സി കെ ജാനു എന്‍ഡിഎ വിട്ടു

കോഴിക്കോട്: ആദിവാസിനേതാവ് സി കെ ജാനു നേതൃത്വം നല്‍കുന്ന ജനാധിപത്യ രാഷ്ട്രീയ സഭ എന്‍ഡിഎ വിട്ടു. പാര്‍ട്ടിയോടുള്ള അവഗണനയില്‍ പ്രതിഷേധിച്ചാണ് മുന്നണി വിടുന്നത്. കോഴിക്കോട്ട് നടന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് തീരുമാനം. തങ്ങള്‍ക്കു നല്‍കിയ പല വാഗ്ദാനങ്ങളും ലംഘിക്കപ്പെട്ടിരിക്കുകയാണ്. ഭാവിയില്‍ എന്‍ഡിഎ ഉള്‍പ്പെടെ ഏതു മുന്നണിയുമായും ചര്‍ച്ച നടത്താന്‍ തയ്യാറാണെന്നും സി കെ ജാനു കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഷെഡ്യൂള്‍ ഏരിയാ നിയമം പാസാക്കണമെന്ന തങ്ങളുടെ ആവശ്യം അംഗീകരിക്കപ്പെട്ടിട്ടില്ല. ബിജെപി അധ്യക്ഷന്‍ അമിത് ഷാ ഉള്‍പ്പെടെയുള്ളവരുമായി വിഷയം ചര്‍ച്ച ചെയ്‌തെങ്കിലും അനുകൂല തീരുമാനമുണ്ടായില്ലെന്നും അവര്‍ പറഞ്ഞു. ബോര്‍ഡ്, കോര്‍പറേഷന്‍ സ്ഥാനങ്ങളിലേക്ക് തങ്ങളെ പരിഗണിച്ചിട്ടില്ല. കുറച്ചുകാലങ്ങളായി എന്‍ഡിഎയുടെ യോഗങ്ങള്‍ പോലും കേരളത്തില്‍ നടക്കുന്നില്ല. അതുകൊണ്ട് എന്‍ഡിഎയില്‍ തുടരേണ്ടതില്ലെന്ന ചര്‍ച്ച മാസങ്ങളായി പാര്‍ട്ടിക്കുള്ളില്‍ നടന്നുവരുകയായിരുന്നു. എന്തെങ്കിലും മാറ്റമുണ്ടാവുമെന്ന പ്രതീക്ഷയിലാണ് ഇത്രയുംകാലം തുടര്‍ന്നത്. അതിനാല്‍ താല്‍ക്കാലികമായി മാറിനില്‍ക്കാനാണ് കമ്മിറ്റി തീരുമാനമെടുത്തിരിക്കുന്നത്.
അടുത്തദിവസം നടക്കുന്ന യോഗത്തില്‍ ഭാവികാര്യങ്ങള്‍ തീരുമാനിക്കും. ഏതു മുന്നണിയുമായും രാഷ്ട്രീയ ചര്‍ച്ചകള്‍ നടത്താന്‍ തയ്യാറാണ്. യുഡിഎഫുമായും എല്‍ഡിഎഫുമായും, ഇനി എന്‍ഡിഎ തന്നെ മുന്നോട്ടുവന്നാലും ചര്‍ച്ച നടത്തും. ശബരിമല സ്ത്രീപ്രവേശനം കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ ഇപ്പോള്‍ പ്രതികരിക്കാനില്ലെന്നും ജാനു പറഞ്ഞു. എന്‍ഡിഎയില്‍ നിന്നു വേണ്ടത്ര പരിഗണന ലഭിക്കാത്തതില്‍ സി കെ ജാനു നേരത്തേ തന്നെ അതൃപ്തി പ്രകടമാക്കിയിരുന്നു.



Next Story

RELATED STORIES

Share it