സോളാര്‍ തട്ടിപ്പുകേസ്: മുഖ്യമന്ത്രിയെ വീണ്ടും വിസ്തരിക്കണമെന്നാവശ്യപ്പെട്ട് ഹരജി

കൊച്ചി: സോളാര്‍ കമ്മീഷന്‍ മുമ്പാകെ വാസ്തവ വിരുദ്ധമായി മൊഴി നല്‍കിയ മുഖ്യമന്ത്രിയെ വീണ്ടും വിസ്തരിക്കണമെന്നാവശ്യപ്പെട്ട് ഓള്‍ ഇന്ത്യാ ലോയേഴ്‌സ് യൂനിയന്‍(എഐഎല്‍യു) സോളാര്‍ കമ്മീഷന്‍ മുമ്പാകെ ഹരജി നല്‍കി. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയോട് വിശദീകരണമാവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ അഭിഭാഷകനും സര്‍ക്കാര്‍ അഭിഭാഷകനും കമ്മീഷന്‍ നോട്ടീസ് നല്‍കും. കമ്മീഷനില്‍ കക്ഷിയായ ഓള്‍ ഇന്ത്യാ ലോയേഴ്‌സ് യൂനിയന് വേണ്ടി അഡ്വ. ബി രാജേന്ദ്രനാണ് ഹരജി സമര്‍പ്പിച്ചിരിക്കുന്നത്. ഹരജി 26ന് പരിഗണിക്കും.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാസ്തവ വിരുദ്ധവുമായ കാര്യങ്ങളാണ് സോളാര്‍ കമ്മീഷന്‍ മുമ്പാകെ പറഞ്ഞിരിക്കുന്നതെന്നും മൊഴിയില്‍ വൈരുദ്ധ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും ഹരജിയില്‍ ആരോപിക്കുന്നു. 2012 ഡിസംബര്‍ 29ന് ആണ് താന്‍ ഡല്‍ഹിയിലെ വിജ്ഞാന്‍ഭവനില്‍ പോയതെന്നാണ് മുഖ്യമന്ത്രി നേരത്തെ നിയമസഭയില്‍ പറഞ്ഞിരുന്നത്. എന്നാല്‍, കമ്മീഷന്‍ മുമ്പാകെ മുഖ്യമന്ത്രി നല്‍കിയ മൊഴിയില്‍ 27നാണ് വിജ്ഞാന്‍ ഭവനില്‍ പോയതെന്ന് മാറ്റി പറഞ്ഞു. സരിതയുടെ മുന്‍ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണനെ അറിയില്ലെന്നും ഫോണില്‍ വിളിച്ചിട്ടേയില്ല എന്നുമാണ് ജനുവരി 25ന് മുഖ്യമന്ത്രി കമ്മീഷനില്‍ മൊഴി നല്‍കിയിരുന്നത്. എന്നാല്‍, ഫെനിയുടെ ഫോണ്‍ നമ്പറിന്റെ സിഡിആര്‍ പ്രകാരം നാലുതവണ ഫെനി മുഖ്യമന്ത്രിയുമായി സംസാരിച്ചതായി കമ്മീഷന്‍ കണ്ടെത്തിയിരുന്നു.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മന്ദഗതിയിലായ സോളാര്‍ കമ്മീഷന്‍ വിസ്താരങ്ങള്‍ അടുത്ത ആഴ്ച മുതല്‍ പുനരാരംഭിക്കും. സോളാര്‍ കേസുമായി ബന്ധപ്പെട്ട് ഡിവൈഎസ്പിമാരായ ഹരികൃഷ്ണന്‍, വി അജിത്ത്, എഡിജിപി പത്മകുമാര്‍ എന്നിവരെയാണ് കമ്മീഷന്‍ ആദ്യം വിസ്തരിക്കുക. 25ഓളം സാക്ഷികളെയാണ് ഇനി വിസ്തരിക്കാനുള്ളത്. കമ്മീഷനില്‍ ഹാജരാവേണ്ട സാക്ഷികളുടെ സമയക്രമവും ഇന്നലെ നിശ്ചയിച്ചു. തിരഞ്ഞെടുപ്പ് സമയമായതിനാല്‍ പ്രചാരണങ്ങളാല്‍ തിരക്കുള്ള രാഷ്ട്രീയ നേതാക്കള്‍ക്ക് കമ്മീഷനില്‍ ഹാജരാവാന്‍ സമയം അനുവദിക്കണമെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കമ്മീഷനോട് ആവശ്യപ്പെട്ടു.
സോളാര്‍ കമ്മീഷനെതിരേ മാധ്യമങ്ങളില്‍ വിമര്‍ശനം നടത്തിയ ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂനിയന്‍ ജനറല്‍ സെക്രട്ടറി അഡ്വ. ബി രാജേന്ദ്രന് വിശദീകരണം സമര്‍പ്പിക്കാനുള്ള സമയം 26 വരെ നീട്ടി. വിശദീകരണം സമര്‍പ്പിക്കാന്‍ രണ്ടാഴ്ച കൂടി സമയം അനുവദിക്കണമെന്ന രാജേന്ദ്രന്റെ അപേക്ഷ പരിഗണിച്ചാണിത്. അഭിഭാഷകരില്ലാത്ത അവസരങ്ങളില്‍ കക്ഷിയെ കൊണ്ട് സാക്ഷികളെ വിസ്തരിക്കാന്‍ അനുവദിക്കണമോ എന്ന കാര്യവും കമ്മീഷന്‍ 26ന് പരിഗണിക്കും.
Next Story

RELATED STORIES

Share it