സുനിലിന്റെ മൃതദേഹത്തില്‍ മര്‍ദനത്തിന്റെ പാടുകളില്ലെന്ന് ഇന്‍ക്വസ്റ്റ് റിപോര്‍ട്ട്‌

കോട്ടയം: ചങ്ങനാശ്ശേരിയില്‍ ആത്മഹത്യചെയ്ത സുനില്‍കുമാറിന്റെ മൃതദേഹത്തില്‍ മര്‍ദനമേറ്റതിന്റെ പാടുകളില്ലെന്ന് ഇന്‍ക്വസ്റ്റ് റിപോര്‍ട്ട്. സുനിലിന്റെ ശരീരത്തില്‍ ഒടിവോ ചതവോ ഏറ്റിട്ടില്ലെന്നാണ് ചങ്ങനാശ്ശേരി തഹസില്‍ദാര്‍ ജിയോ ടി മനോജിന്റെയും ഡിവൈഎസ്പി സുരേഷ് കുമാറിന്റെയും സാന്നിധ്യത്തില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടന്ന ഇന്‍ക്വസ്റ്റ് പരിശോധനയില്‍ വ്യക്തമായത്.
അതേസമയം, സുനിലിന്റെ ശരീരത്തിന് പുറമേ മര്‍ദനത്തിന്റെ ലക്ഷണങ്ങളൊന്നുമില്ലെന്നും പോസ്റ്റ്‌മോര്‍ട്ടത്തിന്റെ ഫലം കിട്ടിയ ശേഷമേ കൂടുതലെന്തെങ്കിലും പറയാന്‍ കഴിയൂ എന്നും പോലിസ് അറിയിച്ചു. ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേറ്റിട്ടുണ്ടോ എന്ന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് വന്നാല്‍ മാത്രമേ അറിയാനാവൂവെന്നും പോലിസ് പറഞ്ഞു. സുനില്‍കുമാറിനെ പോലിസ് മര്‍ദിച്ചിട്ടില്ലെന്ന് ദമ്പതികള്‍ക്കൊപ്പം പോലിസ് ചോദ്യംചെയ്്ത മറ്റൊരു ജീവനക്കാരന്‍ രാജേഷും മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. കോട്ടയം എസ്പി ഹരിശങ്കറിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം പുരോഗമിക്കുന്നത്. ക്രൈം റെക്കോഡ്‌സ് ബ്യൂറോ ഡിവൈഎസ്പി പ്രകാശന്‍ ടി പടന്നയിലിനാണ് അന്വേഷണച്ചുമതല. സംഭവം വിവാദമായതോടെ ചങ്ങനാശ്ശേരി എസ്‌ഐ ഷെമീര്‍ഖാനെ സ്ഥലംമാറ്റിയിരുന്നു. ചങ്ങനാശ്ശേരി സ്‌റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പോലിസ് പരിശോധിക്കും. രേഷ്മയുടെ കൈയക്ഷരംതന്നെയാണോ മരണക്കുറുപ്പിലുള്ളതെന്ന് ഫോറന്‍സിക് വിഭാഗം ഉറപ്പുവരുത്തിയ ശേഷമാവും അന്വേഷണം ഊര്‍ജിതപ്പെടുത്തുക.
അതിനിടെ, ആര്‍ഡിഒയുടെ സാന്നിധ്യത്തില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്നാവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ, സാമുദായികസംഘടനകളും ബന്ധുക്കളും കോട്ടയം മെഡിക്കല്‍ കോളജ് മോര്‍ച്ചറിക് മുമ്പില്‍ പ്രതിഷേധം നടത്തി. ചെറിയതോതില്‍ പ്രദേശത്ത് സംഘര്‍ഷാവസ്ഥയും ഉടലെടുത്തു. ഇതേത്തുടര്‍ന്ന് മണിക്കൂറുകളോളം ഇന്‍ക്വസ്റ്റ് നടപടികള്‍ നിര്‍ത്തിവച്ചു. കോട്ടയം ആര്‍ഡിഒ സ്ഥലത്തില്ലാത്തതിനാല്‍ പാലാ ആര്‍ഡിഒയെ വിളിച്ചുവരുത്തിയാണ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റ്‌മോര്‍ട്ടം ആരംഭിച്ചത്. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് കൈമാറി.
Next Story

RELATED STORIES

Share it