സോളാര്‍ കമ്മീഷന്റെ കാലാവധി നീട്ടാന്‍ ആവശ്യപ്പെടും

കൊച്ചി: സോളാര്‍ അന്വേഷണ കമ്മീഷന്റെ കാലാവധി ആറു മാസത്തേക്ക് കൂടി നീട്ടിനല്‍കാന്‍ ജസ്റ്റിസ് ജി ശിവരാജന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടും. കമ്മീഷനു ലഭിച്ച പുതിയ തെളിവുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തില്‍ വിശദമായ റിപോര്‍ട്ട് സമര്‍പ്പിക്കേണ്ടതിനാലാണ് കൂടുതല്‍ സമയം ആവശ്യപ്പെടുന്നതെന്ന് ജസ്റ്റിസ് ശിവരാജന്‍ പറഞ്ഞു. സര്‍ക്കാര്‍ തീരുമാനം അറിയിക്കാന്‍ അഭിഭാഷകനെ ചുമതലപ്പെടുത്തി.
അതേസമയം, സോളാര്‍ കമ്മീഷനെ പൊതുയോഗത്തില്‍ വിമര്‍ശിച്ച മന്ത്രി ഷിബു ബേബി ജോണിനെ കമ്മീഷന്‍ നിശിതമായി വിമര്‍ശിച്ചു. മന്ത്രിസ്ഥാനത്തുള്ള ഒരാള്‍ മോശം പരാമര്‍ശങ്ങള്‍ നടത്തുന്നത് പൊതുജനങ്ങള്‍ക്കിടയില്‍ തെറ്റായ സന്ദേശം നല്‍കുമെന്നും മന്ത്രിയുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ച ഉണ്ടായിട്ടുണ്ടെന്നും ജസ്റ്റിസ് പറഞ്ഞു.
കൊല്ലത്ത് ആര്‍എസ്പി രാഷ്ട്രീയ വിശദീകരണ യോഗത്തില്‍, സോളാര്‍ കമ്മീഷന്‍ വിചാരണയുടെ പേരില്‍ മുഖ്യമന്ത്രിയുടെ വിലപ്പെട്ട 15 മണിക്കൂര്‍ കണ്ട വായ്‌നോക്കികളുടെ മുന്നില്‍ നഷ്ടപ്പെട്ടെന്ന മന്ത്രിയുടെ പരാമര്‍ശത്തിനെതിരേ അഡ്വ. സി രാജേന്ദ്രന്‍ സമര്‍പ്പിച്ച ഹരജിയില്‍ മറുപടി പറയുകയായിരുന്നു കമ്മീഷന്‍.
അതേസമയം വിവാദ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് മന്ത്രി ഷിബു ബേബി ജോണ്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. എന്നാല്‍ ഇതുകൊണ്ടു മാത്രം പരാമര്‍ശം ഇല്ലാതാവില്ലെന്നായിരുന്നു കമ്മീഷന്റെ നിരീക്ഷണം.
Next Story

RELATED STORIES

Share it