Flash News

സിബിഐ തലപ്പത്തെ മോദിയുടെ സ്വന്തക്കാരന്റെ ഭാവി തുലാസില്‍



ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രിയങ്കരനായ രാകേഷ് അസ്താനയെ സിബിഐ സ്‌പെഷ്യല്‍ ഡയറക്ടറായി നിയമിക്കുന്നതിനെതിരായ ഹരജി സുപ്രിംകോടതി ഇന്നു പരിഗണിക്കും. സിബിഐ അന്വേഷണം നടത്തുന്ന അഴിമതിക്കേസില്‍ ആരോപണവിധേയനായി എന്ന കാരണത്താല്‍ ഇന്ത്യയിലെ സുപ്രധാന കുറ്റാന്വേഷണ ഏജന്‍സിയുടെ ഉന്നത നിയമനം കോടതിയില്‍ ചോദ്യംചെയ്യപ്പെടുന്നത് ഇതാദ്യമാണ്. 1984 ബാച്ചില്‍ ഗുജറാത്ത് കാഡര്‍ ഐപിഎസ് ഓഫിസറാണ് അസ്താന. ഒക്ടോബര്‍ 22നാണ് ഇദ്ദേഹത്തെ സിബിഐ സ്‌പെഷ്യല്‍ ഡയറക്ടറായി നിയമിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ് എന്നിവരുള്‍പ്പെട്ട കാബിനറ്റ് അപ്പോയിന്‍മെന്റ് കമ്മിറ്റിയുടെ തീരുമാനം ചോദ്യംചെയ്ത് കോമണ്‍കോസ് എന്ന സര്‍ക്കാരേതര സംഘടനയാണ് പൊതുതാല്‍പര്യ ഹരജി നല്‍കിയത്. വഡോദര പോലിസ് ഇന്‍സ്‌പെക്ടര്‍ ജനറല്‍, അഹ്മദാബാദ് സിറ്റി ജോയിന്റ് പോലിസ് കമ്മീഷണര്‍, സൂറത്ത്, വഡോദര പോലിസ് കമ്മീഷണര്‍ തുടങ്ങിയ പദവികള്‍ അസ്താന വഹിച്ചിരുന്നു. 2002ലെ ഗോധ്ര ട്രെയിന്‍ കത്തിക്കല്‍ കേസില്‍ ഗുജറാത്ത് സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേകാന്വേഷണ സംഘാംഗമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ബിജെപി പ്രസിഡന്റ് അമിത് ഷായുടെയും അടുത്ത ആളായാണ് അസ്താന പരിഗണിക്കപ്പെടുന്നത്. 2016 ഏപ്രിലില്‍ അസ്താനയെ അഡീഷനല്‍ ഡയറക്ടറായി സിബിഐയില്‍ നിയമിച്ചിരുന്നു. 2016 ഡിസംബര്‍ 3നും ഈ വര്‍ഷം ജനുവരി 18നും ഇടയില്‍ കുറഞ്ഞ സമയത്തേക്ക് സിബിഐ ആക്റ്റിങ് ഡയറക്ടറായി അദ്ദേഹം നിയമിതനായി. അനില്‍ സിന്‍ഹ സിബിഐ ഡയറക്ടര്‍സ്ഥാനത്തുനിന്ന് വിരമിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്. ഇതാദ്യമായാണ് സിബിഐക്ക് ഒരു മാസത്തേക്ക് മുഴുസമയ ഡയറക്ടര്‍ ഇല്ലാതിരിക്കുന്നത്. അലോക് വര്‍മ ഡയറക്ടര്‍സ്ഥാനത്തേക്കു വരുന്നതുവരെ അസ്താന താല്‍ക്കാലികമായി ഈ സ്ഥാനം വഹിച്ചു. സിന്‍ഹ സിബിഐ ഡയറക്ടറായി കാലാവധി തികയ്ക്കുന്നതിന് രണ്ടു ദിവസം മുമ്പ് 