kozhikode local

സീറോവേസ്റ്റിലൂടെ നൂതന സംരംഭങ്ങളുമായി വടകര നഗരസഭ മാതൃകയാവുന്നു

വടകര: നഗരത്തെ മാലിന്യ മുക്തമാക്കുക എന്ന ലക്ഷ്യവുമായി നടപ്പിലാക്കി വരുന്ന സീറോ വേസ്റ്റ് പദ്ധതിയിലൂടെ തന്നെ നൂതന സംരംഭങ്ങളുമായി വടകര നഗരസഭ മറ്റു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് മാതൃകയാവുന്നു. കഴിഞ്ഞ ജനുവരി ഒന്ന് മുതല്‍ ആരംഭിച്ച പദ്ധതിക്ക് പുറമെ തന്നെ പ്ലാസ്റ്റിക് മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ പരിസ്ഥിതി സൗഹൃദ ഉല്‍പന്ന കേന്ദ്രം, പാഴ്‌വസ്തുക്കള്‍ തരംതിരിച്ച് പല ഉല്‍പന്നങ്ങളും റിപയര്‍ ചെയ്ത് പുനരുപയോഗത്തിനായി ഒരുക്കുന്നതിന് റിപയര്‍ ആന്റ് സ്വാപ്പ് ഷോപ്പ് എന്നിവ ആരംഭിച്ചിരിക്കുകയാണ്.
ജനകീയപങ്കാളിത്തത്തിന്റെ മാതൃകാപരമായ ചരിത്രം തീര്‍ത്തുകൊണ്ടാണ് നഗരമാലിന്യസംസ്‌കരണത്തിന് നഗരസഭ തുടക്കം കുറിച്ചത്. നഗരസഭ ആവിഷ്‌കരിച്ച ക്ലീന്‍സിറ്റി-ഗ്രീന്‍സിറ്റി സീറോവേസ്റ്റ് വടകര പദ്ധതി സംസ്ഥാനത്ത് ആദ്യമായാണ് കുടുംബശ്രി മാലിന്യ സംസ്‌കരണ സംരഭകഗ്രൂപ്പ് രൂപീകരിച്ച് നേരിട്ട് ഇത്തരമൊരു സംവിധാനത്തിന് രൂപം കൊടുത്തത്. വടകരയില്‍ 60 പേര്‍ക്ക് ഉപജീവനത്തിനായി ഒരുവഴി ഒരുക്കുന്നതോടൊപ്പം നഗരസഭയിലെ 47 വാര്‍ഡുകളിലേയും അജൈവമാലിന്യങ്ങള്‍ പൂര്‍ണ്ണമായി ശേഖരിച്ച് സംസ്‌കരണത്തിന് അയക്കാനും കഴിയുന്നുണ്ട്. കൂടാതെ ഉറവിട മാലിന്യ സംസ്‌കരിക്കുന്നതിനുള്ള സംവിധാനം വരും നാളുകളില്‍ ഒരുക്കും ഇതിന് വേണ്ട കമ്പോസ്റ്റ്പിറ്റ്, ബയോഗ്യാസ് പ്ലാന്റ്, കിച്ചണ്‍ബിന്‍, റിംഗ് കമ്പോസ്റ്റ് ബയോബിന്‍ തുടങ്ങിയവ അമ്പത് ശതമാനം സബ്‌സിഡി നിരക്കില്‍ സ്ഥാപിക്കുന്നതിനുള്ള സംവിധാനം ഘട്ടംഘട്ടമായി നടന്നുവരികയാണ്.
ഇതിനൊക്കെ പുറമെയാണ് മറ്റു സംരംഭങ്ങള്‍ക്കും തുടക്കം കുറിച്ചത്. ഹരിതകര്‍മ്മ സേനയുടെ നേതൃത്വത്തില്‍ തന്നെയാണ് പരിസ്ഥിതി സൗഹൃദ ഉല്‍പന്ന കേന്ദ്രം ആരംഭിച്ചത്. അജൈവ മാലിന്യ ശേഖരണത്തോടെ മാലിന്യങ്ങള്‍ കുറഞ്ഞു വരുന്ന സാഹചര്യത്തില്‍ സംരഭക ഗ്രൂപ്പിന്റെ സുസ്ഥിരമായ പ്രവര്‍ത്തനത്തിന്റെ ഭാഗമായും, പൊതുജനങ്ങള്‍ ഉപയോഗിക്കുന്ന സാമഗ്രികളിലും പ്ലാസ്റ്റിക് മുക്തമാക്കുക എന്ന ഉദ്ദേശത്തോടെയാണ് പദ്ധതി ആരംഭിച്ചത്. സംസ്ഥാനത്ത് തന്നെ ആദ്യത്തെ കേന്ദ്രമാണിത്. പരിസ്ഥിതി സൗഹൃദ ഉല്‍പനങ്ങളായ തുണിസഞ്ചി, വാനിറ്റി ബാഗ്, പൗച്ച് തുടങ്ങിയവയാണ് നിര്‍മ്മിച്ച് വിതരണം ചെയ്യുന്നത്. ഇതിനായി ഹരിത കര്‍മ സേനയിലെ അഞ്ച് അംഗങ്ങള്‍ക്ക് പ്രത്യേക പരിശീലനം നല്‍കി.
കൂടാതെ സീറോവേസ്റ്റ് പദ്ധതിയുടെ ഭാഗമായി ശേഖരിക്കുന്ന ഈ വേസ്റ്റ് തരംതിരിച്ച് പല ഉല്‍പ്പന്നങ്ങളും റിപ്പയര്‍ ചെയ്ത് പുനരുപയോഗത്തിനായി ഒരുക്കുന്നതിന് വേണ്ടി റിപ്പയര്‍ ആന്റ് സ്വാപ്പ് ഷോപ്പും ഒരുങ്ങിയിരിക്കുകയാണ്.
വീടുകളില്‍ നിന്ന് ശേഖരിക്കുന്ന ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങളില്‍  റിപയിറിങിന് ശേഷം വീണ്ടും ഉപയോഗിക്കാന്‍ പര്യാപ്തമായവയാണെന്ന് കണ്ടത്തിയതിന്റെ അടിസ്ഥാനത്തിലാണ് റിപയര്‍  ആരംഭിച്ചത്.
Next Story

RELATED STORIES

Share it