സോണിയക്കെതിരായ മോദിയുടെ പരാമര്‍ശത്തില്‍ പ്രതിഷേധം

ന്യൂഡല്‍ഹി: അഗസ്ത വെസ്റ്റ്‌ലാന്റ് ഹെലികോപ്റ്റര്‍ കോഴക്കേസുമായി ബന്ധപ്പെട്ട് സോണിയഗാന്ധിക്കെതിരേ പ്രധാനമന്ത്രി നരേന്ദ്ര മോദി തിരഞ്ഞെടുപ്പ് റാലിയില്‍ പരാമര്‍ശം നടത്തിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് അംഗങ്ങള്‍ സൃഷ്ടിച്ച ബഹളത്തില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും സ്തംഭിച്ചു.ബഹളംമൂലം രാജ്യസഭ പലവട്ടം നിര്‍ത്തി. ശൂന്യചോദ്യോത്തരവേളകള്‍ പൂര്‍ണമായും തടസ്സപ്പെട്ടു. സോണിയക്കെതിരേ മോശം പരാമര്‍ശം നടത്തിയതിനു പ്രധാനമന്ത്രി മാപ്പുപറയണമെന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ ആവശ്യപ്പെട്ടു.അഗസ്ത വെസ്റ്റ്‌ലാന്റ് കോഴക്കേസില്‍ ഇറ്റാലിയന്‍ കോടതി സോണിയയുടെ പേര് പരാമര്‍ശിച്ചിട്ടുണ്ടെന്നാണ് മോദി തിരുവനന്തപുരത്ത് തിരഞ്ഞെടുപ്പ് റാലിയില്‍ പറഞ്ഞത്. പ്രധാനമന്ത്രിയുടെ പ്രസംഗത്തെ ചൊല്ലി ലോക്‌സഭയിലും വാഗ്വാദം നടന്നു. കഴിഞ്ഞ ആഴ്ച ഇരുസഭകളിലും വിഷയം സംബന്ധിച്ചു നടന്ന ചര്‍ച്ചയ്ക്കുള്ള മറുപടിയില്‍ പ്രതിരോധമന്ത്രി പറയാത്ത കാര്യങ്ങള്‍ മോദി ഉന്നയിച്ചതിനെയാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ ചോദ്യംചെയ്തത്.പ്രധാനമന്ത്രിയുടെ പ്രസ്താവന സിബിഐയെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെയും സ്വാധീനിക്കുന്നതിനിടയാക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. സോണിയക്കെതിരേ ഏത് കോടതിയാണു കുറ്റം ചുമത്തിയതെന്നു വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പ്രധാനമന്ത്രിക്കെതിരേ അവകാശലംഘന പ്രമേയം കൊണ്ടുവരാന്‍ പാര്‍ട്ടി നിര്‍ബന്ധിതമായേക്കുമെന്നും ഖാര്‍ഗെ പറഞ്ഞു. അഗസ്ത വെസ്റ്റ്‌ലാന്റ് കരാര്‍ സംബന്ധിച്ച് പാര്‍ലമെന്റിന്റെ ഇരുസഭകളിലും നടന്ന ചര്‍ച്ചകളില്‍ ഒരംഗവും യുപിഎ നേതൃത്വം പണം കൈപ്പറ്റിയെന്നു പറഞ്ഞിട്ടില്ലെന്നു പ്രതിപക്ഷനേതാവ് ഗുലാംനബി ആസാദ് രാജ്യസഭയില്‍ പറഞ്ഞു.വിവാദ പ്രസ്താവന സംബന്ധിച്ചു പ്രധാനമന്ത്രി സഭയില്‍ വിശദീകരിക്കണമെന്ന് കോണ്‍ഗ്രസ് അംഗം ആനന്ദ് ശര്‍മ ആവശ്യപ്പെട്ടു. എന്നാല്‍ പ്രധാനമന്ത്രിയോട് പ്രസ്താവന നടത്താന്‍ ആവശ്യപ്പെടാനാവില്ലെന്ന് ഉപാധ്യക്ഷന്‍ പി ജെ കുര്യന്‍ പറഞ്ഞു.അതേസമയം, കസില്‍ അന്വേഷണം പൂര്‍ത്തിയാവുന്നതുവരെ കോണ്‍ഗ്രസ് കാത്തിരിക്കണമെന്ന് പാര്‍ലമെന്ററികാര്യ മന്ത്രി എം വെങ്കയ്യ നായിഡു. അഗസ്ത വെസ്റ്റ്‌ലാന്റ് കോഴയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി സോണിയഗാന്ധിക്കെതിരേ നടത്തിയ പ്രസ്താവനയെ ചൊല്ലി കോണ്‍ഗ്രസ് പാര്‍ലമെന്റില്‍ സൃഷ്ടിച്ച ബഹളത്തിന്റെ പശ്ചാത്തലത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം. പ്രധാനമന്ത്രി തെറ്റൊന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പൊതുയോഗത്തിലെ പ്രസംഗത്തില്‍ അദ്ദേഹം ആരുടെയും പേരെടുത്തു പറഞ്ഞിട്ടില്ല. ഇറ്റാലിയന്‍ കോടതിയുടെ വിധിയുടെ ഭാഗമായി പ്രത്യക്ഷപ്പെട്ട പേരുകള്‍ പരാമര്‍ശിക്കുക മാത്രമാണു മോദി ചെയ്തത്. ഇതിനു വിശദീകരണം ആവശ്യമില്ല- മന്ത്രി പറഞ്ഞു.പാര്‍ലമെന്റിന് പുറത്ത് വാര്‍ത്താലേഖകരോടു സംസാരിക്കുകയായിരുന്നു നായിഡു.
Next Story

RELATED STORIES

Share it