Flash News

സെന്‍കുമാറിന് തിരുത്ത് : ഡിജിപിയുടെ ഉത്തരവ് സര്‍ക്കാര്‍ റദ്ദാക്കി



തിരുവനന്തപുരം: പദവിയില്‍ തിരിച്ചെത്തിയ ഡിജിപി ടി പി സെന്‍കുമാര്‍ പോലിസ് ആസ്ഥാനത്തു നടത്തിയ അഴിച്ചുപണിയില്‍ സര്‍ക്കാരിന്റെ ഇടപെടല്‍. പോലിസ് ആസ്ഥാനത്തെ അതീവ രഹസ്യഫയലുകള്‍ കൈകാര്യം ചെയ്യുന്ന ടി സെക്ഷനിലെ ജൂനിയര്‍ സൂപ്രണ്ട് കുമാരി ബീന അടക്കമുള്ളവരുടെ സ്ഥലംമാറ്റം ആഭ്യന്തരവകുപ്പ് റദ്ദാക്കി. പോലിസ് ആസ്ഥാനത്തെ ഒരു ഉദ്യോഗസ്ഥനെയും മാറ്റിയിട്ടില്ലെന്നും മുന്‍ ഡിജിപിയുടെ ഒരു ഉത്തരവും റദ്ദാക്കിയിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. സ്ഥലംമാറ്റ വിവാദങ്ങളുമായി ബന്ധപ്പെട്ട് സെന്‍കുമാര്‍ മുഖ്യമന്ത്രിയുമായും അദ്ദേഹത്തിന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയുമായും ഇന്നലെ കൂടിക്കാഴ്ച നടത്തിയിരുന്നു. വിവാദങ്ങളുണ്ടാവാതെ ആലോചിച്ചുവേണം തീരുമാനം എടുക്കേണ്ടതെന്ന് മുഖ്യമന്ത്രി സെന്‍കുമാറിന് നിര്‍ദേശം നല്‍കിയതിന് പിന്നാലെയാണ് സ്ഥലംമാറ്റങ്ങള്‍ റദ്ദാക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ നടപടി. എന്നാല്‍, ഇതിന്‍മേല്‍ ഔദ്യോഗിക ഉത്തരവ് ഇറങ്ങിയിട്ടില്ല.  ഡിജിപിയുടെ നടപടി പ്രതികാരബുദ്ധിയോടെയാണെന്നും അകാരണമായാണ് തന്നെ സ്ഥലംമാറ്റിയതെന്നും കാണിച്ച് ബീനാകുമാരി ചീഫ് സെക്രട്ടറിക്കും ആഭ്യന്തര സെക്രട്ടറിക്കും പരാതി നല്‍കിയിരുന്നു. സ്ഥലംമാറ്റിയുള്ള ഡിജിപിയുടെ ഉത്തരവ് കൈപ്പറ്റിയെങ്കിലും ജൂനിയര്‍ സൂപ്രണ്ട് സ്ഥാനത്തുതന്നെ കുമാരി ബീന തുടരുകയായിരുന്നു. ചീഫ് സെക്രട്ടറിക്ക് സമര്‍പ്പിച്ച പരാതിയിന്‍മേല്‍ തീരുമാനം വന്നശേഷമേ മാറൂവെന്ന നിലപാടിലായിരുന്നു അവര്‍. ബീനയ്‌ക്കൊപ്പം സെന്‍കുമാര്‍ സ്ഥലംമാറ്റിയിരുന്ന അഞ്ചില്‍ നാലുപേരും ചുമതലയേറ്റിരുന്നില്ല. ബീനയ്ക്കു പകരം സെന്‍കുമാര്‍ നിയമിച്ച സുരേഷ് കൃഷ്ണ എപി ബറ്റാലിയനിലെ ചുമതലയൊഴിഞ്ഞ് പോലിസ് ആസ്ഥാനത്തു റിപോര്‍ട്ട് ചെയ്‌തെങ്കിലും ചുമതലയേല്‍ക്കാനായില്ല. അദ്ദേഹത്തിന്റെ ജോയിനിങ് റിപോര്‍ട്ട് പിഎച്ച്ക്യു മാനേജര്‍ കൃഷ്ണകുമാര്‍ സ്വീകരിച്ചില്ല. എഐജി രാഹുല്‍ ആര്‍ നായരെ കാണാനായിരുന്നു നിര്‍ദേശം.