Flash News

സോളാര്‍ : ഉദ്യോഗസ്ഥരുടെ യോഗം ഉടനെ



തിരുവനന്തപുരം: സോളാര്‍ കേസ് അന്വേഷിക്കാന്‍ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘത്തിലെ ഉദ്യോഗസ്ഥന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. അന്വേഷണ ഉദ്യോഗസ്ഥരുടെ യോഗം അടുത്ത ദിവസം നടക്കും. അന്വേഷണസംഘത്തിലെ രണ്ടാമനായ ഐജി ദിനേന്ദ്ര കശ്യപിനെയാണ് മുഖ്യമന്ത്രി വിളിച്ചുവരുത്തിയത്. അന്വേഷണ സംഘത്തലവനായ ഉത്തരമേഖലാ ഡിജിപി രാജേഷ് ദിവാന്‍ കോഴിക്കോട്ട് ആയതിനാലാണ് ദിനേന്ദ്ര കശ്യപിനെ വിളിപ്പിച്ചത്. പഴുതുകളടച്ച് അന്വേഷണം വേഗത്തില്‍ തീര്‍പ്പാക്കണം. വിഷയത്തില്‍ പോലിസ് ഇടപെടലുകളും മറ്റും എങ്ങനെയായിരിക്കണമെന്ന നിര്‍ദേശവും മുഖ്യമന്ത്രി നല്‍കി. ആറംഗസംഘം വിപുലീകരിക്കാനുള്ള അനുമതി സര്‍ക്കാര്‍ നല്‍കിയിരുന്നു. ഇക്കാര്യം വേഗത്തിലാക്കാന്‍ കശ്യപ് മുഖേന രാജേഷ് ദിവാന്‍ മുഖ്യമന്ത്രിയോട് അഭ്യര്‍ഥിച്ചു. അഴിമതി ആരോപണങ്ങള്‍ സംഘത്തിലുള്ള വിജിലന്‍സ് ഉദ്യോഗസ്ഥരും പീഡനപരാതികള്‍ ക്രൈംബ്രാഞ്ച്, പോലിസ് ഉദ്യോഗസ്ഥരും അന്വേഷിക്കാനാണ് നിലവിലെ തീരുമാനം. അന്വേഷണ പരിധി നിശ്ചയിക്കാന്‍ ഡിജിപി രാജേഷ് ദിവാന്‍ അടുത്ത ദിവസം ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേര്‍ക്കും. ജുഡീഷ്യല്‍ കമ്മീഷന്‍ റിപോര്‍ട്ടിലെ കണ്ടെത്തലുകള്‍ പരിശോധിച്ചാവും അന്വേഷണത്തിലെ ആദ്യഘട്ടം. തട്ടിപ്പുപരാതികളും സരിത എസ് നായരുടെ ആരോപണങ്ങളും അടിസ്ഥാനമാക്കിയാവും തുടരന്വേഷണം. സരിതയുടെയും ബിജു രാധാകൃഷ്ണന്റെയും മൊഴി രേഖപ്പെടുത്തുന്ന നടപടികളും ഉടനെയുണ്ടാവും. സോളാര്‍ തട്ടിപ്പിലെ 33 കേസുകളും മുമ്പ് അന്വേഷിച്ച പ്രത്യേക സംഘത്തിന്റെ കണ്ടെത്തലുകളും പരിഗണിക്കും. ഉമ്മന്‍ചാണ്ടിക്കെതിരേയും ബന്ധപ്പെട്ടവര്‍ക്കെതിരേയും വിജിലന്‍സ് കേസെടുക്കുമെന്ന കാര്യം ഏതാണ്ട് ഉറപ്പായിട്ടുണ്ട്. ഡിജിപി രാജേഷ് ദിവാന്‍, പോലിസ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഐജി ദിനേന്ദ്ര കശ്യപ് എന്നിവര്‍ക്കു പുറമേ കോഴിക്കോട് ക്രൈംബ്രാഞ്ച് എസ്പി പി ബി രാജീവന്‍, വിജിലന്‍സ് ഡിവൈഎസ്പി ഇ എസ് ബിജുമോന്‍, ഡിവൈഎസ്പി എ ഷാനവാസ്, ഡിവൈഎസ്പി ബി രാധാകൃഷ്ണപിള്ള എന്നിവരടങ്ങുന്നതാണ് അന്വേഷണസംഘം.
Next Story

RELATED STORIES

Share it