഴ്‌സ് യൂനിയന്‍ മാത്രമാണ് സോളാര്‍ കമ്മീഷന്‍ സിറ്റിങില്‍ തിങ്കളാഴ്ച സുധീരനെ വിസ്തരിച്ചത്. ലോയേഴ്‌സ് യൂനിയനു വേണ്ടി സംസ്ഥാന സെക്രട്ടറികൂടിയായ അഡ്വ. ബി രാജേന്ദ്രനാണ് ഹാജരായത്.— ഇതിനിടെ തന്നെ രാഷ്ട്രീയവിചാരണ നടത്താനുള്ള വേദിയായാണ് കമ്മീഷന്‍ സിറ്റിങ് കക്ഷികള്‍ ഉപയോഗിക്കുന്നതെന്ന് സുധീരന്‍ കമ്മീഷനോട് പരാതിപ്പെട്ടു.
എന്നാല്‍, സുധീരനെ അപമാനിക്കാനോ ആക്ഷേപിക്കാനോ രാഷ്ട്രീയവിചാരണ നടത്താനോ കമ്മീഷന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ജസ്റ്റിസ് ജി ശിവരാജന്‍ മറുപടി നല്‍കി. സോളാര്‍ വിവാദവുമായി ബന്ധപ്പെട്ട് നിയമസഭയ്ക്കകത്തും പുറത്തും ഉയര്‍ന്ന ആരോപണങ്ങളുടെ നിജസ്ഥിതി അന്വേഷിച്ച് റിപോര്‍ട്ട് നല്‍കുകയെന്ന ഉത്തരവാദിത്തമാണ് കമ്മീഷനുള്ളത്. അതിനു സഹായകമായ വിവരങ്ങള്‍ നല്‍കേണ്ടത് പൊതുപ്രവര്‍ത്തകരാണ്. കമ്മീഷന്‍ റിപോര്‍ട്ട് നല്‍കാതെ നടപടികള്‍ നീട്ടിക്കൊണ്ടുപോവുന്നത് സാമ്പത്തികലക്ഷ്യമുള്ളതുകൊണ്ടാണെന്ന് ചില വാര്‍ത്തകള്‍ കണ്ടു. അത്തരത്തിലൊരു സാമ്പത്തിക ഉദ്ദേശ്യം കമ്മീഷനില്ല. കമ്മീഷന്‍ നോട്ടീസ് അയച്ചിട്ടും പല ജനപ്രതിനിധികളും പൊതുപ്രവര്‍ത്തകരും സഹകരിച്ചിട്ടില്ലെന്നും നടപടിക്രമങ്ങള്‍ നീളാനുള്ള കാരണമിതാണെന്നും ജസ്റ്റിസ് ജി ശിവരാജന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it