Flash News

സൂത്രപ്പണികളുമായി ഗെയില്‍; പ്രക്ഷോഭം ശക്തമാവുന്നു

കെ പി ഒ റഹ്മത്തുല്ല
മലപ്പുറം: ജനകീയ പ്രക്ഷോഭങ്ങളും എതിര്‍പ്പുകളും ഇല്ലാതാക്കാന്‍ സര്‍ക്കാരും ഗെയില്‍ കമ്പനിയും സൂത്രപ്പണികളുമായി രംഗത്ത്. മലപ്പുറം ജില്ലയിലാണു പുതിയ തന്ത്രങ്ങള്‍. കഴിഞ്ഞ ദിവസം കലക്ടറേറ്റില്‍ വിളനഷ്ടപരിഹാര വിതരണമെന്ന പേരില്‍ സംഘടിപ്പിച്ച പരിപാടി ഇതിന്റെ തുടക്കമായിരുന്നു. നാലു പേജുള്ള പുതിയ ലഘുലേഖയുമായി വനിതാ പോലിസ് ഉള്‍പ്പെടെയുള്ള ആറംഗ ബോധവല്‍ക്കരണസംഘം പൈപ്പ്‌ലൈന്‍ കടന്നുപോവുന്ന പ്രദേശത്തെ വീടുകളിലെല്ലാം സന്ദര്‍ശനം തുടങ്ങിയിട്ടുണ്ട്. അഞ്ചു സംഘങ്ങെളയാണു ജില്ലയില്‍ ഈ ദൗത്യത്തിനായി നിയോഗിച്ചിട്ടുള്ളത്.
എറണാകുളം ജില്ല കളമശ്ശേരി ഭാഗങ്ങളില്‍ ഭൂമി നല്‍കിയവരെ കൊണ്ടുവന്ന് കഴിഞ്ഞ ദിവസം ഗെയില്‍ പൈപ്പ്‌ലൈനിന്റെ ഗുണഗണങ്ങള്‍ പറയിപ്പിച്ചിരുന്നു. ഭൂവുടമകള്‍ക്കു നല്‍കുന്ന നഷ്ടപരിഹാരം സര്‍ക്കാര്‍ വര്‍ധിപ്പിച്ചെന്ന കാര്യത്തിനു വലിയ പ്രചാരം നല്‍കാനും അധികൃതര്‍ ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ചയാണു ഭൂവുടമകളുടെ നഷ്ടപരിഹാരം ഇരട്ടിയാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയത്. എന്നാല്‍, മാര്‍ക്കറ്റ് വിലയല്ല, സര്‍ക്കാര്‍ നിശ്ചയിച്ച വിലയാണു നല്‍കുന്നതെന്ന കാര്യം യോഗങ്ങളില്‍ ഗെയില്‍ അധികൃതരും ജില്ലാ ഭരണകൂടവും മറച്ചുവയ്ക്കുകയാണ്.
സര്‍ക്കാര്‍ രണ്ടര സെന്റ് വരുന്ന ഒരു ആര്‍സിനാണ് വില നിശ്ചയിച്ചിട്ടുള്ളത്. ഈ തുക വളരെ കുറവാണ്. കാല്‍ലക്ഷം രൂപപോലും എവിടെയും ലഭിക്കില്ലെന്നതാണു സത്യം. സെന്റിന് ലക്ഷവും അതിനു മുകളിലും വിലയുള്ള സ്ഥലത്ത് സര്‍ക്കാര്‍ നിശ്ചയിച്ച വില രണ്ടരസെന്റിന് പതിനായിരത്തിലും താഴേയായിരിക്കും. വയല്‍പ്രദേശങ്ങളില്‍ സെന്റിന് 3,761 രൂപയാണു കിട്ടുക. മലപ്പുറം ജില്ലയില്‍ സെന്റിന് ഒരുലക്ഷത്തില്‍ കുറഞ്ഞ വയലുകളില്ല. 10 സെന്റില്‍ താഴെയുള്ളവര്‍ക്ക് വേറെ ഭൂമിയില്ലെങ്കില്‍ നഷ്ടപരിഹാരത്തിനു പുറമേ അഞ്ചുലക്ഷം രൂപയും നല്‍കുമെന്നാണു പുതിയ വാഗ്ദാനം. വീട് നഷ്ടപ്പെടുന്നവര്‍ക്കു