സുധീരനെതിരേ തുറന്നടിച്ച് കെ ബാബു; സംഘടനാ തിരഞ്ഞെടുപ്പ് വേണമെന്ന് എ, ഐ ഗ്രൂപ്പുകള്‍

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പരാജയം വിലയിരുത്താന്‍ ചേര്‍ന്ന കെപിസിസി ക്യാംപ് എക്‌സിക്യൂട്ടീവില്‍ പ്രസിഡന്റ് വി എം സുധീരനെതിരേ കടുത്ത വിമര്‍ശനവുമായി മുന്‍ മന്ത്രി കെ ബാബു. തന്നെ പാര്‍ട്ടിക്ക് കൊള്ളാത്തവനാണെന്ന തോന്നലുണ്ടാക്കിയെന്ന് കെ ബാബു കുറ്റപ്പെടുത്തി.
മദ്യലോബിയുടെ ആളായി ചിത്രീകരിച്ച് തോല്‍പിച്ചു. ആദര്‍ശം പറഞ്ഞാല്‍ പാര്‍ട്ടിയുണ്ടാവില്ല. മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് ഒഴിഞ്ഞു. അതുപോലെ പ്രസിഡന്റിനും ധാര്‍മിക ഉത്തരവാദിത്തമുണ്ട്. സീറ്റ് തര്‍ക്കം തന്റെ തോല്‍വിക്കു കാരണമായി. യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം അപ്രായോഗികമാണെന്നറിഞ്ഞിട്ടും അതു നടപ്പാക്കാന്‍ താന്‍ നിര്‍ബന്ധിതനാവുകയായിരുന്നു.
തനിക്കു താല്‍പര്യമില്ലാത്ത വകുപ്പ് തന്നില്‍ അടിച്ചേല്‍പ്പിച്ചെന്നും ബാബു തുറന്നടിച്ചു. അതിനിടെ, നേതൃമാറ്റം വേണമെന്ന ആവശ്യവുമായി എ, ഐ ഗ്രൂപ്പുകള്‍ രംഗത്തെത്തി. സംഘടനാതല പരാജയം തോല്‍വിക്കു കാരണമായെന്നും മുഖ്യ ഉത്തരവാദിത്തം സുധീരനാണെന്നും ഗ്രൂപ്പുകള്‍ ആരോപിച്ചു. പ്രധാനമായും എ ഗ്രൂപ്പ് നേതാക്കളാണ് രൂക്ഷമായ വിമര്‍ശനം അഴിച്ചുവിട്ടത്. മദ്യനയം മുതല്‍ പാര്‍ട്ടിയിലെ അഭിപ്രായഭിന്നത പ്രകടമായെന്നും അത് തിരഞ്ഞെടുപ്പു പരാജയത്തിലേക്ക് നയിച്ചതായും കെ ശിവദാസന്‍നായര്‍ കുറ്റപ്പെടുത്തി. പി ടി തോമസും രാജ്‌മോഹന്‍ ഉണ്ണിത്താനും മാത്രമാണ് സുധീരനെ ന്യായീകരിക്കാനുണ്ടായിരുന്നത്. സുധീരനെ മാത്രം പഴിചാരിയിട്ട് എന്തു കാര്യമെന്ന മറുചോദ്യമാണ് ഇവര്‍ ഉന്നയിച്ചത്. സോളാര്‍ കേസുകള്‍ തിരിച്ചടിയായെന്ന വിമര്‍ശനവും ചിലര്‍ ഉന്നയിച്ചു.
നേതൃമാറ്റമെന്ന ആവശ്യം സജീവമായി ഉയര്‍ത്തിക്കൊണ്ടുവരാനാണ് എ ഗ്രൂപ്പിന്റെ നീക്കം. പ്രതിപക്ഷ നേതൃസ്ഥാനം രമേശ് ചെന്നിത്തലയിലൂടെ ഐ ഗ്രൂപ്പിനായതിനാല്‍ കെപിസിസി അധ്യക്ഷപദവിയെന്ന എ ഗ്രൂപ്പിന്റെ ലക്ഷ്യത്തെ മുന്‍നിര്‍ത്തിയായിരുന്നു പൊതുവെയുള്ള വിമര്‍ശനങ്ങള്‍. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണങ്ങള്‍ ക്യാംപില്‍ അംഗങ്ങള്‍ വിശദീകരിച്ചു.
Next Story

RELATED STORIES

Share it