സെക്രട്ടേറിയറ്റ് ജീവനക്കാരില്‍ 85% പേരും ശമ്പളം നല്‍കും

തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനശേഖരണത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പ്രഖ്യാപിച്ച സാലറി ചാലഞ്ചിന് മികച്ച പ്രതികരണമെന്ന് സര്‍ക്കാര്‍. ശമ്പളം നല്‍കാന്‍ താല്‍പര്യമില്ലാത്ത ജീവനക്കാര്‍ക്ക് വിസമ്മതമറിയിക്കാന്‍ അനുവദിച്ചിരുന്ന സമയ പരിധി ഇന്നലെ അവസാനിച്ചു. സെക്രട്ടേറിയറ്റിലെ സര്‍ക്കാര്‍ ജീവനക്കാരില്‍ 85 ശതമാനം പേരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരുമാസത്തെ ശമ്പളം നല്‍കും.
വിസമ്മതപത്രം നല്‍കാത്ത ജീവനക്കാരുടെ ഒരുമാസത്തെ ശമ്പളം ഗഡുക്കളായി സര്‍ക്കാര്‍ ഈടാക്കാനാണ് തീരുമാനമെന്ന് ധനമന്ത്രി തോമസ് ഐസക്ക് അറിയിച്ചു.
ഇന്നലെ വൈകീട്ടു വരെ വിസമ്മതമറിയിക്കാത്തവര്‍ സാലറി ചാലഞ്ചില്‍ പങ്കെടുക്കുന്നതായി കണക്കാക്കും. ഇവരുടെ ഒരുമാസത്തെ ശമ്പളമാണ് പത്ത് ഗഡുക്കളായി ദുരിതാശ്വാസ നിധിയിലേക്ക് ഈടാക്കുക. അതേസമയം സാലറി ചാലഞ്ചില്‍ നിന്ന് വിട്ടുനില്‍ക്കുന്നവര്‍ക്ക് താല്‍പര്യമെങ്കില്‍ വീണ്ടും അവസരം നല്‍കും. അടുത്തമാസം സമ്മതപത്രം നല്‍കിയാല്‍ ഇവര്‍ക്ക് സാലറി ചലഞ്ചിന്റെ ഭാഗമാകാന്‍ കഴിയും.
പെന്‍ഷന്‍കാര്‍ക്കും ദുരിതാശ്വാസ നിധിയിലേക്ക് ഒരുമാസത്തെ പെന്‍ഷന്‍ സംഭാവന നല്‍കാനും അവസരമുണ്ട്. ഇതുസംബന്ധിച്ച് പെന്‍ഷന്‍കാരുടെ സംഘടനകളുമായി നടത്തിയ ചര്‍ച്ചയില്‍ ഏഴ് സംഘടകള്‍ സമ്മതമറിയിച്ചതായും ധനമന്ത്രി അറിയിച്ചു.
Next Story

RELATED STORIES

Share it