സീറ്റിനു വേണ്ടി മാണി നിര്‍ബന്ധം പിടിച്ചു; വിട്ടുനല്‍കിയതില്‍ ദുഃഖമുണ്ട്: ഹസന്‍

തിരുവനന്തപുരം: രാജ്യസഭാ സീറ്റ് വേണമെന്ന ആവശ്യത്തില്‍ കേരളാ കോണ്‍ഗ്രസ് (എം) ഉറച്ചുനിന്നതിനെ തുടര്‍ന്നാണ് സീറ്റ് വിട്ടുകൊടുക്കേണ്ടി വന്നതെന്നു കെപിസിസി പ്രസിഡന്റ് എം എം ഹസന്‍. കേരളാ കോണ്‍ഗ്രസ്സിന് യുഡിഎഫ് വിടുമ്പോള്‍ ഉണ്ടായ സ്ഥാനങ്ങള്‍ മടങ്ങിവരുമ്പോഴും നല്‍കണമെന്നാണ് അവര്‍ പ്രധാനമായും ആവശ്യപ്പെട്ടത്.
ഒരു ലോക്സഭാ സീറ്റും ഒരു രാജ്യസഭാ സീറ്റും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച സീറ്റുകളുമാണ് ആവശ്യപ്പെട്ടത്. ലോക്സഭയില്‍ നിലവില്‍ ഒരംഗമുണ്ട്. രാജ്യസഭയില്‍ അവരുടെ പ്രതിനിധി ജോയി എബ്രഹാം റിട്ടയര്‍ ചെയ്യുന്ന സാഹചര്യത്തില്‍ ഇപ്പോള്‍ വരുന്ന ഒഴിവ് കേരളാ കോണ്‍ഗ്രസ്സിനു നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
അതിന്റെ എല്ലാ വശങ്ങളും താനും ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും ചേര്‍ന്നു ചര്‍ച്ച ചെയ്തു കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്കിനെ അറിയിക്കുകയായിരുന്നുവെന്നും ഹസന്‍ പറഞ്ഞു.
കേരളാ കോണ്‍ഗ്രസ്സിനെ മടക്കി കൊണ്ടുവരണമെന്നാണ് ഹൈക്കമാന്‍ഡും ആവശ്യപ്പെട്ടത്. രാജ്യസഭയിലേക്കുള്ള സീറ്റ് അടുത്ത ഒഴിവില്‍ നല്‍കാമെന്നുമുള്ള ഉപദേശമാണ് ഹൈക്കമാന്‍ഡില്‍ നിന്നു ലഭിച്ചത്. അന്ന് വീരേന്ദ്രകുമാര്‍ മുന്നണി വിട്ടുപോവാതിരിക്കാനാണ് സീറ്റ് നല്‍കിയതെങ്കില്‍ ഇന്ന് മുന്നണി വിപുലപ്പെടുത്താനാണ് ഇത്തരമൊരു തീരുമാനത്തിനു നിര്‍ബന്ധിതരായത്.
കേരളാ കോണ്‍ഗ്രസ്സിന് സീറ്റ് നല്‍കിയതിനെത്തുടര്‍ന്നുണ്ടായ പ്രതിഷേധത്തെ പ്രതിരോധിക്കാന്‍ ജനതാദളിന് രാജ്യസഭാ സീറ്റ് നല്‍കിയ സംഭവം ഓര്‍മിപ്പിച്ചുകൊണ്ട് ഹസന്‍ പറഞ്ഞു.
ഈ തീരുമാനത്തില്‍ വളരെ പ്രയാസവും ദുഃഖവും നേതൃത്വത്തിനുണ്ടായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ വലിയൊരു വീഴ്ച ഉണ്ടാവുന്നത് തടയാനാണ് ഈ വിട്ടുവീഴ്ചയ്ക്ക് പ്രേരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it