kasaragod local

സീസണ്‍ ടിക്കറ്റുകാര്‍ക്ക് ട്രെയിനില്‍ യാത്രാദുരിതം

കാസര്‍കോട്: ട്രെയിനിലെ സീസണ്‍ ടിക്കറ്റുകാര്‍ക്ക് റെയില്‍വേയുടെ നിബന്ധനകള്‍ തിരിച്ചടിയാവുന്ന. 180 കിലോമീറ്റര്‍ ദൂരത്തേക്ക് മാത്രമാണ് ഇപ്പോള്‍ സീസണ്‍ ടിക്കറ്റ് നല്‍കുന്നത്. 200 കിലോമീറ്റര്‍ പരിധിവച്ചാല്‍ മാത്രമേ കോഴിക്കോട് നിന്നും കാസര്‍കോട്ടേക്കുള്ള സീസണ്‍ ടിക്കറ്റ് യാത്രക്കാര്‍ക്ക് പ്രയോജനപെടുകയുള്ളുവെന്നാണ് യാത്രക്കാര്‍ പറയുന്നത്.
കാസര്‍കോട് സ്‌റ്റേഷനില്‍ നിന്നും വടകര സ്റ്റേഷന്‍ വരെ 150 കിലോമീറ്ററാണ് ഉള്ളത്. കോഴിക്കോട് നിന്നും കാസര്‍കോട്ടേക്ക് യാത്ര ചെയ്യേണ്ടവര്‍ രണ്ട് സീസണ്‍ ടിക്കറ്റ് എടുക്കേണ്ട സ്ഥിതിയാണ് ഉള്ളത്. രണ്ട് സീസണ്‍ ടിക്കറ്റ് എടുക്കുന്നത് നിയമ വിരുദ്ധമായതിനാല്‍ ഒരു സീസണ്‍ ടിക്കറ്റും ഒരു സാധാരണ ടിക്കറ്റും എടുക്കേണ്ട അവസ്ഥയാണുള്ളത്. കോഴിക്കോട് നിന്നും കുമ്പള, ഉപ്പള, മഞ്ചേശ്വരം തുടങ്ങിയ സ്‌റ്റേഷനുകളില്‍ ഇറങ്ങേണ്ട ജീവനക്കാര്‍ കൂടുതല്‍ പണം നല്‍കേണ്ട അവസ്ഥയാണ്.
സീസണ്‍ ടിക്കറ്റുകാര്‍ക്ക് ഐഡി കാര്‍ഡിന്റെ ഒറിജിനല്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഏറ്റവും കുടുതല്‍ സീസണ്‍ ടിക്കറ്റ് യാത്ര ചെയ്യുന്ന മാവേലി, മലബാര്‍ എന്നീ ട്രെയിനുകളില്‍ രണ്ട് ജനറല്‍ കംപാര്‍ട്ടുമെന്റുകള്‍ മാത്രമാണ് ഉള്ളത്. മറ്റു ട്രെയിനുകളായ സൂപ്പര്‍ എക്‌സ്പ്രസുകളില്‍ യാത്ര ചെയ്യുമ്പോള്‍ 15 രൂപയുടെ സ്‌പെഷ്യല്‍ ടിക്കറ്റ് എടുക്കണം.
ട്രെയിനുകളില്‍ സീസണ്‍ ടിക്കറ്റ് യാത്രക്കാര്‍ക്ക് സ്‌പെഷ്യല്‍ കോച്ചുകള്‍ അനുവദിക്കണമെന്ന് വര്‍ഷങ്ങളുടെ പഴക്കമുണ്ടെങ്കിലും അനുവദിക്കപ്പെട്ടിട്ടില്ല. കാസര്‍കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ജോലിചെയ്യുന്ന കോഴിക്കോട്, മലപ്പുറം ജില്ലകളിലുള്ള ജീവനക്കാര്‍ കൂടുതല്‍ സീസണ്‍ ടിക്കറ്റിനേയാണ് ആശ്രയിക്കുന്നത്. പുലര്‍ച്ചെക്കുള്ള ട്രെയിനില്‍ കാസര്‍കോട്ടേക്ക് വരികയും വൈകിട്ട് തിരിച്ചുപോവുകയുമാണ് ഇത്തരം ജീവനക്കാര്‍. എന്നാല്‍ പുതിയ നിബന്ധന വന്നതോടെ പലര്‍ക്കും സീസണ്‍ ടിക്കറ്റ് ദുരിതമായി മാറിയിട്ടുണ്ട്. ലോക്‌സഭയില്‍ അവതരിപ്പിക്കുന്ന റെയില്‍വേ ബജറ്റില്‍ 200 കിലോമീറ്റര്‍ പരിധിക്കുള്ളില്‍ സീസണ്‍ ടിക്കറ്റ് അനുവദിക്കാന്‍ കേരളത്തില്‍ നിന്നുള്ള എംപിമാരുടെ സമ്മര്‍ദ്ദം വേണമെന്നാണ് സീസണ്‍ ടിക്കറ്റ് യാത്രക്കാരുടെ ആവശ്യം.
Next Story

RELATED STORIES

Share it