Editorial

സോളാര്‍ റിപോര്‍ട്ട് വിരല്‍ ചൂണ്ടുന്നത്‌



സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട ജി ശിവരാജന്‍ കമ്മീഷന്‍ റിപോര്‍ട്ട് നിയമസഭയില്‍ വച്ചതോടെ കേരള രാഷ്ട്രീയം വീണ്ടും പ്രക്ഷുബ്ധമാവുന്നതിന്റെ സൂചനകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇത്രയധികം രാഷ്ട്രീയ നേതാക്കള്‍ പ്രതിസ്ഥാനത്തു വരുന്ന ഒരു അന്വേഷണ കമ്മീഷന്‍ റിപോര്‍ട്ട് കേരള ചരിത്രത്തില്‍ തന്നെ ഇതാദ്യമാണ്. വേങ്ങര ഉപതിരഞ്ഞെടുപ്പുവേളയില്‍ റിപോര്‍ട്ടിലെ ഉള്ളടക്കം മുഖ്യമന്ത്രി വെളിപ്പെടുത്തിയതിനെതിരേ രാഷ്ട്രീയായുധമെന്ന ആരോപണം പ്രതിപക്ഷത്തുനിന്ന് ഉയര്‍ന്നിരുന്നു. ഉമ്മന്‍ചാണ്ടിക്കെതിരേ അഴിമതിയും ലൈംഗിക ചൂഷണവും ഉള്‍പ്പെടെ ചേര്‍ത്ത് കേസെടുക്കുമെന്ന പ്രഖ്യാപനവും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായി. എന്നാല്‍, പിന്നീട് ഹൈക്കോടതി മുന്‍ ചീഫ്ജസ്റ്റിസ് അരിജിത് പസായത്തിന്റെ നിയമോപദേശം കൂടി കണക്കിലെടുത്താവണം ലൈംഗിക അതിക്രമക്കേസില്‍ എഫ്‌ഐആര്‍ വേണ്ടതില്ലെന്നും അഴിമതി സംബന്ധിച്ചു പൊതു അന്വേഷണം മതിയെന്നുമുള്ള തീരുമാനം കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗം കൈക്കൊണ്ടത്. സരിതാ നായരില്‍ നിന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കം പണം കൈപ്പറ്റിയതായും അവരെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയതായും 214 സാക്ഷിമൊഴികളും ആയിരത്തിലധികം പേജുകളും വരുന്ന റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാല്‍ കമ്മീഷനു സമര്‍പ്പിച്ച സരിതാ നായരുടെ വിവാദ കത്തിനെ അടിസ്ഥാനപ്പെടുത്തിയാണ് ലൈംഗിക അതിക്രമവുമായി ബന്ധപ്പെട്ട കണ്ടെത്തലുകള്‍. ഉമ്മന്‍ചാണ്ടിയുടെ ഓഫിസിനെയും പേഴ്‌സനല്‍ സ്റ്റാഫിനെയും കേന്ദ്രീകരിച്ചാണ് ആരോപണങ്ങള്‍ അധികവും. അതുകൊണ്ടുതന്നെ ഇതിന്റെ ധാര്‍മിക ഉത്തരവാദിത്തത്തില്‍ നിന്ന് അദ്ദേഹത്തിന് ഒഴിഞ്ഞുമാറാനാവില്ല. യുഡിഎഫ് എന്തെല്ലാം പ്രതിരോധം തീര്‍ക്കാന്‍ ശ്രമിച്ചാലും അതിന്റെ ഭാവിയെ ഗുരുതരമായി ബാധിക്കുന്ന ഒന്നാണ് റിപോര്‍ട്ടിലെ കണ്ടെത്തലുകള്‍ എന്നതില്‍ സംശയമില്ല. യുഡിഎഫിലെ വിവിധ പാര്‍ട്ടികളിലെ നേതാക്കന്‍മാര്‍ക്കെതിരേ ലൈംഗികാരോപണം ഉയര്‍ന്നിരിക്കുന്നു എന്നതാണ് ഈ കേസിലെ ഏറ്റവും ലജ്ജാകരമായ ഘടകം. കേരള രാഷ്ട്രീയത്തിലെ അതികായന്‍മാര്‍ മാത്രമല്ല, മുന്‍ കേന്ദ്രമന്ത്രിമാര്‍ വരെ ആരോപണവിധേയരായുണ്ട് എന്നത് നമ്മുടെ രാഷ്ട്രീയരംഗം അങ്ങേയറ്റം മലീമസമായിക്കഴിഞ്ഞിരിക്കുന്നു എന്നതിന്റെ തെളിവാണ്.  ശിവരാജന്‍ കമ്മീഷന്‍ റിപോര്‍ട്ട് വിരല്‍ ചൂണ്ടുന്നതും നമ്മുടെ പൊതുരംഗത്തു വ്യക്തിവിശുദ്ധിയും രാഷ്ട്രീയ സദാചാരവും വീണ്ടെടുക്കേണ്ടതിന്റെ അനിവാര്യതയിലേക്കാണ്. ഭരണപക്ഷത്തിന് ഇതൊരു ശക്തമായ രാഷ്ട്രീയായുധമായിരിക്കാം. വര്‍ഗീയ ശക്തികള്‍ ദേശീയതലത്തില്‍ പിടിമുറുക്കുമ്പോള്‍ അതിനെ ചെറുക്കാന്‍ നേതൃത്വം കൊടുക്കേണ്ട കോണ്‍ഗ്രസ്സിന് കേരളത്തിലെങ്കിലും റിപോര്‍ട്ട് തീര്‍ച്ചയായും ഇരുട്ടടിയാണ്. വലിയ വില കൊടുത്തുകൊണ്ടു മാത്രമേ ഈ പതനത്തില്‍ നിന്ന് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് കരകയറാനാവൂ.
Next Story

RELATED STORIES

Share it