സെക്ഷന്‍ ഓഫിസറുടെ സാമ്പത്തികക്രമക്കേട് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമം

തേഞ്ഞിപ്പലം: കാലിക്കറ്റ് വാഴ്‌സിറ്റിയില്‍ സെക്ഷന്‍ ഓഫിസര്‍ തസ്തികയിലുള്ള ഉദ്യോഗസ്ഥന്റെ സാമ്പത്തിക ക്രമക്കേട് ഒതുക്കിതീര്‍ക്കാന്‍ നീക്കം. കാംപസിലെ കംപ്യൂട്ടര്‍ സയന്‍സ് പഠന വിഭാഗത്തില്‍ സ്വീകരിച്ച ഒരുലക്ഷം രൂപയോളം ഫീസ് വാഴ്‌സിറ്റി അക്കൗണ്ടില്‍ അടയ്ക്കാതെയാണ് ഇദ്ദേഹം സ്വന്തമാക്കിയത്. ഒരുവര്‍ഷത്തോളം കംപ്യൂട്ടര്‍ സയന്‍സ് പഠനവിഭാഗത്തില്‍ ജോലിചെയ്ത ഉദ്യോഗസ്ഥന്‍ രണ്ടുമാസം മുമ്പാണ് സെക്ഷന്‍ ഓഫിസറായി പരീക്ഷാഭവനിലേക്ക് ഉദ്യോഗക്കയറ്റം നേടിയത്. പഠനവകുപ്പ് മേധാവി പലതവണ ആവശ്യപ്പെട്ടിട്ടും വിദ്യാര്‍ഥികളില്‍ നിന്ന് ഈടാക്കുന്ന ഫീസ് രസീതി പുസ്തകങ്ങളും മറ്റു വരവുചെലവുകളുമുള്‍പ്പെടുന്ന കണക്കുപുസ്തകങ്ങള്‍ ഹാജരാക്കാന്‍ ഇദ്ദേഹം തയ്യാറായില്ല. വളരെ മാന്യമായി ഇടപെടുന്ന ഉദ്യോഗസ്ഥന്റെ പ്രവര്‍ത്തനങ്ങളില്‍ മറ്റു ജീവനക്കാര്‍ക്കോ വകുപ്പു മേധാവിക്കോ യാതൊരു സംശയത്തിനും ഇടനല്‍കാറില്ല. സര്‍വകലാശാല ഫണ്ടില്‍ വിദ്യാര്‍ഥികളുടെ ഫീസ് അടയ്ക്കുന്ന ചലാന്‍ രസീറ്റിന്റെ നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങളൊന്നും അക്കൗണ്ട് ബുക്കില്‍ രേഖപ്പെടുത്തിയിരുന്നില്ല. ഇതേത്തുടര്‍ന്നാണു വകുപ്പ് മേധാവി ഡോ. വി എല്‍ ലജീഷിന് പന്തികേടു തോന്നിയത്. തുടര്‍ന്നു മുഴുവന്‍ അക്കൗണ്ട് ബുക്കും രേഖകളും ആവശ്യപ്പെട്ടിട്ടും ഒരു മാസത്തോളം വകുപ്പ് മേധാവിക്കു പിടികൊടുക്കാതെ ഒഴിഞ്ഞുമാറി. ആരോപണവിധേയനായ ഉദ്യോഗസ്ഥന്‍ ഉദ്യോഗക്കയറ്റം ലഭിച്ച് പരീക്ഷാ ഭവനിലേക്കു പോയതിനുശേഷം കംപ്യൂട്ടര്‍ സയന്‍സ് പഠനവിഭാഗത്തിലെത്തിയ അസി. തസ്തികയിലെ ജീവനക്കാരനും സാമ്പത്തികക്രമക്കേട് വ്യക്തമാക്കി. പഠനവകുപ്പ് മേധാവിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ഉദ്യോഗസ്ഥന്‍ കുറ്റക്കാരനെന്നു കണ്ടെത്തി. വകുപ്പ് മേധാവി അന്വേഷണം ആവശ്യപ്പെട്ട് രജിസ്ട്രാര്‍ക്ക് കത്തുനല്‍കിയിരുന്നു. ഫിനാന്‍സ് വിഭാഗത്തിലെ ഉദ്യോഗസ്ഥരുടെ ഇന്റേണല്‍ ഓഡിറ്റിലും സാമ്പത്തിക തട്ടിപ്പ് നടത്തിയതായി രേഖകള്‍ സഹിതം തെളിഞ്ഞു. ഇത്തരത്തില്‍ സാമ്പത്തിക ക്രമക്കേട് ആരോപണമുയര്‍ന്നാല്‍ പ്രതിയെ സസ്‌പെന്‍ഡ് ചെയ്ത് അന്വേഷണം നടത്താമെന്ന നിയമം അട്ടിമറിച്ചാണ് ഇദ്ദേഹം ഇപ്പോഴും സര്‍വീസില്‍ തുടരുന്നത്. പ്രൊ വൈസ് ചാന്‍സലര്‍ പി മോഹനെ തെളിവെടുപ്പിനും അന്വേഷണത്തിനും വിസി ചുമതലപ്പെടുത്തിയിട്ടുണ്ട്. രണ്ടാളുകളെക്കൂടി ഉള്‍പ്പെടുത്തിയതിനു ശേഷമേ അന്വേഷണം തുടങ്ങുകയുള്ളൂ. സര്‍വകലാശാലയിലെ മൊത്തം ജീവനക്കാര്‍ക്കു നാണക്കേടുണ്ടാക്കുന്ന ഈ സംഭവം ഒതുക്കിത്തീര്‍ക്കുന്നതിനു ജീവനക്കാരുടെ ഒരു സര്‍വീസ് സംഘടനാ നേതാക്കളുടെ നേതൃത്വത്തില്‍ ശ്രമം നടക്കുന്നുണ്ട്.
Next Story

RELATED STORIES

Share it