സുധീഷ് ഇനി ജ്വലിക്കുന്ന ഓര്‍മ: ജന്മനാട് നിറകണ്ണുകളോടെ വിടയേകി

കൊല്ലം: സിയാച്ചിനില്‍ മഞ്ഞുവീഴ്ചയില്‍പ്പെട്ട് മരിച്ച കരസേനയിലെ ലാന്‍സ് നായിക് ബി സുധീഷിന് ജന്മനാട് നിറകണ്ണുകളോടെ വിടയേകി. മൃതദേഹം പൂര്‍ണ സൈനിക ബഹുമതികളോടെ ഇന്നലെ വൈകീട്ട് മണ്‍ട്രോതുരുത്തിലെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. വന്‍ജനാവലി വീരസൈനികന് അന്ത്യാഞ്ജലിയര്‍പ്പിച്ചു.
രാവിലെ 9.30ന് ആംബുലന്‍സില്‍ കൊട്ടിയത്ത് എത്തിച്ച മൃതദേഹം അഡീഷനല്‍ ജില്ലാ മജിസ്‌ട്രേറ്റ് എം എ റഹീമിന്റെയും ആര്‍ഡിഒ എം വിശ്വനാഥന്റെയും നേതൃത്വത്തില്‍ ഏറ്റുവാങ്ങി തുറന്ന ട്രക്കില്‍ സൈനികരുടെ അകമ്പടിയോടെ മണ്‍ട്രോതുരുത്തിലേക്ക് കൊണ്ടുപോയി. മണ്‍ട്രോതുരുത്ത് ഗവ ണ്‍മെന്റ് എല്‍പി സ്‌കൂളില്‍ ഒരു മണിക്കൂറോളം മൃതദേഹം പൊതുദര്‍ശനത്തിനുവച്ചു. വിദ്യാര്‍ഥികളും നാട്ടുകാരും ജനപ്രതിനിധികളും ഉള്‍പ്പെടെ ഒട്ടേറെയാളുകള്‍ സ്‌കൂളില്‍ അന്തിമോപചാരമര്‍പ്പിച്ചു.
വീടിനു സമീപമുള്ള പന്തലിലെ പൊതുദര്‍ശനത്തിനുശേഷം മുളച്ചന്ത്ര ക്ഷേത്രമൈതാനത്ത് പ്രത്യേകം സജ്ജീകരിച്ച വേദിയിലെത്തിച്ചു. അവിടെ സൈന്യം ഔദ്യോഗിക ബഹുമതിയര്‍പ്പിച്ചു.
മന്ത്രി ഷിബു ബേബിജോ ണ്‍, എംപിമാരായ കൊടിക്കുന്നില്‍ സുരേഷ്, കെ എന്‍ ബാലഗോപാല്‍, മേയര്‍ വി രാജേന്ദ്രബാബു, ജില്ലാ കലക്ടര്‍ എ ഷൈനാമോള്‍ തുടങ്ങിയവര്‍ ആദരാഞ്ജലിയര്‍പ്പിച്ചു. തുടര്‍ന്ന് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള വന്‍ ജനാവലിയുടെ അന്ത്യാഞ്ജലിക്കുശേഷമാണ് സംസ്‌കാരം നടത്തിയത്.
Next Story

RELATED STORIES

Share it