palakkad local

സെക്ടറല്‍ ഓഫിസര്‍മാര്‍ക്ക് പരിശീലനം നല്‍കി

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സെക്ടറല്‍ ഓഫിസര്‍മാര്‍ക്കുള്ള പരിശീലനം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു.
പരിശീലനം ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ പി വി ഗോപാലകൃഷ്ണ്‍ ഉദ്ഘാടനം ചെയ്തു. പാലക്കാട്, മലമ്പുഴ, കോങ്ങാട്, ആലത്തൂര്‍, ചിറ്റൂര്‍, നെന്മാറ, തരൂര്‍ മണ്ഡലങ്ങളിലെ 109 സെക്ടറല്‍ ഓഫിസര്‍മാരാണ് പരിശീലനത്തില്‍ പങ്കെടുത്തത്. മാസ്റ്റര്‍ ട്രെയിനര്‍ പാനലംഗം പി മധു പരിശീലനത്തിന് നേതൃത്വം നല്‍കി. തിരഞ്ഞെടുപ്പ് പ്രക്രിയകളില്‍ പുതുതായി വന്ന മാറ്റങ്ങളെക്കുറിച്ച് ക്ലാസില്‍ വിശദീകരിച്ചു.
പത്തു മുതല്‍ പന്ത്രണ്ട് വരെ പോളിങ് സ്റ്റേഷനുകളുടെ ചുമതലയാണ് ഓരോ സെക്ടറല്‍ ഓഫീസര്‍ക്കുമുള്ളത്. പോളിംഗ് സ്റ്റേഷനുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പു വരുത്തുക, തെരഞ്ഞടുപ്പിന് തലേദിസവം വോട്ടിംഗ് മെഷീന്‍, മറ്റു സാമഗ്രികള്‍ എന്നിവ ഓരോ പോളിങ് സ്റ്റേഷനിലും എത്തിയിട്ടുണ്ടെന്നും തിരഞ്ഞെടുപ്പു ചുമതലയുള്ള ഉദ്യോഗസ്ഥര്‍ പോളിങ് സ്റ്റഷനുകളില്‍ ഹാജരായിട്ടുണ്ടോയെന്നും ഉറപ്പു വരുത്തണം. അടിയന്തിര സാഹചര്യങ്ങളില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിച്ച ഉദ്യോഗസ്ഥര്‍ക്ക് പകരം റിസര്‍വ് ലിസ്റ്റില്‍ നിന്നും ഉദ്യോഗസ്ഥരെ നിയോഗിക്കുന്നതിനുള്ള അനുമതിയും സെക്ടറല്‍ ഓഫിസര്‍മാര്‍ നല്‍കാവുന്നതാണ്.
തിരഞ്ഞെടുപ്പ് ദിവസം പോളിങിന് മുമ്പ് എല്ലാ പോളിങ് സ്റ്റേഷനുകളിലും മോക്‌പോള്‍ നടന്നുവെന്നും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടക്കുന്നുവെന്നും ഉറപ്പു വരുത്തണം. പ്രദേശങ്ങളുടെ റൂട്ട് മാപ്പ് തയ്യാറാക്കാനുള്ള നിര്‍ദ്ദേശം സെക്ടറല്‍ ഓഫിസര്‍മാര്‍ക്ക് നല്‍കിയിട്ടുണ്ട്.
തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ ഉടന്‍ ആരംഭിക്കണമെന്നും നിര്‍ദ്ദേശം നല്‍കി. വോട്ടര്‍മാരെ വോട്ട് ചെയ്യിക്കുന്നതിന് പ്രേരിപ്പിക്കുന്ന സ്വീപ് പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കമായി. മാസ്റ്റര്‍ ട്രെയ്‌നര്‍ പാനലംഗങ്ങളായ ലളിത് ബാബു, പി എന്‍ ശശികുമാര്‍, ബേബി സീതാറാം ക്ലാസെടുത്തു.
Next Story

RELATED STORIES

Share it