വാടകവീട്ടിലേക്കു മാറാനുള്ള തുകയായിരിക്കും സര്‍ക്കാര്‍ നല്‍കുകയെന്നാണ് ഇതില്‍നിന്നെല്ലാം തെളിയുന്നത്. ഏറ്റെടുക്കുന്ന ഭൂമിയുടെ ബാക്കി ഭാഗത്ത് എന്തും ഉണ്ടാക്കാമെന്ന് ഇപ്പോള്‍ ഗെയില്‍ അധികൃതര്‍ പറയുന്നുണ്ടെങ്കിലും കിണറുകളോ കുളങ്ങളോ മറ്റോ നിര്‍മിക്കാന്‍ കഴിയില്ല. പാചകവാതകം പൈപ്പ് വഴി വീടുകളിലെത്തിക്കുമെന്ന വാഗ്ദാനം നല്‍കുന്നുണ്ടെങ്കിലും 10 വര്‍ഷത്തേക്ക് ഇതു ലഭിക്കില്ലെന്നാണു പ്രക്ഷോഭരംഗത്തുള്ളവര്‍ ചൂണ്ടിക്കാണിക്കുന്നത്. എറണാകുളം ഭാഗങ്ങളില്‍ പൈപ്പ്‌ലൈന്‍ സ്ഥാപിച്ച് അഞ്ചുവര്‍ഷം കഴിഞ്ഞാണ് സിറ്റി ഗ്യാസ് എന്ന മറ്റൊരു ഏജന്‍സി വീടുകള്‍ക്കു ഗ്യാസ് കണക്ഷന്‍ നല്‍കിയതെന്ന കാര്യവും പുറത്തുവന്നിട്ടുണ്ട്. പോലിസിനെ ഉപയോഗിച്ച് പൈപ്പ്‌ലൈന്‍ എന്തുവിലകൊടുത്തും സ്ഥാപിക്കുമെന്ന നിലപാടിലാണു സംസ്ഥാന സര്‍ക്കാരും ജില്ലാ ഭരണകൂടവും. ജനകീയ പ്രക്ഷോഭങ്ങള്‍ ഏതു രൂപത്തില്‍ അടിച്ചമര്‍ത്തണമെന്നതു ചര്‍ച്ചചെയ്യാന്‍ വരുംദിവസങ്ങളില്‍ ഉത്തരമേഖല ഡിഐജിയുടെ നേതൃത്വത്തില്‍ പ്രത്യേക യോഗം ചേരുമെന്നു സൂചനയുണ്ട്.
ഗെയില്‍ പദ്ധതിക്കെതിരേ രംഗത്തുള്ള സംഘടനകളുടെ നീക്കങ്ങള്‍ പ്രത്യേകം നിരീക്ഷിക്കുന്നുണ്ട്. പൊന്മള, പൂക്കോട്ടൂര്‍, കാവനൂര്‍, അരീക്കോട് എന്നിവിടങ്ങളിലേക്കു പൈപ്പിടല്‍ കടക്കുന്നതോടെ രൂക്ഷമായ എതിര്‍പ്പു നേരിടേണ്ടിവരുമെന്നാണു രഹസ്യാന്വേഷണ വിഭാഗങ്ങള്‍ റിപോര്‍ട്ട് ചെയ്തിട്ടുള്ളത്. വലിയ മുന്‍കരുതലുകള്‍ക്കു ശേഷമേ പൈപ്പ്‌ലൈന്‍ സ്ഥാപിക്കാനുള്ള നടപടികളെടുക്കാവൂവെന്നും അവര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
സമരക്കാര്‍ക്കു മുസ്‌ലിം ലീഗിന്റെയും കോണ്‍ഗ്രസ്സിന്റെയും പിന്തുണയുള്ളതും സര്‍ക്കാരിനു വലിയ തലവേദനയാണു സൃഷ്ടിക്കുന്നത്. പ്രാദേശിക ലീഗ് നേതാക്കള്‍ക്കു പുറമേ എംഎല്‍എമാരും സമരത്തിനു നേതൃത്വം കൊടുക്കുന്നത് പോലിസിനെ അങ്കലാപ്പിലാക്കുന്നു. ഗെയിലില്‍ സര്‍ക്കാരിന്റെയും കമ്പനിയുടെയും ജില്ലാ ഭരണകൂടത്തിന്റെയും സൂത്രപ്പണികള്‍ ഏശുമോയെന്നു വരുംദിവസങ്ങളില്‍ വ്യക്തമാവും.
Next Story

RELATED STORIES

Share it