Flash News

സൂച്ചിയുടെ ഓക്‌സ്ഫഡ് ബഹുമതി തിരിച്ചെടുക്കും



ലണ്ടന്‍: മ്യാന്‍മര്‍ നേതാവ് ഓങ് സാന്‍ സൂച്ചിക്ക് സമര്‍പ്പിച്ച ബഹുമതി ബ്രിട്ടനിലെ ഓക്‌സ്ഫഡ് നഗരസഭ തിരിച്ചെടുക്കും. 1997ല്‍ സമ്മാനിച്ച ഫ്രീഡം ഓഫ് ഓക്‌സ്ഫഡ് ബഹുമതിയാണ് നഗരസഭ പിന്‍വലിക്കുന്നത്. ദീര്‍ഘകാലം നീണ്ട സ്വാതന്ത്ര്യ പോരാട്ടത്തെ ആദരിച്ച്്് സമര്‍പ്പിച്ച ബഹുമതിക്ക് സൂച്ചി ഇപ്പോള്‍ അര്‍ഹയാണെന്നു തോന്നാത്തതിനാലാണു നടപടിയെന്ന് ഓക്‌സ്ഫഡ് അധികൃതര്‍ വ്യക്തമാക്കി. സൂച്ചി ഫ്രീഡം ഓഫ് ഓക്‌സ്ഫഡ് ബഹുമതിക്ക്് അര്‍ഹയല്ലെന്നു നഗരസഭ അംഗങ്ങള്‍ ഒറ്റക്കെട്ടായി അഭിപ്രായപ്പെട്ടു. അഭിപ്രായത്തെ നഗരസഭാ നേതാവ് ബോബ് പ്രൈസ് പിന്തുണയ്ക്കുകയും ചെയ്തു. ഓക്‌സ്ഫഡ് പ്രാദേശിക സര്‍ക്കാരിനെ സംബന്ധിച്ച്്് ഇതാദ്യമായാണ് ഇത്തരമൊരു നടപടിയെന്നും ബോബ് പ്രൈസ് അറിയിച്ചു. അടുത്തമാസം ചേരുന്ന പ്രത്യേക യോഗത്തില്‍ വച്ചാവും പുരസ്‌കാരം തിരിച്ചെടുക്കുന്നതായി ഔദ്യോഗിക പ്രഖ്യാപനമുണ്ടാവുക. നേരത്തേ ഓക്‌സ്ഫഡ് സര്‍വകലാശാലയ്ക്കു കീഴിലെ സെയ്ന്റ് ഹഗസ് കോളജില്‍നിന്ന് സൂച്ചിയുടെ ഛായാചിത്രം ഒഴിവാക്കിയിരുന്നു. സൂച്ചി സാമൂഹിക ശാസ്ത്രവിഷയങ്ങളില്‍ ബിരുദവും രാഷ്ട്രമീമാംസയില്‍ ബിരുദാനന്തര ബിരുദവും നേടിയ ഹഗസ് കോളജിന്റെ പ്രധാന കവാടത്തില്‍ സൂക്ഷിച്ചിരുന്ന ചിത്രമാണ് കഴിഞ്ഞവാരം എടുത്തുമാറ്റിയത്. മ്യാന്‍മറിലെ റോഹിന്‍ഗ്യന്‍ വംശഹഹത്യയെ തുടര്‍ന്ന് സൂച്ചിക്കെതിരേ അന്താരാഷ്ട്രതലത്തില്‍ വ്യാപക പ്രതിഷേധമുയരുന്നുണ്ട്.
Next Story

RELATED STORIES

Share it