കൊടുവള്ളി എംഎല്‍എ കാരാട്ട് റസാഖിന്റെ പരാതിയില്‍ നടപടി വൈകിച്ചുവെന്ന പരാതിയിലാണ് കുമാരി ബീനയെ സ്ഥലംമാറ്റിയത്. പരാതിക്കൊപ്പമുണ്ടായിരുന്ന ഓഡിയോ റിക്കാഡിങ് കേള്‍ക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് പറയണമെന്നായിരുന്നു പോലിസ് മേധാവി സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട റിപോര്‍ട്ട് അടങ്ങിയ ഫയലില്‍ കുറിച്ചിരുന്നത്. എന്നാല്‍ വീഴ്ചയെക്കുറിച്ച് അന്വേഷിച്ച പോലിസ് ആസ്ഥാനത്തെ ഐജി ബീനയ്ക്ക് ക്ലീന്‍ചീറ്റ് നല്‍കി. സര്‍ക്കാര്‍ അനുകൂല സംഘടനാ പ്രതിനിധിയായ കുമാരി ബീനയെ സ്ഥലംമാറ്റിയതിനെതിരേ എന്‍ജിഒ യൂനിയന്‍ അടക്കമുള്ള സംഘടനകളും രംഗത്തെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സ്ഥലംമാറ്റിയവര്‍ പഴയ സ്ഥാനത്തു തന്നെ തുടരട്ടെയെന്ന സര്‍ക്കാരിന്റെ തീരുമാനം. അതേസമയം, പോലിസ് ആസ്ഥാനത്തെ സ്ഥലംമാറ്റങ്ങള്‍ ന്യായീകരിച്ച് ഡിജിപി സെന്‍കുമാര്‍ ആഭ്യന്തരവകുപ്പ് അഡീഷനല്‍ സെക്രട്ടറിക്ക് റിപോര്‍ട്ട് സമര്‍പ്പിച്ചു. തെറ്റായ നടപടിക്രമങ്ങള്‍ ഉണ്ടായിട്ടില്ലെന്നും വ്യക്തമായ കാരണമുള്ളതിനാലാണ് സ്ഥലംമാറ്റങ്ങള്‍ ഉണ്ടായതെന്നും റിപോര്‍ട്ടില്‍ പറയുന്നു. കുമാരി ബീന ചീഫ് സെക്രട്ടറിക്ക് നല്‍കിയ പരാതിയിന്‍മേലാണ് ഡിജിപിയുടെ വിശദീകരണം.  പോലിസ് സ്‌റ്റേഷനുകളില്‍ പ്രത്യേകതരം പെയിന്റ് പൂശണമെന്ന മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ ഉത്തരവ് സംബന്ധിച്ച് അന്വേഷിക്കാന്‍ സെന്‍കുമാര്‍ നിര്‍ദേശം നല്‍കിയതും വിവാദമായിരുന്നു. പിണറായി അധികാരത്തിലെത്തിയശേഷം ഡിജിപി സ്ഥാനത്തുനിന്നു നീക്കംചെയ്യപ്പെട്ട സെന്‍കുമാറിന് സുപ്രിംകോടതി വിധിയെ തുടര്‍ന്നാണ് പുനര്‍നിയമനം നല്‍കിയത്. സര്‍ക്കാര്‍ നടപടി വൈകിച്ചത് കോടതിയുടെ രൂക്ഷവിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.
Next Story

RELATED STORIES

Share it