സിയാല്‍ ധാരണാപത്രം ഒപ്പിട്ടു

നെടുമ്പാശ്ശേരി: പശ്ചിമാഫ്രിക്കന്‍ രാജ്യമായ ഘാനയിലെ മൂന്നു വിമാനത്താവളങ്ങളില്‍ സൗരോര്‍ജ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനുള്ള പദ്ധതിക്കായി ഘാന എയര്‍പോര്‍ട്ട് അതോറിറ്റിയുടെ കണ്‍സള്‍ട്ടന്റും കൊച്ചി ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡും (സിയാല്‍) തമ്മില്‍ ധാരണാപത്രം ഒപ്പുവച്ചു. കൊച്ചി വിമാനത്താവളം പോലെ സമ്പൂര്‍ണ സൗരോര്‍ജത്താല്‍ പ്രവര്‍ത്തിക്കുന്ന വിമാനത്താവളങ്ങള്‍ ഘാനയില്‍ വികസിപ്പിക്കുകയാണ് ലക്ഷ്യം.  സിയാലിന്റെ സാങ്കേതിക സഹകരണം ആവശ്യപ്പെട്ടുകൊണ്ട് ഘാനയുടെ ഇന്ത്യന്‍ ഹൈകമ്മീഷണര്‍ മൈക്കല്‍ ആരണ്‍ നോര്‍ട്ടന്‍ ഒഖാന ജൂനിയര്‍ സിയാലിലെത്തി മാനേജിങ് ഡയറക്ടര്‍ വി ജെ കുര്യനുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതനുസരിച്ച്, ഘാനയുടെ തലസ്ഥാനമായ അക്രയിലെ കൊട്ടോക ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട്, കുമാസി ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട്, നവ്രോംഗോ ഡൊമസ്റ്റിക് എയര്‍പോര്‍ട്ട് എന്നിവിടങ്ങളില്‍ സൗരോര്‍ജ പാനലുകള്‍ സ്ഥാപിക്കാന്‍ സിയാല്‍ സാങ്കേതിക സഹകരണം നല്‍കും. കൊട്ടോക വിമാനത്താവളത്തിലെ സൗരോര്‍ജ പദ്ധതി ഉടനെ തുടങ്ങും. ആറ് മെഗാവാട്ട് സ്ഥാപിതശേഷിയുള്ള പ്ലാന്റുകളാണ് ഇവിടെ സ്ഥാപിക്കുക. ഇതില്‍ ഒന്നര മെഗാവാട്ടോളം കാര്‍പോര്‍ട്ടിന്റെ മുകളിലുള്ള പാനലുകളില്‍ നിന്ന് ലഭിക്കത്തക്കവിധമാണ് പദ്ധതി ആസൂത്രണം ചെയ്തിട്ടുള്ളത്. 2015 ആഗസ്ത് 18 മുതല്‍ സമ്പൂര്‍ണമായും സൗരോര്‍ജത്തിലാണ് കൊച്ചി വിമാനത്താവളം പ്രവര്‍ത്തിക്കുന്നത്. പരിസ്ഥിതിസൗഹൃദവും പാരമ്പര്യേതരവുമായ ഊര്‍ജോല്‍പാദന രീതികള്‍ക്ക് ലോകമാകെ പ്രചാരം സിദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ രംഗത്ത് കണ്‍സള്‍ട്ടന്‍സി സേവനത്തിലേക്ക് സിയാല്‍ കാലുവയ്ക്കുന്നതെന്ന് വി ജെ കുര്യന്‍ പറഞ്ഞു. ലോകത്തെ ആദ്യത്തെ സമ്പൂര്‍ണ സൗരോര്‍ജ വിമാനത്താവളമായതോടെ ലൈബീരിയ പോലുള്ള രാജ്യങ്ങളുടെ പ്രതിനിധികള്‍ സിയാല്‍ സന്ദര്‍ശിച്ചു. ഈ പശ്ചാത്തലത്തിലാണ് സിയാല്‍ ആര്‍ജിച്ച സാങ്കേതിക വൈദഗ്ധ്യം മറ്റുള്ളവര്‍ക്കും പ്രയോജനപ്പെടുന്ന തരത്തില്‍ കണ്‍സള്‍ട്ടന്‍സി സേവനം ആരംഭിക്കാന്‍ സിയാല്‍ തീരുമാനിച്ചതെന്നും കുര്യന്‍ പറഞ്ഞു. മേല്‍ക്കൂരയില്‍ സൗരോര്‍ജ പാനലുകള്‍ സ്ഥാപിച്ചിട്ടുള്ള കാര്‍പോര്‍ട്ട് ഉള്‍പ്പെടെ എട്ട് പ്ലാന്റുകളാണ് സിയാലില്‍ ഇപ്പോഴുള്ളത്. 30 മെഗാവാട്ടാണ് മൊത്തം സ്ഥാപിതശേഷി. മെയ് മാസത്തോടെ ഇത് 40 മെഗാവാട്ടായി ഉയരും. രാജ്യാന്തര ടെര്‍മിനലിനു മുന്നിലുള്ള കാര്‍പോര്‍ട്ടിന്റെ സ്ഥാപിതശേഷി 2.7 മെഗാവാട്ടാണ്. ഇതേ മാതൃകയില്‍ ആഭ്യന്തര ടെര്‍മിനലിനു മുന്നിലും 2.4 മെഗാവാട്ട് സ്ഥാപിതശേഷിയുള്ള കാര്‍പോര്‍ട്ട് നിര്‍മിച്ചുവരുന്നു. ഇത് പൂര്‍ത്തിയാകുമ്പോള്‍ ലോകത്തെ വിമാനത്താവളങ്ങളിലെ ഏറ്റവും വലിയ കാര്‍പോര്‍ട്ട് സിയാലിലേതാകും.
Next Story

RELATED STORIES

Share it