kozhikode local

സുഖോയ് വിമാനാപകടം : മലയാളി പൈലറ്റിന്റെ മൃതദേഹം കണ്ടെത്തിയതായി വ്യോമസേന



ഗുവാഹത്തി: പരിശീലനപ്പറക്കലിനിടെ ചൈനാ അതിര്‍ത്തിയില്‍ തകര്‍ന്നു വീണ് സുഖോയ് 30 വ്യോമസേനാ വിമാനത്തിലെ മലയാളി പൈലറ്റ്് കോഴിക്കോട് സ്വദേശി അച്ചുദേവ് (25), ചണ്ഡീഗഡ് സ്വദേശി ദിവേശ് പങ്കജ് (23) എന്നിവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതായി വ്യോമ സേന സ്ഥിരീകരിച്ചു. ഇരുവരുടെയും മൃതദേഹങ്ങള്‍ അരുണാചല്‍പ്രദേശിലെ അതിര്‍ത്തി പ്രദേശത്തുനിന്ന് കണ്ടെത്തിയതായാണ് വ്യോമസേന അറിയിച്ചത്. ശരീരാവശിഷ്ടങ്ങള്‍ പരിശോധനയ്ക്കായി പൂനെയിലേക്ക് അയക്കും. ചൊവ്വാഴ്ച വൈകീട്ടാണ് തിരച്ചിലിനിടെ പൈലറ്റുമാരുടെ ശരീരാവശിഷ്ടങ്ങള്‍, പഴ്‌സ് എന്നിവ കണ്ടെത്തിയത്. വിമാനത്തിന്റെ അവശിഷ്ടങ്ങളും ബ്ലാക്ക് ബോക്‌സും കഴിഞ്ഞദിവസം കണ്ടെത്തി. കോഴിക്കോട് പന്തീരാങ്കാവ് പന്നിയൂര്‍ക്കുളം സ്വദേശിയാണ് അച്ചുദേവ്. കഴിഞ്ഞമാസം 23നാണ് പരിശീലനപ്പറക്കലിനിടെ വിമാനം കാണാതായത്. അസമിലെ തേസ്പൂര്‍ സലോനി ബാരി വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്ന വിമാനം അരുണാചല്‍പ്രദേശിലെ ചൈനീസ് അതിര്‍ത്തിയില്‍ നിന്ന് 170 കി.മീ. അകലെ വച്ച് റഡാറില്‍ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു. അന്വേഷണത്തില്‍ വിമാനം ചൈനീസ് അതിര്‍ത്തിയോട് ചേര്‍ന്ന വനമേഖലയില്‍ തകര്‍ന്നുവീണതായി സ്ഥിരീകരിച്ചു. ഉപഗ്രഹസഹായത്തോടെ നടത്തിയ തിരച്ചിലില്‍ വിമാനാവശിഷ്ടങ്ങളും കണ്ടെത്തി. അപകടത്തെ തുടര്‍ന്ന് അച്ചുദേവിന്റെ മാതാപിതാക്കളായ വി പി സഹദേവന്‍, ജയശ്രീ എന്നിവര്‍ തേസ്പൂര്‍ വ്യോമസേനാ കേന്ദ്രത്തിലെത്തിയിരുന്നു. മകനെ കണ്ടെത്തുംവരെ തിരച്ചില്‍ തുടരണമെന്ന് അച്ചുദേവിന്റെ മാതാപിതാക്കള്‍ വ്യോമസേനാ അധികൃതരോട് ഇന്നലെ ആവശ്യപ്പെട്ടിരുന്നു. വിമാനം കത്തിയെരിഞ്ഞെന്നും പൈലറ്റുമാര്‍ രക്ഷപ്പെട്ടിട്ടില്ലെന്നുമാണ് വ്യോമസേനാ അധികൃതര്‍ മാതാപിതാക്കളെ അറിയിച്ചത്. അച്ചുദേവിനൊപ്പം ഉണ്ടായിരുന്ന പൈലറ്റിന്റെ രക്തംപുരണ്ട ഒരു ഷൂസും അച്ചുദേവിന്റെ പഴ്‌സും ലഭിച്ചിട്ടുണ്ടെന്നും സൈന്യം കുടുംബത്തെ അറിയിച്ചിരുന്നു. എന്നാല്‍, വിമാനത്തില്‍ നിന്ന് ഇന്‍ജക്ഷന്‍ നടത്തി പൈലറ്റുമാര്‍ രക്ഷപ്പെട്ടിട്ടുണ്ടാവുമെന്നും തിരച്ചില്‍ വസാനിപ്പിക്കരുതെന്നും കൂടുതല്‍ സൈന്യത്തെ വിന്യസിച്ച് വനത്തില്‍ തിരച്ചില്‍ നടത്തണമെന്നും ഐഎസ്ആര്‍ഒയിലെ മുന്‍ ശാസ്ത്രജ്ഞന്‍ കൂടിയായ അച്ചുദേവിന്റെ പിതാവ് സൈന്യത്തോട് അഭ്യര്‍ഥിക്കുകയായിരുന്നു. അച്ചുദേവിന്റെ മാതാപിതാക്കളോട് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം ടെലഫോണില്‍ സംസാരിക്കുകയും അവരുടെ കുടുംബത്തിന് സഹായം ചെയ്യാന്‍ മുഖ്യമന്ത്രി പ്രതിരോധ മന്ത്രാലയത്തോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
Next Story

RELATED STORIES

Share it