സുബ്രഹ്മണ്യന്‍ സ്വാമിക്കെതിരേ കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍; പ്രകോപന പ്രസംഗം: നടപടി വേണം

ന്യൂഡല്‍ഹി: ഏതെങ്കിലും സമുദായത്തിനു നേരെ വിദ്വേഷമുണ്ടാക്കുന്നതരത്തില്‍ പ്രസംഗം നടത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചു. ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ പേരില്‍ രാജ്യത്ത് കലാപവും അരക്ഷിതാവസ്ഥയും സൃഷ്ടിക്കുന്ന രീതിയില്‍ സംസാരിക്കാനോ പ്രവര്‍ത്തിക്കാനോ ആരെയും അനുവദിക്കാനാവില്ല.
സാമുദായിക വികാരം ഇളക്കിവിടുന്ന വിധത്തില്‍ പ്രകോപനപരമായ പ്രസംഗം നടത്തുന്നതു സംബന്ധിച്ച ഇന്ത്യന്‍ ശിക്ഷാനിയമം (ഐപിസി) 153, 153എ, 153ബി, 295, 295എ, 298, 505 എന്നീ വകുപ്പുകളുടെ ഭരണഘടനാ സാധുത ചോദ്യംചെയ്ത് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് കേന്ദ്രസര്‍ക്കാര്‍ കോടതിയെ ഇക്കാര്യം അറിയിച്ചത്. സ്വാമിയുടെ ഹരജിയില്‍ കോടതി സര്‍ക്കാരിനയച്ച നോട്ടീസിനുള്ള മറുപടിയായി കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കുകയായിരുന്നു.
'ഭീകരവാദം ഇന്ത്യയില്‍' എന്ന പേരില്‍ 2006ല്‍ പുറത്തിറങ്ങിയ സ്വാമിയുടെ പുസ്തകത്തില്‍ ഹിന്ദുക്കള്‍ക്കും മുസ്‌ലിംകള്‍ക്കുമിടയില്‍ വിദ്വേഷം വളര്‍ത്തുന്ന പരാമര്‍ശങ്ങളുണ്ടെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം വ്യക്തമാക്കുന്നുണ്ട്.
മതം, വര്‍ണം, ജാതി, പ്രദേശം, ഭാഷ തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ രണ്ടു വിഭാഗങ്ങള്‍ക്കിടയില്‍ എഴുത്തിലൂടെയോ പ്രസംഗത്തിലൂടെയോ വിദ്വേഷം വളര്‍ത്താന്‍ ശ്രമിക്കുന്നതിനെതിരേയുള്ളതാണ് ഐപിസിയിലെ 153ാം വകുപ്പ്. വിവിധ വിഭാഗങ്ങളും മതങ്ങളും തമ്മില്‍ ഭിന്നിപ്പുണ്ടാക്കുന്നതിനോ ഏതെങ്കിലും മതവിഭാഗത്തിന്റെ വികാരം വ്രണപ്പെടുത്തുന്നതിനോ ഹേതുവാകുന്ന പ്രസംഗങ്ങളും എഴുത്തുകളും വിദ്വേഷ പ്രസംഗത്തിന്റെ പരിധിയില്‍ വരും. എന്നാല്‍, തന്റെ പ്രസംഗം അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരുന്നതാണെന്നും അതിനു ഭരണഘടനയുടെ പിന്‍ബലമുണ്ടെന്നും സ്വാമി നല്‍കിയ ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തിയതിനും ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചതിനും കേരളം, ഡല്‍ഹി, മുംബൈ, അസം എന്നിവിടങ്ങളിലെ കോടതികളില്‍ സ്വാമിക്കെതിരേ കേസുണ്ട്. ഈ കേസുകള്‍ റദ്ദാക്കണമെന്നാണ് സ്വാമിയുടെ ആവശ്യം.
സ്വാമിയുടെ പുസ്തകത്തില്‍ പ്രകോപനപരമായ പരാമര്‍ശങ്ങളുള്ളത് ഐപിസി പ്രകാരം കുറ്റകരമാണെന്നും അതിനാല്‍ അദ്ദേഹത്തെ വിചാരണ നടത്തി ശിക്ഷിക്കുന്നതിനെ പിന്തുണയ്ക്കുന്നുവെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കേസ് ചോദ്യംചെയ്ത് സ്വാമി സമര്‍പ്പിച്ച ഹരജി തള്ളണമെന്നും സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു.
രാജ്യത്ത് അസഹിഷ്ണുത വളര്‍ന്നുവരുകയാണെന്ന് പ്രതിപക്ഷവും ബുദ്ധിജീവികളും എഴുത്തുകാരും കലാകാരന്‍മാരും ആരോപണം ഉന്നയിച്ചുവരുന്നതിനിടെയാണ് വിദ്വേഷപ്രസംഗം നടത്തുന്നവര്‍ ശിക്ഷിക്കപ്പെടണമെന്ന നിലപാട് കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ടത്. എന്നാല്‍, കോണ്‍ഗ്രസ് സര്‍ക്കാര്‍പോലും ഉന്നയിക്കാത്ത ആരോപണങ്ങളാണ് ബിജെപി സര്‍ക്കാര്‍ തന്റെ പുസ്തകത്തിനെതിരേ ഉയര്‍ത്തുന്നതെന്ന് സ്വാമി പ്രതികരിച്ചു. തന്റെ ജനപ്രീതിയില്‍ അസൂയയുള്ള ചില ബിജെപി നേതാക്കളാണ് ഇതിനു പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.
Next Story

RELATED STORIES

Share it