Alappuzha local

സുരക്ഷിത കേന്ദ്രങ്ങളില്‍ നിന്ന് മടക്കം തുടങ്ങി

ആലപ്പുഴ: കടല്‍ക്ഷോഭത്തെത്തുടര്‍ന്ന് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയ കുടുംബങ്ങള്‍ വീടുകളിലേക്ക് മടങ്ങിത്തുടങ്ങി. രണ്ടു ക്യാംപുകളിലായി 100 കുടുംബങ്ങള്‍ മാത്രമാണ് നിലവില്‍ ദുരിതാശ്വാസ ക്യാംപിലുള്ളത്. പുറക്കാട് കറുപ്പന്‍ മെമ്മോറിയല്‍ അരയജന സമാജത്തില്‍ 25 കുടുംബങ്ങളിലെ 110 പേരും ആറാട്ടുപുഴ നല്ലാനിക്കല്‍ എല്‍പി സ്‌കൂളില്‍ 75 കുടുംബങ്ങളിലെ 250 പേരുമാണുള്ളത്.
400ല്‍പരം കുടുംബങ്ങളായിരുന്നു പ്രകൃതി ക്ഷോഭത്തെ തുടര്‍ന്ന് ദുരിതാശ്വാസ ക്യംപുകളില്‍ അഭയം തേടിയിരുന്നത്. അതോടൊപ്പം തെന്നെ ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടലില്‍ നിന്ന് രക്ഷപെടുത്തി കഴിഞ്ഞ ദിവസം ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ പ്രവേശിച്ച  തമിഴ്‌നാട് സ്വദേശികളും ഇന്നലെ നാട്ടിലേക്ക് മടങ്ങി.
ഞായറാഴ്ച ഉച്ചയോടെയാണ് തീരസംരക്ഷണ സേന രക്ഷപ്പെടുത്തി ചെല്ലാനത്ത് എത്തിച്ച 19 പേരെ ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തങ്ങളുടെ ജീവന്‍ രക്ഷിച്ച കോസ്റ്റ് ഗാര്‍ഡ്, റവന്യൂ, പൊലിസ് ഉദ്യോഗസ്ഥര്‍ക്കും ആശുപത്രി അധികൃതര്‍ക്കും മന്ത്രി പി തിലോത്തമനും എ എം ആരിഫ് എം എല്‍ എയ്ക്കും  നന്ദി അറിയിച്ചാണ് ഇവര്‍ മടങ്ങിയത്. മന്ത്രി പി തിലോത്തമന്‍, എ എം ആരിഫ് എംഎല്‍എ, തുടങ്ങിയവരും ഇവരെ യാത്രയയ്ക്കാന്‍ ആശുപത്രിയില്‍ എത്തിയിരുന്നു. എറണാകുളത്ത് ആശുപത്രിയില്‍ പ്രവേശിച്ച രണ്ടു പേരെയും പ്രത്യേക വാഹനത്തില്‍ നാഗര്‍കോവിലിലെ കലക്‌ട്രേറ്റില്‍ എത്തിച്ചു.
നാഗപട്ടണത്തുനിന്നുള്ള 'ബൈബിള്‍, 'ആരോഗ്യ അണ്ണൈ' ബോട്ടുകളിലുണ്ടായിരുന്ന തദേവൂസ്(45), ലൂര്‍ദ്ദാസ്(58), രാജന്‍സ്(55), ഒമര്‍ ജ്യോതി ഗഗോയി(22), ദസ്‌റമുള്ള(22), അനില്‍കുമാര്‍(28), സെല്‍വരാജ്(19), മൂണ്‍സൈക്യ(23), ജോസഫ്(45), ബാലമുരുകന്‍(24), വിഗ്‌നേഷ് (25), സജിന്‍ (28), ബ്ലാസിന്‍ സേവ്യര്‍(25), ബോര്‍ജിന്‍(40), സൂസൈ (65), സജന്‍(20), അരുള്‍ദാസ്(32), ജെറാള്‍ഡ്(58), ജോര്‍ജ് (21) എന്നിവരെയും എറണാകുളം ആശുപത്രിയില്‍ കഴിഞ്ഞ പ്രവീണ്‍(22), ശിവകുമാര്‍(22) എന്നിവരെയുമാണ് നാഗര്‍കോവിലിലെത്തിച്ചത്. ചേര്‍ത്തല താലൂക്ക് ഓഫീസിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്കൊപ്പമാണ് ഇവര്‍ നാട്ടിലേക്കു പോയത്. കടലില്‍നിന്ന് രക്ഷപ്പെട്ടവര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കിയതിന് കന്യാകുമാരി ജില്ലാ ഭരണകൂടം കലക്ടറെ നന്ദി അറിയിച്ചു.
Next Story

RELATED STORIES

Share it