Idukki local

സോളാര്‍ പാനലും ശ്മശാനത്തിലെ ഫര്‍ണസും പ്രവര്‍ത്തിക്കുന്നില്ല

തൊടുപുഴ: 45 മെഗാവാട്ട് വൈദ്യുതി ഉണ്ടാകുമെന്ന് പറഞ്ഞ് ആറുമാസം മുമ്പ് ഉദ്ഘാടനം ചെയ്ത സോളാര്‍ പാനലും ശ്മശാനത്തിലെ പുതിയ ഫര്‍ണസും പ്രവര്‍ത്തിക്കുന്നില്ലെന്ന ആരോപണം നഗരസഭ കൗണ്‍സിലില്‍ വാക്കേറ്റത്തിനു കാരണമായി. ഭരണപക്ഷ കൗണ്‍സിലറായ എം കെ ഷാഹുല്‍ ഹമീദ് ഉന്നയിച്ച ആരോപണത്തെ കൗണ്‍സിലര്‍ പി എ ഷാഹുല്‍ ഹമീദും പിന്തുണച്ചു. ഇതോടെ ആരോപണത്തിലെ സത്യാവസ്ഥ വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫ് കൗണ്‍സിലര്‍മാരും രംഗത്തെത്തി.
ഇതിനിടെ വൈദ്യുതി നിലച്ചപ്പോള്‍ ഇടതു കൗണ്‍സിലര്‍മാര്‍ ചൂട് അസഹ്യമാണെന്നും യോഗത്തില്‍ ഇരിക്കാന്‍ ബുദ്ധിമുട്ടാണെന്നും പറഞ്ഞ് ബഹളം വച്ചപ്പോഴാണ് സോളാര്‍ വിഷയവും ഉയര്‍ന്നത്. വൈസ് ചെയര്‍മാന്‍ ടി കെ സുധാകരന്‍ നായര്‍ ഫര്‍ണസ് പ്രവര്‍ത്തിക്കുന്നില്ലെന്ന ആരോപണം നിഷേധിച്ച് രംഗത്തെത്തി. വൈസ് ചെയര്‍മാന് പിന്തുണയുമായി മുസ്‌ലിംലീഗ് കൗണ്‍സിലര്‍ ഹാരിദും നിലപാടെടുത്തു. തുടര്‍ന്ന് എഇയെ കൗണ്‍സില്‍ യോഗത്തിലേക്ക് വിളിച്ചുവരുത്തി വിശദീകരണം ആവശ്യപ്പെട്ടു. സോളാറിന്റെ പ്രവര്‍ത്തനം ഇതുവരെ ആരംഭിച്ചിട്ടില്ലെന്ന് എഇ അറിയിച്ചു.
എന്നാല്‍, മുനിസിപ്പല്‍ ടൗണ്‍ഹാളിലെ പാനലിന് മാത്രമേ വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ ഇലക്ടിക്കല്‍ ഇന്‍സ്‌പെക്ട്രേറ്റിന്റെ അനുമതി ലഭിച്ചിട്ടുള്ളുവെന്നും മുനിസിപ്പാലിറ്റിയിലെ പാനലിന് അനുമതി ലഭിക്കണമെങ്കില്‍ ഒരു കോമണ്‍ പാനല്‍ കൂടി സ്ഥാപിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. പുതുതായി സ്ഥാപിക്കാന്‍ ടെന്‍ഡര്‍ വിളിച്ചിട്ടുണ്ട്. ശാന്തിതീരം ശ്മശാനത്തിലെ രണ്ട് ഫര്‍ണസും പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍, ഒരേസമയം പ്രവര്‍ത്തിപ്പിക്കാന്‍ ഇവിടുള്ള ജനറേറ്ററിന് ശക്തിയില്ലാത്തതിനാല്‍ ശേഷികൂടിയ ജനറേറ്റര്‍ വാങ്ങേണ്ടതുണ്ടെന്നും എഇ  വ്യക്തമാക്കി. ഗാന്ധിസ്‌ക്വയറിലും മുനിസിപ്പല്‍ മൈതാനത്തിലും പാര്‍ക്കിലുമുള്ള ഫഌക്‌സ് ബോര്‍ഡ് മൂന്ന് ദിവസത്തിനുള്ളില്‍ നീക്കംചെയ്യാന്‍ രാഷ്ട്രീയ പാര്‍ട്ടികളോട് ആവശ്യപ്പെടും. ഇല്ലെങ്കില്‍ മുനിസിപ്പാലിറ്റി നീക്കം ചെയ്യും.
രാഷ്ട്രീയപാര്‍ട്ടികളുടെ ഫഌക്‌സ് മാറ്റാന്‍ ഉദ്യോഗസ്ഥര്‍ക്ക് ഭയമാണെന്നും ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. കെട്ടിടനികുതിയുടെ കുടിശിക അടയ്ക്കുന്നതിനെതിരെ ബില്‍ഡിങ് ഓണേഴ്‌സ് അസോസിയേഷന്‍ അനുകൂലവിധി സമ്പാദിച്ചിട്ടുണ്ടെന്ന് സെക്രട്ടറി അറിയിച്ചു. വിധി സമ്പാദിച്ച അസോസിയേഷന്റെ കെട്ടിടങ്ങള്‍ക്കും കക്ഷികളായ 23 വ്യക്തികള്‍ക്കും മാത്രമാണ് ഇടക്കാല വിധിയുടെ അനുകൂല്യം ലഭിക്കുന്നത്. മര്‍ച്ചന്റ്‌സ് അസോസിയേഷന്റേതായ നിവേദനം ലഭിച്ചാല്‍ സര്‍ക്കാരിനു കൈമാറാമെന്നും കൗണ്‍സില്‍ തീരുമാനിച്ചു.
Next Story

RELATED STORIES

Share it