സുന്ദരവനത്തില്‍ കല്‍ക്കരിനിലയം: ബംഗ്ലാദേശില്‍ പ്രതിഷേധം

ധക്ക: ലോകത്തിലെ ഏറ്റവും വലിയ കണ്ടല്‍കാടുകള്‍ സ്ഥിതി ചെയ്യുന്ന ബംഗ്ലാദേശിലെ സുന്ദരവനത്തിനടുത്ത് കല്‍ക്കരി നിലയങ്ങള്‍ സ്ഥാപിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരേ പ്രതിഷേധം.
പ്രകൃതിസ്‌നേഹികളും ആക്ടിവിസ്റ്റുകളും പ്രാദേശികരുമടങ്ങുന്ന നൂറുകണക്കിനാളുകള്‍ ധക്കയില്‍ 400ഓളം കിലോമീറ്റര്‍ മാര്‍ച്ച് നടത്തി. നിലയങ്ങളില്‍ നിന്നുള്ള മാലിന്യം സുന്ദരവനത്തിലെ കണ്ടല്‍ക്കാടുകള്‍ക്ക് ഭീഷണിയാവുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം.
യുനെസ്‌കോയുടെ ലോകപൈതൃകപ്പട്ടികയിലും സമരാക്കോയുടെ സംരക്ഷിത വിഭാഗത്തില്‍ പെടുന്നതുമാണ് ഈ പ്രദേശം. 10,000 സ്‌ക്വയര്‍ കിലോമീറ്ററില്‍ ബംഗ്ലാദേശിലും ഇന്ത്യയിലുമായി വ്യാപിച്ചു കിടക്കുന്ന ജൈവവൈവിധ്യമാര്‍ന്ന സുന്ദരവനത്തിന്റെ ഭൂരിഭാഗം പ്രദേശവും സ്ഥിതി ചെയ്യുന്നത് ബംഗ്ലാദേശിലാണ്.
ബംഗാള്‍ കടുവ, എസ്റ്റൊറൈന്‍ മുതലകള്‍, ദക്ഷിണേഷ്യന്‍ റിവര്‍ ഡോള്‍ഫിന്‍ തുടങ്ങി അനേകം ജീവിവര്‍ഗങ്ങളുടെ ആവാസകേന്ദ്രവും കൂടിയാണ് മേഖല.
രാജ്യത്ത് വൈദ്യുതിയുടെ ഗണ്യമായ കുറവ് അനുഭവപ്പെടുന്നുണ്ടെന്നും മൂന്നിലൊരു ഭാഗം ജനങ്ങള്‍ക്ക് വൈദ്യുതിയെത്തിക്കണമെങ്കില്‍ നിലയം സ്ഥാപിക്കേണ്ടതുണ്ടെന്നുമാണ് സര്‍ക്കാര്‍ വാദം. നിലയം യാതൊരു വിധ പരിസ്ഥിതി ഭീഷണിയും സൃഷ്ടിക്കില്ലെന്ന് ബംഗ്ലാദേശ് പരിസ്ഥിതിവകുപ്പ് മന്ത്രി അന്‍വര്‍ ഹുസൈന്‍ മഞ്ചു പറഞ്ഞു.
Next Story

RELATED STORIES

Share it