സൈബര്‍ ഫോറന്‍സിക് ലാബ് പ്രവര്‍ത്തനം ആരംഭിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ആധുനിക സൈബര്‍ ഫോറന്‍സിക് ലാബ് പ്രവര്‍ത്തനം ആരംഭിച്ചു. ഇതോടുകൂടി വിജിലന്‍സ് കേസുകളില്‍ ഡിജിറ്റല്‍ തെളിവു ശേഖരണത്തിലേക്ക് നാളിതുവരെ മറ്റ് ഏജന്‍സികളെ ആശ്രയിച്ചിരുന്ന വിജിലന്‍സിന് അനാവശ്യ കാലതാമസം ഒഴിവാക്കി വേഗത്തില്‍ അന്വേഷണം പൂര്‍ത്തീകരിച്ച് കുറ്റപത്രം സമര്‍പ്പിക്കാന്‍ സാധിക്കും. ഇതുവരെ വിജിലന്‍സ് കേസുമായി ബന്ധപ്പെട്ട് പിടിച്ചെടുക്കപ്പെടുന്ന കംപ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍, മറ്റ് ഇലക്ട്രോണിക് ഡിവൈസുകള്‍ മുതലായവ പരിശോധിക്കാനായി ബ്യൂറോക്ക് പുറത്തുള്ള സൈബര്‍ വിദഗ്ധരെയും ഏജന്‍സികളെയും ആശ്രയിക്കുകയായിരുന്നു പതിവ്. വിജിലന്‍സില്‍ പ്രവര്‍ത്തിക്കുന്ന കംപ്യൂട്ടര്‍ വിദഗ്ധരായ ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക പരിശീലനം നല്‍കിയാണ് ഇപ്പോള്‍ സൈബര്‍ സെല്ലിലും സൈബര്‍ ഫോറന്‍സിക് ലാബിലും നിയമിച്ചത്. സി-ഡാക്കിന്റെ സഹകരണത്തോടുകൂടിയാണ് വിജിലന്‍സില്‍ സൈബര്‍ സെല്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിക്കുന്നതിനു വേണ്ട ഫോറന്‍സിക് ഉപകരണങ്ങളും സോഫ്റ്റ്‌വെയറുകളും മറ്റും സി-ഡാക് വിജിലന്‍സിന് ലഭ്യമാക്കിയിട്ടുണ്ട്.സൈബര്‍ ഫോറന്‍സിക് വിഭാഗത്തില്‍ പ്രത്യേക പരിശീലനം നേടി പ്രാവിണ്യം തെളിയിച്ച വിജിലന്‍സ് ഹെഡ് ക്വാര്‍ട്ടേഴ്സ് ഡിവൈഎസ്പി ഇ എസ് ബിജുമോനാണ് സൈബര്‍ സെല്ലിന്റെ മേല്‍നോട്ട ചുമതല. സൈബര്‍ സെല്‍, ലാബിന്റെ പ്രവര്‍ത്തനോദ്്ഘാടനം വിജിലന്‍സ് ഡയറക്ടര്‍ ബി എസ് മുഹമ്മദ് യാസിന്‍ നിര്‍വഹിച്ചു. ഉടന്‍ തന്നെ എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലും സൈബര്‍ സെല്ലിന്റെ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് വിജിലന്‍സ് ഡയറക്ടര്‍ പറഞ്ഞു. വിജിലന്‍സ് ഇന്‍സ്പെക്ടര്‍ ജനറല്‍ എച്ച് വെങ്കടേഷ്, അഡീഷനല്‍ ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ കെ ഡി ബാബു, ഇന്റലിജന്‍സ് എസ്പി സുനില്‍ ബാബു, ഡിവൈഎസ്പി ഇ എസ് ബിജുമോന്‍, സി-ഡാക് സീനിയര്‍ ഡയറക്ടര്‍ അനന്തലക്ഷ്മി അമ്മാള്‍, പ്രിന്‍സിപ്പല്‍ എന്‍ജിനീയര്‍ നബീല്‍ കോയ സംബന്ധിച്ചു.

Next Story

RELATED STORIES

Share it