സിറിയ: യുഎന്‍ സഹായ വിതരണം തുടങ്ങി

ദമസ്‌കസ്: ഭരണകൂട ഉപരോധത്താല്‍ പട്ടിണിമരണത്തിലേക്ക് എടുത്തെറിയപ്പെട്ട ഏതാനും സിറിയന്‍ ഗ്രാമങ്ങളിലേക്ക് യുഎന്‍ നേതൃത്വത്തില്‍ സഹായം എത്തിച്ചു. അഞ്ചു ടണ്‍ അവശ്യവസ്തുക്കളാണ് ഇവിടങ്ങളില്‍ വിതരണം ചെയ്തതെന്നു സിറിയയിലെ യുഎന്‍ റസിഡന്റ് ആന്റ് ഹ്യൂമാനിറ്റേറിയന്‍ കോ-ഓഡിനേറ്റര്‍ യാഖൂബ് എല്‍ ഹില്ലോ അറിയിച്ചു. ഒരു ലക്ഷത്തോളം പേര്‍ക്കുള്ള ഭക്ഷണം, മരുന്ന്, കുടിവെള്ളം, മറ്റു അവശ്യവസ്തുക്കള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും. വിവിധയിടങ്ങളില്‍ കുടുങ്ങിയ സാധാരണക്കാരുടെ ജീവന്‍ നിലനിര്‍ത്താന്‍ ആവശ്യമായ വസ്തുക്കളും വഹിച്ചുള്ള 100ഓളം ട്രക്കുകള്‍ തലസ്ഥാനമായ ദമസ്‌കസില്‍നിന്നു ബുധനാഴ്ച പുറപ്പെട്ടിട്ടുണ്ട്. സിറിയന്‍ റെഡ്‌ക്രോസിന്റെ ആഭിമുഖ്യത്തിലാണ് ഇവ വിതരണം ചെയ്യുന്നത്. സിറിയന്‍ സൈന്യം ഉപരോധിച്ച വിമത നിയന്ത്രണത്തിലുള്ള മൗദിമായിത് അല്‍ഷാം, അല്‍ ഫുആ, കഫ്‌റയാ, മദായ, സബദാനി തുടങ്ങിയ പ്രദേശങ്ങളിലാണ് സഹായങ്ങള്‍ എത്തിച്ചതെന്നു സര്‍ക്കാരിതര സന്നദ്ധ സംഘടനകള്‍ വ്യക്തമാക്കി. ഡിസംബര്‍ മുതല്‍ പട്ടിണി മൂലം 35 പേര്‍ മരിച്ചതായി ഡോക്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it