Flash News

സിബിഐ കൂട്ടിലെ തത്തയായി മാറിയെന്ന് സര്‍ക്കാര്‍



കൊച്ചി: കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ താല്‍പര്യത്തിനൊപ്പം സംസ്ഥാന സര്‍ക്കാറിനെയും അന്വേഷണ ഏജന്‍സിയേയും അവഹേളിക്കാന്‍ നില്‍ക്കുന്ന കൂട്ടിലെ തത്തയായി സിബിഐ മാറിയതായി സംശയിക്കുന്നുവെന്ന് ഹൈക്കോടതിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ സത്യവാങ്മൂലം. ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട ഏഴ് കേസുകള്‍ സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയി—ലാണ് ആഭ്യന്തരവകുപ്പിന്റെ സത്യവാങ്മൂലം. സമാധാനവും മതേതരത്വവും നിലനില്‍ക്കുന്ന സംസ്ഥാനത്തെ അവഹേളിക്കാനും സര്‍ക്കാരിനെ തകര്‍ക്കാനുമുള്ള സിബിഐ -കേന്ദ്രസര്‍ക്കാര്‍ ഗൂഢാലോചനയുടെ ഭാഗമാണ് ഹരജിയെന്നും ആഭ്യന്തര അണ്ടര്‍ സെക്രട്ടറി എം പി പ്രിയമോള്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. ഹരജി ആദ്യ പരിഗണനയ്ക്കു വന്നപ്പോള്‍തന്നെ അന്വേഷണത്തിന് സിബിഐ സമ്മതമറിയിച്ചു. സിബിഐ അന്വേഷണം ആവശ്യപ്പെടുന്ന കേസുകളില്‍പോലും ഉദ്യോഗസ്ഥരുടെ അപര്യാപ്തതയും കേസുകളുടെ ബാഹുല്യവും ചൂണ്ടിക്കാട്ടി ഏറ്റെടുക്കാന്‍ വിസമ്മതിക്കുന്ന സിബിഐയാണ് ഈ നിലപാടെടുത്തത്. സംസ്ഥാനത്തെ കേസന്വേഷണ സംവിധാനത്തില്‍ ഒരു നിയന്ത്രണവുമില്ലാത്ത കേന്ദ്രസര്‍ക്കാര്‍ കോടതി ഉത്തരവ് എന്താണെങ്കിലും നടപ്പാക്കാമെന്നാണ് സമ്മതമറിയിച്ചിട്ടുള്ളത്. കേന്ദ്രം ഭരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ നിര്‍ദേശപ്രകാരമാണ് ഹരജിക്കാര്‍ ആവശ്യപ്പെടുന്ന ഏഴ് കേസുകള്‍ അന്വേഷിക്കാന്‍ സിബിഐ തയ്യാറായതെന്നാണ് ഇക്കാര്യങ്ങളെല്ലാം സൂചിപ്പിക്കുന്നത്.സിബിഐയും പോലിസും അന്വേഷിച്ച കേസുകള്‍ പരിശോധിച്ചാല്‍ സംസ്ഥാന പോലിസ് അന്വേഷിച്ച കേസുകളിലാണ് കൂടുതല്‍ പ്രതികളും ശിക്ഷിക്കപ്പെട്ടതെന്ന്  വ്യക്തമാണ്. രാഷ്ട്രീയ ലക്ഷ്യത്തോടെ സമര്‍പ്പിക്കപ്പെട്ട ഹരജി പരിഗണിച്ച് അന്വേഷണം കേന്ദ്ര ഏജന്‍സിക്ക് വിടരുതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. സ്വകാര്യ താല്‍പര്യങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ പൊതു താല്‍പര്യമെന്ന നിലയിലാണ് ഹരജി നല്‍കിയിരിക്കുന്നത്. ബിജെപി-ആര്‍എസ്എസ് ഉന്നത നേതാക്കള്‍ സ്ഥാപിച്ചതാണ് ഹരജിക്കാരായ സൊസൈറ്റി. അതിനാല്‍, ഹരജിക്ക് പിന്നില്‍ നിക്ഷിപ്ത താല്‍പര്യങ്ങളു—ണ്ടെന്ന് വ്യക്തം.അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ച കേസുകളില്‍ ഉന്നത കോടതികള്‍ ഇടപെട്ട് പുനരന്വേഷണത്തിന് ഉത്തരവിടാറില്ല. ഇത്തരം ആവശ്യങ്ങള്‍ കുറ്റപത്രം പരിശോധിക്കുന്ന ബന്ധപ്പെട്ട കോടതികള്‍ക്ക് വിടുകയാണ് പതിവ്. അന്തിമ റിപോര്‍ട്ട് കീഴ്‌കോടതികളുടെ പരിഗണനയിലാണുള്ളത്. സ്വതന്ത്രവും നീതിപൂര്‍വവുമായ അന്വേഷണമാണ് നടന്നിട്ടുള്ളതെന്ന് റിപോര്‍ട്ടുകള്‍ പരിശോധിച്ചാല്‍ വ്യക്തമാവും. അന്തിമ റിപോര്‍ട്ടില്‍ അപാകതയുള്ളതായി പരാതിയുമില്ല. ഈ സാഹചര്യത്തില്‍ സിബിഐ അന്വേഷണമെന്ന ആവശ്യത്തില്‍ ഹൈക്കോടതി ഇടപെടല്‍ ആവശ്യമില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. സിബിഐക്ക് കൈമാറണമെന്ന് ആവശ്യപ്പെടുന്ന ഏഴ് കേസുകളില്‍ അഞ്ചിലും അന്വേഷണം പൂര്‍ത്തിയാക്കി കോടതികളില്‍ അന്തിമ റിപോര്‍ട്ട് നല്‍കിക്കഴിഞ്ഞു. രണ്ട് കേസുകളില്‍ അന്വേഷണം നടന്നുവരുകയാണെന്നും സത്യാവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. ഹരജി പരിഗണിച്ച കോടതി തുടര്‍ന്ന് കേസ് അടുത്ത മാസം 13ന് വാദം കേള്‍ക്കാന്‍ മാറ്റി.
Next Story

RELATED STORIES

Share it