സൈനിക അട്ടിമറിനീക്കം ശരിവച്ച് മുന്‍ കേന്ദ്രമന്ത്രി

സിദ്ദീഖ് കാപ്പന്‍

ന്യൂഡല്‍ഹി: 2012ല്‍ സര്‍ക്കാര്‍ അറിയാതെ ഇന്ത്യന്‍ സൈന്യം ഡല്‍ഹിയിലെ രാഷ്ട്രപതിഭവന്‍ ലക്ഷ്യമാക്കി സൈനികനീക്കം നടത്തിയെന്ന വാര്‍ത്ത സത്യമായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവും അന്നത്തെ വാര്‍ത്താവിനിമയ പ്രക്ഷേപണ സഹമന്ത്രിയുമായ മനീഷ് തിവാരി. ഹരിയാനയിലെ ഹിസാറില്‍നിന്നു ഡല്‍ഹിയിലേക്ക് സൈന്യം മാര്‍ച്ച് നടത്തിയെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് വാര്‍ത്ത നല്‍കിയിരുന്നു.
2012-14 കാലയളവില്‍ രണ്ടാം യുപിഎ സര്‍ക്കാരില്‍ മന്ത്രിയായിരുന്ന കാലഘട്ടത്തില്‍ പ്രതിരോധവകുപ്പ് സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗമായിരുന്ന തനിക്ക് ഇത്തരമൊരു സംഭവം നടന്നതായി അറിയാം. വാര്‍ത്ത കൃത്യവും സത്യവുമായിരുന്നു. വിഷയത്തില്‍ തര്‍ക്കത്തിനില്ലെന്നും ഡല്‍ഹിയില്‍ പുസ്തകപ്രകാശനച്ചടങ്ങിനിടെ സദസ്സില്‍നിന്നുള്ള ചോദ്യത്തിന് മറുപടിയായി മനീഷ് തിവാരി പറഞ്ഞു. വാര്‍ത്ത പുറത്തുവന്നതിനെ തുടര്‍ന്ന് പ്രതിരോധമന്ത്രാലയ സ്റ്റാന്‍ഡിങ് കമ്മിറ്റി വിഷയം ചര്‍ച്ച ചെയ്തിരുന്നു. സത്പാല്‍ മഹാരാജിന്റെ അധ്യക്ഷതയിലുള്ള സ്റ്റാന്‍ഡിങ് കമ്മിറ്റി കരട് റിപോര്‍ട്ട് തയ്യാറാക്കി. കമ്മിറ്റിയില്‍ താനാണ് വിഷയം ഉന്നയിച്ചത്. ശിരോമണി അകാലിദളിലെ നരേശ് അഗര്‍വാള്‍ തന്നെ പിന്തുണച്ചെന്നും അദ്ദേഹം വ്യക്തമാക്കി.
2012 ജനുവരി 16ന് അര്‍ധരാത്രി സൈന്യത്തിലെ രണ്ടു സംഘങ്ങള്‍ രഹസ്യമായി രാജ്യതലസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തിയെന്ന രഹസ്യാന്വേഷണവിഭാഗത്തിന്റെ റിപോര്‍ട്ട് 2012 ഏപ്രില്‍ നാലിനാണ് ഇന്ത്യന്‍ എക്‌സ്പ്രസ് പ്രസിദ്ധീകരിച്ചത്. മെക്കനൈസ്ഡ് ഇന്‍ഫെന്ററി യൂനിറ്റ് ന്യൂഡല്‍ഹിക്ക് 154 കിലോമീറ്റര്‍ അകലെയുള്ള ഹരിയാനയിലെ ഹിസാറില്‍നിന്നും ജനറല്‍ വി കെ സിങിന്റെ നേതൃത്വത്തില്‍ 50ാം ബ്രിഗേഡ് ഡല്‍ഹിക്ക് 160 കിലോമീറ്റര്‍ അകലെയുള്ള യുപിയിലെ മഥുരയില്‍നിന്നും നീങ്ങിയെന്നായിരുന്നു വാര്‍ത്ത. ഇക്കാര്യം സൈന്യവും കേന്ദ്രസര്‍ക്കാരും തള്ളിയിരുന്നു. അന്നത്തെ സൈനികമേധാവിയും നിലവിലെ കേന്ദ്രമന്ത്രിയുമായ വി കെ സിങിന്റെ ജനനത്തിയ്യതിയുമായി ബന്ധപ്പെട്ട വിവാദം നടക്കുന്ന സമയത്തായിരുന്നു സൈനിക നീക്കം.
അതേസമയം, മനീഷ് തിവാരിയുടെ വെളിപ്പെടുത്തല്‍ അസംബന്ധമാണെന്ന് മന്ത്രി വി കെ സിങ് പ്രതികരിച്ചു. മനീഷ് തിവാരിക്ക് വേറെ പണിയില്ലെന്നും എല്ലാം വിശദമാക്കുന്ന തന്റെ പുസ്തകം തിവാരി വായിക്കണമെന്നും സിങ് പറഞ്ഞു. മനീഷ് തിവാരിയുടെ പ്രസ്താവനയ്‌ക്കെതിരേ കോണ്‍ഗ്രസ്സും രംഗത്തെത്തി. തിവാരിയുടെ പ്രസ്താവന അടിസ്ഥാനരഹിതമാണെന്നായിരുന്നു മുന്‍ പ്രതിരോധമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എ കെ ആന്റണിയുടെ പ്രതികരണം. ഇന്ത്യന്‍ എക്‌സ്പ്രസ് വാര്‍ത്തയില്‍ സത്യത്തിന്റെ അംശംപോലുമില്ലെന്ന് കോണ്‍ഗ്രസ് വക്താവ് അഭിഷേക് മനു സിങ്‌വി പറഞ്ഞു. എന്നാല്‍, ആ രാത്രിയില്‍ ചിലത് നടന്നിട്ടുണ്ടെന്ന് മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ മണിശങ്കര്‍ അയ്യര്‍ പ്രതികരിച്ചു. സൈന്യത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള കോണ്‍ഗ്രസ്സിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് തിവാരിയുടെ പ്രസ്താവനയെന്ന് ബിജെപി വക്താവ് എം എല്‍ നരസിംഹം പറഞ്ഞു.
Next Story

RELATED STORIES

Share it