2016 നവംബര്‍ 30ന് സീനിയോറിറ്റിയില്‍ രണ്ടാംസ്ഥാനത്തുള്ള ആര്‍ കെ ദത്തയെ ആഭ്യന്തരമന്ത്രാലയത്തില്‍ സ്‌പെഷ്യല്‍ സെക്രട്ടറി(ആഭ്യന്തര സുരക്ഷ)യായി സ്ഥലം മാറ്റി. നേരത്തേ ജോയിന്റ് സെക്രട്ടറി സ്ഥാനമുണ്ടായിരുന്ന ഈ പദവി സ്‌പെഷ്യല്‍ സെക്രട്ടറി പദവിയായി ഉയര്‍ത്തിയാണ് ദത്തയെ നിയമിച്ചത്. അസ്താനയ്ക്ക് സിബിഐ നേതൃത്വത്തിലേക്ക് വഴിയൊരുക്കുന്നതിനു വേണ്ടിയായിരുന്നു ഈ നീക്കം. അസ്താനയുടെ നിയമനത്തിനെതിരായി നല്‍കിയ ഹരജിയില്‍ നിരവധി മാധ്യമ റിപോര്‍ട്ടുകളും രേഖകളും തെളിവായി സമര്‍പ്പിച്ചിട്ടുണ്ട്. അസ്താനയ്ക്ക് സ്ഥാനക്കയറ്റം നല്‍കുന്നതിനെതിരേ സിബിഐ ഡയറക്ടര്‍ അലോക് വര്‍മ രേഖാമൂലം നല്‍കിയ കത്താണ് ഇതിലൊന്ന്. നവംബര്‍ 7ന് സ്വരാജ് അഭിയാന്‍ നേതാക്കളായ പ്രശാന്ത് ഭൂഷണ്‍, യോഗേന്ദ്ര യാദവ് എന്നിവര്‍ അസ്താന 3.5 കോടി കൈക്കൂലി വാങ്ങിയതായി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചിരുന്നു. 2017 ആഗസ്ത് 30ന് സിബിഐ ഫയല്‍ ചെയ്ത എഫ്‌ഐആര്‍ കോപ്പിയും കോടതിയില്‍ സമര്‍പ്പിച്ചു. സ്റ്റെര്‍ലിങ് ബയോടെക് എന്ന കമ്പനിയുമായി ബന്ധപ്പെട്ട ഊട്ടി, വഡോദര, മുംബൈ എന്നിവിടങ്ങളിലെ ഓഫിസുകളിലും മറ്റു കേന്ദ്രങ്ങളിലും 2011 ജൂണില്‍ നടത്തിയ റെയ്ഡുമായി ബന്ധപ്പെട്ടായിരുന്നു എഫ്‌ഐആര്‍. സന്ദേസാരിയ എന്ന ഗ്രൂപ്പിന്റെ ഭാഗമാണ് സ്റ്റെര്‍ലിങ് ബയോടെക്. അന്ന് സൂറത്ത് പോലിസ് കമ്മീഷണറായിരുന്ന അസ്താനയും മൂന്ന് ഇന്‍കംടാക്‌സ് ഉദ്യോഗസ്ഥരും സന്ദേസാരിയ ഗ്രൂപ്പില്‍ നിന്ന് കൈക്കൂലി വാങ്ങിയതായി എഫ്‌ഐആറില്‍ പറയുന്നു. എന്നാല്‍, ഈ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തില്ല. ജസ്റ്റിസ് ജെ ചെലമേശ്വര്‍, ജസ്റ്റിസ് എസ് അബ്ദുല്‍ നസീര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ച് ഈ മാസം 9നു ഹരജി പരിഗണിച്ചെങ്കിലും ഇന്നത്തേക്കു മാറ്റുകയായിരുന്നു. നിയമന ഉത്തരവ് ഇന്നു കോടതി റദ്ദാക്കുകയാണെങ്കില്‍ സ്വന്തക്കാരനെ വളഞ്ഞ വഴിയിലൂടെ ഉന്നതസ്ഥാനത്ത് അവരോധിക്കാന്‍ ശ്രമിച്ച മോദിക്ക് അതു വലിയ തിരിച്ചടിയാവും.
Next Story

RELATED STORIES

Share it