Flash News

സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടിട്ട് 26 വര്‍ഷം തികയുന്നു

കോട്ടയം: നിയമയുദ്ധം അനന്തമായി നീളുമ്പോള്‍ സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടിട്ട് ഈ മാസം 27ന് 26 വര്‍ഷം പൂര്‍ത്തിയാവുന്നു. 1992 മാര്‍ച്ച് 27നു കോട്ടയം പയസ് ടെന്‍ത് കോ ണ്‍വെന്റിലെ കിണറ്റിലാണ് ദുരൂഹ സാഹചര്യത്തില്‍ സിസ്റ്റ ര്‍ അഭയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ലോക്കല്‍ പോലിസ് 17 ദിവസവും ക്രൈംബ്രാഞ്ച് ഒമ്പതരമാസവും അന്വേഷണം നടത്തി അവസാനിപ്പിച്ച കേസ് ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ നേതൃത്വത്തില്‍ 1992 മെയ് 18ന് അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരനു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്യുകയായിരുന്നു. 1993 മാര്‍ച്ച് 29ന് കേസ് സിബിഐ ഏറ്റെടുത്തു. സിബിഐ ഡിവൈഎസ്പി വര്‍ഗീസ് പി തോമസിന്റെ നേതൃത്വത്തിലുള്ള സംഘം ആറുമാസത്തിനുള്ളില്‍ തന്നെ മരണം കൊലപാതകമാണെന്നു കണ്ടെത്തി.
എന്നാല്‍, അഭയയുടെ മരണം ആത്മഹത്യയാക്കാന്‍ സിബിഐ എസ്പി തന്നില്‍ സമ്മര്‍ദം ചെലുത്തുന്നുവെന്ന് വര്‍ഗീസ് പി തോമസ് വാര്‍ത്താസമ്മേളനം നടത്തി വെളിപ്പെടുത്തിയത് പുതിയ വിവാദത്തിന് തിരികൊളുത്തി. ഇക്കാരണത്താല്‍ 1993 ഡിസംബര്‍ 31ന് സിബിഐയില്‍നിന്ന് അദ്ദേഹം രാജിവച്ചതിനെ തുടര്‍ന്നാണ് അഭയ കേസ് ദേശീയശ്രദ്ധ പിടിച്ചുപറ്റിയത്. അന്വേഷണ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍ വിവാദമായതിനെ തുടര്‍ന്ന് എസ്പിയെ നീക്കുകയും സിബിഐ ഡിഐജി എം എല്‍ ശര്‍മയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ നിയമിക്കുകയും ചെയ്തു. സിസ്റ്റര്‍ അഭയയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധനാ റിപോര്‍ട്ടില്‍ കൃത്രിമം കാട്ടിയതിന് ചീഫ് കെമിക്കല്‍ എക്‌സാമിനര്‍ ആര്‍ ഗീത, അനലിസ്റ്റ് എം ചിത്ര എന്നിവരെ പ്രതിയാക്കി തിരുവനന്തപുരം സിജെഎം കോടതി 2011 മെയ് 31ന് കുറ്റപത്രം നല്‍കിയിരുന്നു. എന്നാല്‍, പിന്നീട് രണ്ടു പ്രതികളെയും വെറുതെവിട്ടതിനെതിരേ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരിക്കുകയാണ്.
പ്രതികളെ പിടിക്കാനാവുന്നില്ലെന്നു പറഞ്ഞ് അന്വേഷണം അവസാനിപ്പിച്ചുകൊണ്ട് സിബിഐ കഴിഞ്ഞ 26 വര്‍ഷത്തിനിടയില്‍ മൂന്നുതവണ കോടതിയില്‍ നല്‍കിയ റിപോര്‍ട്ട് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു. പിന്നീടാണ് 2008 നവംബര്‍ 18ന് ഫാ. തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി, ഫാ. പുതൃക്കയില്‍ എന്നിവരെ സിബിഐ അറസ്റ്റ് ചെയ്തത്.
2009 ജൂലൈ 17നാണ് മൂന്നു പ്രതികള്‍ക്കെതിരേ സിബിഐ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ഒന്നും മൂന്നും പ്രതികള്‍ക്ക് കൊലപാതകത്തില്‍ വ്യക്തമായ പങ്കുള്ളതായാണ് കോടതിയുടെ കണ്ടെത്തല്‍. രണ്ടാംപ്രതി ഫാ. ജോസ് പുതൃക്കയിലിനെതിരേ ആറാംസാക്ഷി ദാസിന്റെ മൊഴി രേഖപ്പെടുത്തുന്നതില്‍ സിബിഐക്കുണ്ടായ വീഴ്ചയാണ് അദ്ദേഹത്തെ വെറുതെവിടാനിടയാക്കിയത്. തെളിവു നശിപ്പിക്കുന്നതിന് ഗൂഢാലോചന നടത്തിയെന്ന കുറ്റത്തിന് ക്രൈംബ്രാഞ്ച് എസ്പിയായിരുന്ന കെ ടി മൈക്കിളിനെ സിബിഐ കോടതി നാലാംപ്രതിയാക്കിയത് കേസില്‍ പുതിയ വഴിത്തിരിവായി.
വിചാരണ നടത്താതെ വെറുതെവിടണമെന്നാവശ്യപ്പെട്ടുകൊണ്ട് ഫാ. കോട്ടൂരും സിസ്റ്റര്‍ സെഫിയും നല്‍കിയ വിടുതല്‍ ഹരജി തള്ളിയാണ് ഒന്നും മൂന്നും പ്രതികളോട് ഈ മാസം 28നു സിബിഐ കോടതിയില്‍ ഹാജരാവാന്‍ ഉത്തരവിട്ടത്.
Next Story

RELATED STORIES

Share it