സിറോ മലബാര്‍ സഭാ ഭൂമി ഇടപാട്: ഹരജികള്‍ നാളെ പരിഗണിക്കും

ന്യൂഡല്‍ഹി: സിറോ മലബാര്‍ സഭയുടെ അങ്കമാലി-എറണാകുളം അതിരൂപതയ്ക്കു കീഴിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് സുപ്രിംകോടതിയിലുള്ള ഹരജി നാളെ പരിഗണിക്കും. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരായ കേസിലെ നടപടിക്ക് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഏര്‍പ്പെടുത്തിയ സ്‌റ്റേ നീക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാന പരാതിക്കാരനായ ഷൈന്‍ വര്‍ഗീസ് നല്‍കിയ ഹരജിയാണ് സുപ്രിംകോടതി ബുധനാഴ്ച പരിഗണിക്കുക. ജസ്റ്റിസ് എ കെ ഗോയല്‍ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക.
ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിനെതിരേ മാര്‍ട്ടിന്‍ പയ്യമ്പള്ളി നല്‍കിയ ഹരജിയും കോടതി അന്നു പരിഗണിക്കും. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് പോലിസിനു നല്‍കിയ പരാതിയിലെ മഷി ഉണങ്ങും മുമ്പാണ് നടപടിയില്ലെന്നു കാണിച്ച് ഷൈന്‍ വര്‍ഗീസ് ഹൈക്കോടതിയെ സമീപിച്ചതെന്ന് നടപടികള്‍ സ്‌റ്റേ ചെയ്യവേ ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചിരുന്നു. ഈ പരാമര്‍ശത്തോടെയാണ് കര്‍ദിനാളിനെതിരേയുള്ള കേസിലെ നടപടികള്‍ ഡിവിഷന്‍ ബെഞ്ച് സ്‌റ്റേ ചെയ്തത്.
എന്നാല്‍, ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് കര്‍ദിനാളിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്യരുതെന്ന് ഉന്നത ഉദേ്യാഗസ്ഥര്‍ നിര്‍ദേശിച്ചിട്ടുണ്ടെന്ന് എറണാകുളം സെന്‍ട്രല്‍ പോലിസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥര്‍ തന്നോട് വാക്കാല്‍ പറഞ്ഞെന്നും ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിച്ചതെന്നും ഷൈന്‍ ഹരജിയില്‍ ആരോപിക്കുന്നു.
ഫെബ്രുവരി 15നാണ് പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. പരാതി കൈപ്പറ്റി രസീത് നല്‍കാന്‍ എസ്എച്ച്ഒ തയ്യാറായില്ല. തുടര്‍ന്നാണ് താന്‍ ഹൈക്കോടതിയെ സമീപിച്ചത്.
ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് സഭ തന്നെ നടത്തിയ ആഭ്യന്തര അന്വേഷണ റിപോര്‍ട്ട് പുറത്തുവന്ന് ഒരു മാസം കഴിഞ്ഞിട്ടും നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് കോടതിയെ സമീപിച്ചതെന്നും ഷൈന്‍ വര്‍ഗീസ് ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
Next Story

RELATED STORIES

Share it