സോളാര്‍ കേസ്: കോടിയേരി മാപ്പുപറയണമെന്ന് തിരുവഞ്ചൂര്‍

തിരുവനന്തപുരം: സോളാര്‍ കേസില്‍ തനിക്കെതിരേയുള്ള പരാമര്‍ശത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മാപ്പുപറയണമെന്ന് മന്ത്രി തിരൂവഞ്ചൂര്‍ രാധാകൃഷ്ണന്‍. സോളാര്‍ കേസിലെ നിര്‍ണായക തെളിവുകളായ പെന്‍ഡ്രൈവ് തിരുവഞ്ചൂരിന്റെ കൈയിലാണെന്നായിരുന്നു കോടിയേരിയുടെ പ്രസ്താവന. കോടിയേരിയെപ്പോലെ ഒരാള്‍ തമാശക്കുപോലും ഇത്തരം പ്രസ്താവന നടത്തരുതെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
സോളാര്‍ കേസിന്റെ കാര്യത്തില്‍ താന്‍ ഇതുവരെ സുതാര്യ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ഒളികാമറയോ പെന്‍ഡ്രൈവോ കൊണ്ടുനടക്കുന്ന പാരമ്പര്യം തങ്ങള്‍ക്കില്ല. കോടിയേരിക്ക് ഇത്തരത്തില്‍ പറയാന്‍ കഴിഞ്ഞതില്‍ അദ്ദേഹത്തോടു സഹതാപം രേഖപ്പെടുത്തുന്നു. തൊണ്ടിസാധനം കട്ടുകൊണ്ടുപോയി എന്നൊക്കെയാണ് ആരോപണം. ബിജു രാധാകൃഷ്ണന്റെ ആദ്യഭാര്യ രശ്മിയുടെ മരണം സംബന്ധിച്ച കേസ് 2006ല്‍ നിസ്സാരവല്‍ക്കരിച്ചതായിരുന്നു. എന്നാല്‍, താന്‍ ആഭ്യന്തരമന്ത്രിയായിരുന്നപ്പോഴാണ് അതു കൊലപാതകമാണെന്നു കണ്ടുപിടിച്ച് അടിയന്തര നടപടി സ്വീകരിച്ചത്. 2006ല്‍ കേസ് നിസ്സാരവല്‍ക്കരിച്ച സമയത്ത് സിപിഎം നേതൃത്വം അന്വേഷണത്തെക്കുറിച്ച് ഒന്നും പറഞ്ഞിരുന്നില്ല. ഇപ്പോള്‍ ആവശ്യമില്ലാതെ ആളുകളുടെ ദേഹത്തു ചളിതെറിപ്പിക്കുകയാണ് അവര്‍ ചെയ്യുന്നത്.
സര്‍ക്കാരിന്റെ നേരായ സമീപനംകൊണ്ട് പരിക്കുപറ്റിയ നിരവധി പേരുണ്ട്. അവര്‍ക്ക് സ്വാഭാവികമായും പ്രതികാരവുമുണ്ട്. അങ്ങനെയുള്ളവര്‍ പറയുന്നതുകേട്ട് അതിന്റെ പിന്നാലെ സിപിഎം തിരിയുന്നത് ശരിയല്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it